തിരുവനന്തപുരം: മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കിഫ്ബി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ നിന്ന് പിന്മാറണമെന്നും ഇ. ഡിക്ക് അയച്ച മറുപടിയില്‍ കിഫ്ബി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് കിഫ്ബി ഡെപ്യൂട്ടി മനേജിംഗ് ഡയറക്ടര്‍ വിക്രംജിത്ത് സിംഗിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരുന്നു. വിക്രംജിത് സിംഗിനോട് ഇന്ന് പത്തുമണിക്ക് ഹാജരാകണമെന്നും കിഫ്ബി സി.ഇ.ഒ കെ എം. എബ്രഹാമിനോട് നാളെ ഹാജരാകണമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇരുവരും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നാണ് വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കിഫ്ബി എന്‍ഫോഴ്‌സ്‌മെന്റിന് മറുപടി നല്‍കിയത്. എന്‍ഫോഴ്‌സിന്റെ നടപടിക്കെതിരെ തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. കിഫ്ബിയെക്കുറിച്ച് ഒന്നും അറിയാത്ത ഉദ്യോഗസ്ഥരാണ് എന്‍ഫോഴ്‌സിലുള്ളതെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണെന്നുമാണ് ഐസക്ക് പറഞ്ഞത്.
തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണ് നിര്‍മല സീതാരാമനെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിയെ ബി.ജെ.പി ഉപയോഗിക്കുകയാണ്. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അവര്‍ക്ക് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല വേണ്ടത്. അവര്‍ക്കുവേണ്ട ഉത്തരമാണ് വേണ്ടതെന്നും ഇത് ഭീഷണിയാണെന്നും ഐസക് പറഞ്ഞു.
ഒരുകാര്യം ഇ.ഡിയോട് വ്യക്തമാക്കാം. ഇവര്‍ കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരാണ്. ഭീഷണിപ്പെടുത്താനാണ് ഉദ്ദേശമെങ്കില്‍, ഇത് വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളല്ല എന്നോര്‍ക്കണം. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇവിടെ നിയമപാലനത്തിന് പൊലീസ് ഉണ്ട്. പേടിച്ചൊന്നും പിന്‍മാറാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക