| Saturday, 27th March 2021, 7:43 am

കിഫ്ബി റെയ്ഡിനിടെ ആദായനികുതി കമ്മീഷണറും കെ.എം. എബ്രഹാമും തമ്മില്‍ വാക്കേറ്റം; വെല്ലുവിളിച്ച് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉറവിടനികുതി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് കിഫ്ബിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതെന്ന് റിപ്പോര്‍ട്ട്. കിഫ്ബി പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ നിന്നുള്ള ഉറവിട നികുതി കൃത്യമായി അടച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം.

അതേസമയം ഉറവിടനികുതി അടക്കേണ്ടത് കിഫ്ബിയല്ല, പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. എന്നാല്‍ ഉറവിട നികുതി അടയ്‌ക്കേണ്ടത് കിഫ്ബിയാണെന്ന് ആദായനികുതി വകുപ്പ് പറയുന്നു. അതേസമയം ഉറവിടനികുതിയടക്കണമെന്ന നിലപാട് തന്നെയാണ് ആദായനികുതിവകുപ്പിനെങ്കില്‍ കേസെടുക്കട്ടെയെന്ന് തോമസ് ഐസക് വെല്ലുവിളിച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രിവരെയാണ് കിഫ്ബി ഓഫിസില്‍ പരിശോധന നടത്തിയത്. കെറ്റ്, ഇന്‍കല്‍, എച്ച്.എല്‍.എല്‍ തുടങ്ങിയ ഏജന്‍സികള്‍ അഥവാ എസ്.പി.വികളാണ് കിഫ്ബിക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. ഉറവിട നികുതി കൈമാറിയിട്ടുണ്ടെന്നും അടച്ചില്ലെങ്കില്‍ ഉത്തരവാദിത്വം ഈ ഏജന്‍സികള്‍ക്കാണെന്നും ആദായനികുതി വകുപ്പിലെ 194ആം വകുപ്പ് ഉദ്ധരിച്ച് കിഫ്ബി മറുപടി നല്‍കി.

ഇതുസംബന്ധിച്ച് ആദായനികുതി കമ്മീഷണര്‍ മഞ്ജിത് സിങ്ങും കിഫ്ബി സി.ഇ.ഒ കെ.എം.ഏബ്രഹാമുമായി റെയ്ഡിനിടെ കയര്‍ത്തു സംസാരിച്ചു. ബഹളം വയ്‌ക്കേണ്ടെന്നും നോട്ടീസ് എന്തെങ്കിലുമുണ്ടെങ്കില്‍ തന്നിട്ട് തിരിച്ചുപൊക്കോണം എന്നും കെ.എം.ഏബ്രഹാം മഞ്ജിത് സിങ്ങിനോട് പറഞ്ഞു.

അതേസമംയ 73 കോടിരൂപ ഇതുവരെ ഉറവിടനികുതിയായി ഏജന്‍സികള്‍ക്ക് നല്‍കിയെന്നും ഈ തുക അവര്‍ അടച്ചെന്നാണ് മനസിലാക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ്ബിയെ നശിപ്പിക്കാനുള്ള ലക്ഷ്യത്തോടെയുള്ള തെമ്മാടിത്തരമാണ് റെയ്‌ഡെന്നും ധനമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KIIFB Raid amid tension inside the office

We use cookies to give you the best possible experience. Learn more