തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഡി.എം.ആര്‍.സി മുന്‍ എം.ഡി ഇ. ശ്രീധരന്റെ ആരോപണത്തിന് മറുപടിയുമായി കിഫ്ബി. കിഫ്ബിയാണ് കേരളത്തെ കടക്കെണയിലാക്കുന്നതെന്ന ഇ.ശ്രീധരന്റെ ആരോപണത്തിനാണ് മറുപടിയുമായി കിഫ്ബി ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയത്.
കിഫ്ബി ആക്ട് അനുസരിച്ച് കിഫ്ബി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാതെയുള്ള ആരോപണം മാത്രമാണിത്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന പല പദ്ധതികളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഇ. ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോള്‍ ഏങ്ങനെ വന്നുവെന്നും കിഫ്ബി ചോദിച്ചു.
കഴിഞ്ഞദിവസം ‘മാതൃഭൂമി’ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കിഫ്ബിക്കെതിരെ ആരോപണവുമായി ഇ. ശ്രീധരന്‍ രംഗത്തെത്തിയത്. കിഫ്ബി കടം വാങ്ങിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഇങ്ങനെ കടംവാങ്ങി തത്കാലം പണിയെടുക്കാമെങ്കിലും അത് ആര് വീട്ടുമെന്നുമായിരുന്നു ശ്രീധരന്‍ ചോദിച്ചത്.
ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിഫ്ബിക്കെതിരെ ആരോപണവുമായി ഇ. ശ്രീധരന്‍ രംഗത്തെത്തിയത്. കേരളത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
ഇന്ന് ഓരോ കേരളീയന്റെയും തലയില്‍ 1.2 ലക്ഷം കടമാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ കിഫ്ബി കേരളത്തിന് ‘ദ്രോഹ’മാണെന്ന് പറയുന്ന ശ്രീധരന്‍ പൂര്‍ത്തീകരിച്ച പദ്ധതികളായ കൊങ്കണ്‍ റെയില്‍വേ, ദല്‍ഹി മെട്രോ, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികള്‍ കടമെടുക്കാതെയാണോ പൂര്‍ത്തിയാക്കിയതെന്നാണ് കിഫ്ബി തിരിച്ച് ചോദിച്ചത്.
വന്‍തോതിലുള്ള നിക്ഷേപത്തിലൂടെ തന്നെയാണ് പൊതുജനാവശ്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പൊക്കുന്നതെന്നും കിഫ്ബി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഡി.എം.ആര്‍.സി മുന്‍ എംഡിയും കൊച്ചി മെട്രോയുടെ മുന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസറും ആയ ‘മെട്രോമാന്‍’ ശ്രീ ഇ.ശ്രീധരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കിഫ്ബിയെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കിഫ്ബി രൂപീകൃതമായത് ഇന്നോ ഇന്നലെയോ അല്ല. 1999 ല്‍ രൂപം കൊണ്ട കിഫ്ബിയെ അതിനുശേഷം വന്ന പല സര്‍ക്കാരുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2016 ലെ കിഫ്ബി ഭേദഗതി ആക്ട് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയതിനു ശേഷം കിഫ്ബിയുടെ പ്രവര്‍ത്തനത്തിന്റെ വ്യാപ്തി വര്‍ധിച്ചുവെന്ന് മാത്രം. സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്ന പല പദ്ധതികളിലും പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീ ഇ.ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോള്‍ എങ്ങനെ ഉണ്ടായി എന്നതിലാണ് അത്ഭുതം. അദ്ദേഹത്തിനെ പോലൊരാള്‍ കിഫ്ബിയെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങള്‍ വളരെ രൂക്ഷമായ പദങ്ങളുപയോഗിച്ച് പറയുമ്പോള്‍ അതിനു മറുപടി പറഞ്ഞേതീരൂ. സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന തരത്തിലുള്ള കടമെടുക്കലാണ് കിഫ്ബി ചെയ്യുന്ന ഏറ്റവും വലിയ ‘ദ്രോഹം ‘ എന്ന് ശ്രീ ഇ.ശ്രീധരന്‍ പറഞ്ഞുവയ്ക്കുന്നു. കൊങ്കണ്‍ റെയില്‍വേ, ഡെല്‍ഹി മെട്രോ , കൊച്ചി മെട്രോ തുടങ്ങി അദ്ദേഹം നേതൃത്വം നല്‍കിയ പദ്ധതികളിലേതെങ്കിലും കടമെടുക്കാതെ പൂര്‍ത്തിയാക്കിയതാണോ എന്ന ചോദ്യം പ്രസക്തമാണ്.വന്‍തോതിലുള്ള നിക്ഷേപത്തിലൂടെ തന്നെയാണ് പൊതുജനാവശ്യത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കെട്ടിപ്പൊക്കുന്നത്.ദേശീയ പാതാ വികസനത്തിന്റെ കാര്യം നോക്കുകയാണെങ്കില്‍ 2019 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ദേശീയ പാതാ അഥോറിറ്റി (എന്‍എച്ച്എഐ)യുടെ വാര്‍ഷിക പ്രതിബദ്ധത(annual commitment) 69,484 കോടി രൂപയുടേതാണ്. എന്‍എച്ച്എഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള തുക 41,289.58 കോടി രൂപയാണ്.
ശ്രീ ഇ.ശ്രീധരന്‍ നേതൃത്വം നല്‍കിയോ അല്ലെങ്കില്‍ വിദഗ്ധോപദേശം നല്‍കിയോ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ കാര്യവും ഇതില്‍ നിന്ന് വിഭിന്നമല്ല. 2020 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരി്ച്ച് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ മൊത്തം സാമ്പത്തിക ബാധ്യത 3937.60 കോടി രൂപയുടേതാണ്. ആ സാമ്പത്തിക വര്‍ഷം 184.82 കോടി രൂപയുടെ നഷ്ടമാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് വന്നത്. ഇനി ഡെല്‍ഹി മെട്രോയുടെ കാര്യമെടുക്കാം. ഡിഎംആര്‍സിയുടെ ആകെ സാമ്പത്തിക ബാധ്യത 45,892.78 കോടി രൂപയുടേതാണ്. 462.24 കോടി രൂപയുടെ നഷ്ടമാണ് ഡിഎംആര്‍സിക്കുള്ളത്. ലക്നോ മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ആകെ ബാധ്യത 2019 മാര്‍ച്ച് വരെ 4908.17 കോടി രൂപയുടേതാണ്. നഷ്ടമാകട്ടെ 72.11 കോടിയും. ഇനി കൊച്ചി മെട്രോയിലേക്ക് വരാം.ആകെ സാമ്പത്തിക ബാധ്യത 2020 മാര്‍ച്ച് വരെ 4158.80 കോടി രൂപ.നഷ്ടം 310.02 കോടി രൂപ. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് കിഫ്ബിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ശ്രീ ഇ ശ്രീധരന്റെ നിലപാട് നിര്‍ഭാഗ്യകരമാണ്. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും നിശ്ചയിച്ചിട്ടുള്ള പരിധികള്‍ മറികടന്നുകൊണ്ടാണ് കിഫ്ബി കടം വാങ്ങിക്കൂട്ടുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണത്തിന്റെ മറ്റൊരു ഭാഗം. ഈ ചോദ്യങ്ങള്‍ മറ്റു പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായപ്പോള്‍ വളരെ വിശദമായും കൃത്യമായും നല്‍കിയിട്ടുണ്ടെങ്കിലും ഇ.ശ്രീധരനെ പോലെ ഒരു വ്യക്തിത്വം അതേ ചോദ്യങ്ങള്‍ ഏറ്റുപിടിക്കുമ്പോള്‍ വീണ്ടും മറുപടി പറയാന്‍ കിഫ്ബി ബാധ്യസ്ഥമാണ്.
കിഫ്ബി ആക്ട് അനുസരിച്ച് കിഫ്ബിയുടെ ഉദ്ദേശ്യലക്ഷ്യമെന്തെന്നും എങ്ങനെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും മനസിലാക്കാതെയുള്ള ആരോപണം മാത്രമാണിത്. ആന്യൂറ്റി അടിസ്ഥാനമാക്കിയാണ് കിഫ്ബിയുടെ സാമ്പത്തിക കൈകാര്യ മാതൃക..കണ്ട്രോള്‍ഡ് ലിവറേഡ് മോഡല്‍ എന്നാണ് കിഫ്ബിയില്‍ ഈ മാതൃക പരാമര്‍ശിക്കപ്പെടുന്നത്. ഈ മോഡല്‍ അനുസരിച്ച് അസെറ്റ് ലയബിരലിറ്റി മാനേജ്‌മെന്റ് സിസ്റ്റം വഴി കിഫ്ബിയുടെ കടമെടുപ്പ് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.ആന്യൂറ്റി അടിസ്ഥാനമാക്കി മാത്രമുള്ള കടമെടുപ്പാണ് അല്ലതെ അനിയന്ത്രിതമായ കടമെടുപ്പല്ല കിഫ്ബിയില്‍ നടക്കുന്നതെന്ന് സാരം. കേന്ദ്രവും നിരവധി സംസ്ഥാനസര്‍ക്കാരുകളും ഇത്തരത്തില്‍ ആന്യൂറ്റി അടിസ്ഥാനമാക്കി നൂറുകണക്കിന് അടിസ്ഥാന സൗകര്യവികസനപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സാധാരണ ഉള്ള ആന്യൂറ്റി മോഡലിനേക്കാള്‍ സുദൃഢമാണ് കിഫ്ബിയിലെ ആന്യൂറ്റിമോഡല്‍. കിഫ്ബി ഭേദഗതി നിയമം വഴി ആന്യൂറ്റിക്ക് അനുസൃതമായ ഫണ്ട് കിഫ്ബിക്ക് നല്‍കുമെന്ന് നിയമസാധുതയുള്ള വാഗ്ദാനമുണ്ട്.അതിന്റെ സമയം,തുകയുടെ വ്യാപ്തി,സ്രോതസ് എന്നിവ സംബന്ധിച്ചും 2016ലെ കിഫ്ബി ഭേദഗതി നിയമം വഴി വ്യക്തതയും ഉറപ്പും വരുത്തിയിട്ടുണ്ട്. കിഫ്ബിയുടെ കാര്യത്തില്‍ അത് മോട്ടോര്‍വാഹന നികുതിയും പെട്രോളിയം സെസുംആണ്. ഇനി ലാഭകരമല്ലാത്ത പദ്ധതികളില്‍ മാത്രമാണ് കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നത് എന്നതും തെറ്റായ വസ്തുതായാണ്. ട്രാന്‍സ്ഗ്രിഡ്,വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ കിഫ്ബി ഫണ്ട് നല്‍കുന്നത് കടമായാണ്. അതില്‍ നിന്നുള്ള പലിശയും കിഫ്ബിയുടെ വരുമാനമാണ്.
കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും നിശ്ചയിച്ച പരിധികള്‍ മറികടന്ന കടമെടുപ്പാണ് കിഫ്ബി നടത്തുന്നതെന്ന് ശ്രീ ഇ.ശ്രീധരനില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നു. ഈ രാജ്യത്ത് ഈ മേഖലയില്‍ നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു തന്നെയാണ് കിഫ്ബി കടമെടുക്കുന്നത്. അത്തരത്തിലുള്ള പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നിയമസാധുത നല്‍കിയിരിക്കുന്ന സ്ഥാപനമാണ് കിഫ്ബി എന്നതെങ്കിലും ഇത്തരം ആരോപണം ഉയര്‍ത്തുന്നതിന് മുമ്പ്് ശ്രീ ഇ.ശ്രീധരന്‍ കണക്കിലെടുക്കേണ്ടതായിരുന്നു.
