കിഫ്ബിയും മസാല ബോണ്ടും വിവാദങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തില്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വാക്കാണ് കിഫ്ബി. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് പുറത്തുവിട്ടതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ധനമന്ത്രി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന് പിന്നാലെ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിരുന്നു.

പുറത്തു വിട്ടത് കരടു റിപ്പോര്‍ട്ടാണ്, എന്ന് തോമസ് ഐസക് പറഞ്ഞതും അത് നിഷേധിച്ച് സി.എ.ജി എത്തിയതുമെല്ലാം നിരവധി വിവാദങ്ങള്‍ക്കും വഴിവെച്ചു. ഈ പശ്ചാത്തലത്തില്‍ എന്താണ് കിഫ്ബി, ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങള്‍ എന്തെല്ലാമാണ്. ഡൂള്‍ എക്സ്പ്ലയിനിര്‍ പരിശോധിക്കുന്നു.

കിഫ്ബി

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പദ്ധതികള്‍ നടപ്പിലാക്കാനായി ധനവകുപ്പിന് കീഴില്‍ രൂപീകരിച്ച ബോര്‍ഡാണ് കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് അഥവാ കിഫ്ബി. 1999ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് കിഫ്ബി സ്ഥാപിതമാകുന്നത്.

മുന്‍കാലങ്ങളില്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കാരണം അടിസ്ഥാന സൗകര്യത്തിനായി നീക്കിവെക്കേണ്ട പല പദ്ധതികള്‍ക്കായുള്ള പണം സര്‍ക്കാറിന്റെ ദൈനംദിന ചിലവുകളിലേക്ക് വകമാറ്റുന്ന ഒരു സ്ഥിതിയുണ്ടായി.

ഇതിന് ഒരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൂടുതല്‍ പണം കടമെടുക്കാന്‍ ശേഷിയുള്ള ഒരു പ്രത്യേക കോര്‍പ്പറേറ്റ് ബോഡിയായി കിഫ്ബിയെ മാറ്റുന്നത്. ഇത് സര്‍ക്കാരിന് അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള വഴിയൊരുക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

നേരത്തെ കിഫ്ബി വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച തുക പെന്‍ഷന്‍, ശമ്പളം തുടങ്ങിയ ദൈനംദിന ചിലവുകള്‍ക്കായി ഉപയോഗിച്ച്, കിഫ്ബി നിഷ്‌ക്രിയമാകുന്ന സ്ഥിതിയുണ്ടായ മുന്‍കാല അനുഭവങ്ങളും സര്‍ക്കാരിന് മുന്നില്‍ ഉണ്ടായിരുന്നു.

ഇതിനെല്ലാം പരിഹാരം കാണാനാണ് കിഫ്ബിയെ ഒരു പ്രത്യേക ബോഡിയാക്കി മാറ്റുന്നതും സംസ്ഥാന നിയമസഭയില്‍ കിഫ്ബി അമന്‍ഡ്മെന്റ് ആക്ട് കൊണ്ടുവരുന്നതും. ഇതുപ്രകാരം കിഫ്ബിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി പ്രത്യേക ഉദ്ദേശ്യ കമ്പനിയായി (സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍)കിഫ്ബിയെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് പുനഃസംഘടിപ്പിച്ചിട്ടുണ്ട്.

എന്തുകൊണ്ട് കിഫ്ബി വഴി അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുന്നു, സര്‍ക്കാരിന് നേരിട്ട് ഇത് ചെയ്തുകൂടേ എന്ന ചോദ്യങ്ങളും പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്. ഇതിനൊരു കാരണം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ടത് കൂടിയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം മാത്രമേ വായ്പ എടുക്കാന്‍ കഴിയുമായിരുന്നുള്ളൂ.

കേരളത്തിനാകട്ടെ ഈ തുക കൊണ്ട് മാത്രം അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യമാകുകയുമില്ല. ഇപ്പോഴത് അഞ്ചു ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിന് അടിസ്ഥാന സൗകര്യ വികസനവും, ദൈനംദിന പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടു പോകുവാന്‍ കൂടുതല്‍ ഫണ്ട് ആവശ്യമാണ്.

ഈ സാങ്കേതിക പ്രശ്നത്തെ മറികടക്കാന്‍ കൂടിയാണ് കിഫ്ബിയെ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി പുനഃസംഘടിപ്പിച്ചത് എന്നും ഇത് നിയമപരമായി തന്നെ കൂടുതല്‍ പണം കടമെടുക്കാന്‍ കിഫ്ബിയെ പ്രാപ്തമാക്കുന്നു എന്നും സര്‍ക്കാര്‍ പറയുന്നു. ഇന്ത്യന്‍ വിപണയില്‍ നിന്ന് മാത്രമല്ല കടമെടുക്കുന്നത് നവ ഉദാരവത്കരണ നയത്തിലെ പഴുതുകള്‍ ഉപയോഗിച്ച് വിദേശത്തു നിന്നും വായ്പകളെടുക്കാന്‍ കിഫ്ബി പ്രാപ്തമാണ് എന്നതാണ് കിഫ്ബിയുടെ മറ്റൊരു ഗുണമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.

കിഫ്ബി വഴിയുള്ള പ്രവര്‍ത്തനങ്ങള്‍

ഗതാഗതം, ഉര്‍ജ്ജം, സാമൂഹികവും വാണിജ്യപരവുമായ അടിസ്ഥാന സൗകര്യ വികസനം, ജല ശുദ്ധീകരണം, ഐ.ടി തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനമാണ് കിഫ്ബിയുടെ സ്ഥാപിത ലക്ഷ്യം. ഇതു കൂടാതെ സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കിഫ്ബി സഹായകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.

രണ്ടായിരിത്തലധികം സ്‌ക്ളൂകളിലെ അടിസ്ഥാന സൗകര്യ നിര്‍മ്മാണം, എല്ലാ വീട്ടിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന കെ.ഫോണ്‍ പദ്ധതി, വൈദ്യുതി ക്ഷാമം പരിഹരിക്കുന്ന ട്രാന്‍സ്ഗ്രിന്റര്‍, താലൂക്ക് ആശുപത്രികളുടെ പുനര്‍നിര്‍മ്മാണം, ആയിരക്കണക്കിന് കിലോമീറ്റര്‍ നീളം വരുന്ന റോഡുകള്‍, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.

ഇപ്പോള്‍ ചര്‍ച്ചയായ സി.എ.ജി റിപ്പോര്‍ട്ട്

ഇപ്പോള്‍ ചര്‍ച്ചയായ സി.എ.ജി റിപ്പോര്‍ട്ടില്‍ കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നതാണ് പ്രധാന കണ്ടെത്തല്‍. രാജ്യത്തിന് പുറത്ത് നിന്നും സംസ്ഥാനങ്ങള്‍ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണു മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതിനെ സി.എ.ജി കാണുന്നത്.

സി.എ.ജി റിപ്പോര്‍ട്ടിലെ മറ്റൊരു ആക്ഷേപം കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് വായ്പകളാണ് എന്നതാണ്. ഓഫ് ബജറ്റ് വായപകളെന്നാല്‍ ബജറ്റില്‍പ്പെടുത്താത്തതും എന്നാല്‍ ബജറ്റിന് ബാധ്യത വരുത്തുന്നതുമായ വായ്പകളാണ്. കിഫ്ബി വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാണ് എന്നാണ് മറ്റൊരു കണ്ടെത്തല്‍.

ഇതുവഴി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വായ്പ എടുക്കാന്‍ സാധിക്കില്ലെന്ന ഭരണഘടനയുടെ 293 അനുച്ഛേദം 1 നെ ലംഘിക്കുകയാണ് എന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു.

ധനമന്ത്രിയുടെ വിശദീകരണം

ഏതെല്ലാം പ്രൊജക്ടുകളാണ് കിഫ്ബി വഴി നടത്തുന്നതെന്ന് നിയമസഭയില്‍ അറിയിക്കുന്നത് കൊണ്ട് ഇത് ഓഫ് ബജറ്റ് ബോറോവിങ്ങ് ആകുന്നില്ല എന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. ഇതിനോടൊപ്പം തന്നെ വായ്പ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാകുന്നു, മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടന വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടിനെയും അദ്ദേഹം കൃത്യമായ കാരണങ്ങള്‍ സഹിതം തള്ളുന്നുണ്ട്. കിഫ്ബിയുടെ രൂപകല്‍പ്പന ഈ പരിമിതികളെയെല്ലാം മറികടക്കുന്ന രീതിയിലാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

കിഫ്ബി പ്രൊജക്ട് അനുവദിക്കുന്നതിന് മുന്‍പ് ലയബിലിറ്റി പരിശോധിക്കും. കിഫ്ബി പ്രൊജക്ടുകള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ അസറ്റുകള്‍ വായ്പ തിരിച്ചടവിന് മുകളിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു. സി.എ.ജി, കിഫ്ബി ഭരണഘടന വിരുദ്ധമാണെന്ന് പറയുമ്പോള്‍ ഈ മോഡലിന്റെ പ്രശ്നങ്ങള്‍ എന്തെന്ന് കൂടി പറയണമെന്നാണ് ധനമന്ത്രി ആവശ്യപ്പെടുന്നത്.

കിഫ്ബി ഒരു കോര്‍പ്പറേറ്റ് ബോഡിയാണ്. അത് സംസ്ഥാനത്തില്‍ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ കിഫ്ബിയുടെ വായ്പ സംസ്ഥാനം എടുക്കുന്ന വായ്പയല്ല അത് ഒരു കോര്‍പ്പറേറ്റ് ബോഡി എടുക്കുന്നതാണ്. കോര്‍പ്പറേറ്റ് ബോഡിക്ക് വിദേശ വായ്പ എടുക്കാനുള്ള അവകാശമുള്ളതുകൊണ്ട് തന്നെ അത് ഒരു നിയമത്തിന്റെ ലംഘനമാകുന്നുമില്ല.

പ്രതിപക്ഷ വിവാദങ്ങള്‍

കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ ചൊല്ലിയോ കിഫ്ബിയില്‍ ഏതെങ്കിലും വിധത്തില്‍ ക്രമക്കേടുകള്‍ നടന്നോ എന്നതല്ല പ്രതിപക്ഷം സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം.

സി.എ.ജി എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ധനമന്ത്രി സഭയില്‍വെക്കാതെ പുറത്തുവിട്ട നടപടിക്കെതിരെയാണ് പ്രതിപക്ഷ വിമര്‍ശനം. ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു പ്രധാന വിമര്‍ശനം സി.എ.ജി റിപ്പോര്‍ട്ട് കരട് റിപ്പോര്‍ട്ടാണ് എന്ന് ധനമന്ത്രി പറഞ്ഞത് സി.എ.ജി തള്ളിയതുമായി ബന്ധപ്പെട്ടാണ്. കരട് റിപ്പോര്‍ട്ടല്ല അന്തിമ റിപ്പോര്‍ട്ടാണ് എന്നാണ് സി.എ.ജി വ്യക്തമാക്കിയത്. വിവാദങ്ങള്‍ക്കൊടുവില്‍ റിപ്പോര്‍ട്ട് അന്തിമമാണ് എന്ന് വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി സമ്മതിക്കുകയും ചെയ്തു.

ഒരു ഘട്ടത്തിലും സര്‍ക്കാരുമായി ചര്‍ച്ച നടത്താതുകൊണ്ടും ആദ്യത്തെ റിപ്പോര്‍ട്ടില്‍ ഇല്ലാത്ത നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തതു കൊണ്ടും റിപ്പോര്‍ട്ട് അന്തിമമല്ല എന്ന് അനുമാനിച്ചു എന്നാണ് ധനമന്ത്രി പറയുന്നത്.

