| Saturday, 13th August 2022, 5:39 pm

മെസി പോയല്ലോ, ഇനിയിപ്പം എളുപ്പമാകും; ബാലണ്‍ ഡി ഓര്‍ ഉടനെ സ്വന്തമാക്കുമെന്ന് സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബാലണ്‍ ഡി ഓര്‍ ഏറ്റവും പുതിയ നോമിനേഷന്‍ ലിസ്റ്റില്‍ നിന്നും സൂപ്പര്‍താരമായ ലയണല്‍ മെസി പുറത്തായിരുന്നു. 2005ന് ശേഷം ആദ്യമായാണ് മെസി ഇല്ലാത്ത ഒരു ബാലണ്‍ ഡി ഓര്‍ നോമിനേഷന്‍ ലിസ്റ്റ് പുറത്തിറങ്ങുന്നത്.

ഇത്തവണയും ലിസ്റ്റില്‍ പി.എസ്.ജി സൂപ്പര്‍താരമായ കിലിയന്‍ എംബാപെയുണ്ട്. പി.എസ്.ജിക്കായി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. മെസിയും നെയ്മറും മോശം ഫോമിലായിരുന്ന സീസണില്‍ എംബാപെ പൂര്‍ണമായും പി.എസ്.ജി മുന്നേറ്റ നിരയില്‍ അഴിഞ്ഞാടുകയായിരുന്നു.

23 വയസിനിടെ നിലവിലെ ഏറ്റവും വില കൂടിയ താരമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇത്തവണ ബാലണ്‍ ഡി ഓര്‍ കിട്ടാന്‍ ഏറ്റവും സാധ്യതയുള്ള താരങ്ങളിലൊരാളുമാണ് എംബാപെ. ലോക ഫുട്‌ബോളില്‍ തന്റെ സ്ഥാനം ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ ബാലണ്‍ ഡി ഓര്‍ ലക്ഷ്യം വെക്കുകയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.

ആദ്യമായി നേടുന്നത് ഒരുപാട് ബുദ്ധിമുട്ടാണെന്നും എന്നാല്‍ എല്ലാവരെയും പോലെ അത് നേടാന്‍ ആഗ്രഹിക്കുന്നു എംബാപെ പറയുന്നു.

‘ എനിക്ക് ഉടനെ തന്നെ ബാലണ്‍ ഡി ഓര്‍ നേടണം. എല്ലാവരെയും പോലെ എനിക്കും അത് നേടണമെന്നാണ് ആഗ്രഹം. എന്നാല്‍ അത് എല്ലാവരും അംഗീകരിക്കില്ല. ആദ്യമായി ബാലണ്‍ ഡി ഓര്‍ നേടാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു,’ എംബാപെ പറഞ്ഞു.

അവസാന നാല് സീസണിലും ആദ്യ പത്തില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നിലവില്‍ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള ആളാണെന്ന് എംബാപെ സ്വയം വിശ്വസിക്കുന്നു.

18-21 വരെയുള്ള പ്രായത്തില്‍ എന്നെ ആദ്യ 10ല്‍ സ്ഥിരത കൈവരിക്കാന്‍ അനുവദിച്ചുവെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ വേണ്ടത്ര സ്വാധീനമുള്ള കളിക്കാരനായിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി, ഞാന്‍ ഒരു പുതിയ ലെവലില്‍ എത്തിയെന്ന് കരുതുന്നു, പിച്ചില്‍ എനിക്ക് കൂടുതല്‍ സ്ഥിരത കാണിക്കാന്‍ സാധിക്കുന്നുണ്ട്, നിര്‍ണായക മത്സരങ്ങളില്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ബാലണ്‍ ഡി ഓറില്‍ മത്സരിക്കാന്‍ ഞാന്‍ ശരിക്കും അര്‍ഹനാണ്,’ എംബാപെ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ എല്ലാ ലീഗിലുമായി 46 മത്സരത്തില്‍ 39 ഗോളും 26 അസിസ്റ്റും എംബാപെ സ്വന്തമാക്കിയിരുന്നു. പി.എസ്.ജിയെ ലീഗ് വണ്‍ സ്വന്തമാക്കാന്‍ എംബാപെയുടെ മുന്നേറ്റം ഒരുപാട് സഹായിച്ചിരുന്നു.

Content Highlights: Kilian Mbape says He will win Ballon D OR soon

We use cookies to give you the best possible experience. Learn more