ശ്രീ ഇ.ശ്രീധരന്‍ ഉദ്ദേശിച്ച തരത്തില്‍ കുറഞ്ഞ പലിശയുള്ള ഇത്തരം ലോണുകള്‍ സംസ്ഥാനസര്‍ക്കാരിന് മാത്രമേ ലഭ്യമാകുകയുള്ളു.അല്ലാതെ സര്‍ക്കാരിന് കീഴിലുള്ള കിഫ്ബിക്കോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്‌ഐഡിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ ഈ വായ്പകള്‍ ലഭ്യമാകില്ല. അതുകൊണ്ടാണ് അടിസ്ഥാനസൗകര്യവികസനത്തില്‍ പിന്നോക്കം പോയ ഒരു സംസ്ഥാനം എന്ന നിലയില്‍ ഫണ്ട് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിനുള്ള തടസങ്ങള്‍ മുന്‍നിര്‍ത്തി അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് അടിയന്തരമായി ഫണ്ട് കണ്ടെത്തുന്നതിനായി കിഫ്ബി പോലെ ഒരു സംവിധാനത്തിന് സര്‍ക്കാര്‍ രൂപം കൊടുത്തത്.
7.5-8 % മാത്രം പലിശ വരുന്ന കടമെടുപ്പ് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് മാത്രം ലഭ്യമായ സ്റ്റാറ്റിയൂട്ടറി ലിക്യുഡിറ്റി റേഷ്യോ അടിസ്ഥാനപ്പെടുത്തിയുള്ള കടമെടുപ്പാണ്.അത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ കിഫ്ബി പോലെ ഉള്ള ബോഡികോര്‍പ്പറേറ്റുകള്‍ക്കോ അനുവദനീയമല്ല.
ആന്യൂറ്റി മാതൃകയിലുള്ള ഫിനാന്‍സിങ്ങിന്റെ ഏറ്റവും വലിയ ഗൂണം വരും ഭാവിയിലെ പൗരന്‍മാര്‍ അവര്‍ അനുഭവിക്കുന്ന സൗകര്യങ്ങളുടെ പണം മാത്രമാണ് നികുതിയായി തിരിച്ചടയ്‌ക്കേണ്ടി വരിക എന്നതാണ്. വിദൂര ഭാവിയില്‍ എന്നോ വരുന്ന വികസനത്തിന് വേണ്ടിയല്ല അവര്‍ നികുതി നല്‍കുന്നതെന്ന് ചുരുക്കം.തന്നെയുമല്ലഅടിസ്ഥാനസൗകര്യ മുതല്‍ക്കൂട്ട്(അലൈ)േ ഏറെ നാള്‍ നിലനില്‍ക്കുന്നതാകയാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തിരിച്ചടവ് ആണ് ഹൃസ്വകാല വായ്പകളേക്കാള്‍ വിവേകപൂര്‍ണമായിട്ടുള്ളത്.
മറ്റൊരു കാര്യം ഒരു പദ്ധതിയും തീരുമാനിക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യുന്നത് കിഫ്ബിയല്ല.ഒരു പദ്ധതികളും കിഫ്ബിയുടേതുമല്ല. ബജറ്റില്‍ പ്രഖ്യാപിക്കുന്നതാണ് ഒരുവിഭാഗം . മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്ന് വരുന്നതാണ് മറ്റൊരു വിഭാഗം പദ്ധതികള്‍.അതായത് സര്‍ക്കാരിനു കീഴിലുള്ള ഭരണവകുപ്പുകളുടേതാണ് പദ്ധതികള്‍. അല്ലാതെ സ്വയേച്ഛയാ കിഫ്ബിക്ക് പദ്ധതികള്‍ പ്രഖ്യാപിക്കാനോ വേണ്ടെന്നു വയ്ക്കാനോ കഴിയില്ല. ഇത്രയധികം പ്രവര്‍ത്തനപരിചയമുള്ള ശ്രീ ഇ ശ്രീധരനില്‍ നിന്ന് ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തും വിധം ഉണ്ടായത് നിര്‍ഭാഗ്യകരമായി എന്നുമാത്രം ആവര്‍ത്തിക്കട്ടെ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: KIIFB replied to the allegations by E Sreedharan on it