| Thursday, 19th November 2020, 3:55 pm

'അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത്'; വീണ്ടും വാര്‍ത്താ സമ്മേളനം നടത്തി ധനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുന്നത് എ.ജിയുടെ ഓഫീസില്‍ നിന്നെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാരിനെതിരായ ഒളിയുദ്ധം നടത്തുന്ന ഓഫീസായി എ.ജി. ഓഫീസ് മാറുകയാണെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

”സി.എ.ജി നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ഗവര്‍ണര്‍ വഴി നിയമസഭയില്‍ സമര്‍പ്പിച്ചതിന് ശേഷമേ സി.എ.ജി ഇത് പുറത്തുവിടാന്‍ പാടുള്ളുവെന്ന് നിയമമുണ്ട്. എന്നാല്‍ സര്‍ക്കാരിലാരും ഇത് നോക്കാന്‍ പാടില്ല എന്നൊന്നുമില്ല. അത്തരത്തില്‍ തെറ്റിധാരണയുണ്ടാക്കുന്ന വിധത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

ധനവകുപ്പ് സെക്രട്ടറി ഇത് കരടാണോ അന്തിമമാണോ എന്ന് ആരോടും പറഞ്ഞിട്ടില്ല. ഇതിനെല്ലാമുള്ള അവകാശമുണ്ട്. അല്ലാതെ സര്‍ക്കാരിലെ ആരും ഇത് നോക്കാന്‍ പാടില്ലെന്നൊന്നുമില്ല”, തോമസ് ഐസക് പറഞ്ഞു.

വളരെ അസാധാരണമായ സാഹചര്യമാണ് സി.എ.ജി.യുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതത്വമുണ്ടാക്കിയിരിക്കുകയാണ്. ഇതൊരു അസാധാരണ സാഹചര്യമാണ്.

അതുകൊണ്ട് തന്നെ അസാധാരണ നടപടി വേണ്ടി വരും. കിഫ്ബി വഴിയെടുക്കുന്ന മുഴുവന്‍ വായപ്കളും ഭരണഘടനാ വിരുദ്ധമാണെന്ന് സി.എ.ജി വാദം അംഗീകരിച്ചാല്‍ കേരളത്തിലെ ഏതെങ്കിലുമൊരു പൊതുമേഖല സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നതിനിടയിലാണ് വീണ്ടും ധനമന്ത്രി മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഓഡിറ്റ് നടത്തുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട പാര്‍ട്ടിയുടെ അഭിപ്രായം തേടേണ്ടതുണ്ട്.

ഇതൊന്നും സി.എ.ജി ചെയ്തില്ല എന്നുമാത്രമല്ല ആദ്യം സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടില്‍ ഭരണ ഘടന വിരുദ്ധമാണ് കിഫ്ബിഎന്ന ആക്ഷേപം സി.എ.ജിക്ക് ഉണ്ടായിരുന്നില്ല എന്ന് തോമസ് ഐസ്‌ക് പറഞ്ഞിരുന്നു. സി.എ.ജി റിപ്പോര്‍ട്ടില്‍ തിരുത്തലുകളുണ്ടായി എന്ന ആരോപണവും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ധനമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KIIFB Thomas Isac alleges CAG is playing politically

We use cookies to give you the best possible experience. Learn more