എന്നാല്‍ റിപ്പോര്‍ട്ട് കരടാണോ അന്തിമമാണോ എന്നതല്ല പ്രശ്നം, റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളാണ് പ്രശ്നമെന്നാണ് ധനമന്ത്രി പറയുന്നുണ്ട്.

കേരളത്തിന്റെ വികസനത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് ധനമന്ത്രി പറയുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഈ വിമര്‍ശനങ്ങളെക്കുറിച്ച് സംസ്ഥാനവുമായി ചര്‍ച്ച ചെയ്യേണ്ടതാണ്.

ഓഡിറ്റ് നടത്തുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട പാര്‍ട്ടിയുടെ അഭിപ്രായം തേടേണ്ടതുണ്ട്. ഇതൊന്നും സി.എ.ജി ചെയ്തില്ല എന്നുമാത്രമല്ല ആദ്യം സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടില്‍ ഭരണ ഘടന വിരുദ്ധമാണ് എന്ന ആക്ഷേപം സി.എ.ജിക്ക് ഉണ്ടായിരുന്നില്ല എന്നും തോമസ് ഐസ്‌ക് പറയുന്നു. സി.എ.ജി റിപ്പോര്‍ട്ടില്‍ തിരുത്തലുകളുണ്ടായി എന്ന ആരോപണവും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന ധനമന്ത്രി തന്നെ പറയുമ്പോള്‍ അത് വലിയ രീതിയില്‍ ചര്‍ച്ചയാകേണ്ട വിഷയമാണ്.

സര്‍ക്കാരിന്റെ ധനസ്ഥിതി മാത്രമല്ല കേരളത്തിന്റെ ഭാവികൂടി അപകടപ്പെടുത്തുന്നതാണിതെന്നും പ്രതിപക്ഷം പറയുന്നുണ്ട്. അതേസമയം കിഫ്ബിക്കും വികസനത്തിനും യു.ഡി.എഫ് എതിരല്ലെന്നും പ്രവര്‍ത്തനം നിയമവിരുദ്ധമാകരുത് എന്നും പ്രതിപക്ഷം ആവര്‍ത്തിക്കുന്നുണ്ട്.

വായ്പാ തിരിച്ചടവും സി.എ.ജിയും

വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് കിഫ്ബിയുമായി ഉയരുന്ന ഒരു പ്രധാന വിമര്‍ശനം. കിഫ്ബി എടുക്കുന്ന വായ്പകള്‍ താരതമ്യേന പലിശ കൂടിയതാണെന്ന മറ്റൊരു വിമര്‍ശനവും ഉയരുന്നുണ്ട്.

കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതികളില്‍ 25 ശതമാനം പദ്ധതികളും വരുമാനം ലഭിക്കുന്ന പദ്ധതികള്‍ക്കാണ് വിനിയോഗിച്ചിരിക്കുന്നത്. ഇന്ധനനികുതിയില്‍ നിന്നുള്ള വിഹിതത്തില്‍ നിന്ന് തിരിച്ചടവ് നടത്താമെന്നാണ് സര്‍ക്കാര്‍ ഇതിന് നല്‍കുന്ന മറുപടി.

നേരത്തെ സൂചിപ്പിച്ചതു പോലെ കിഫ്ബി ഒരു കോര്‍പ്പറേറ്റ് ബോഡിയായതുകൊണ്ട് തന്നെ വിദേശത്ത് നിന്ന് വായപകള്‍ എടുക്കുന്നത് നിയമ പ്രശ്നം ഉണ്ടാക്കുന്നതല്ല. അതുകൊണ്ട് തന്നെ സി.എ.ജിയുടെ ഈ വാദങ്ങള്‍ നിലനില്‍ക്കില്ല എന്നുവേണം അനുമാനിക്കാന്‍.

ചില ചോദ്യങ്ങളും ഉത്തരങ്ങളും

കിഫ്ബി ഗുണമാണോ ദോഷമാണോ?

കേരളം പോലുള്ള സംസ്ഥാനത്തിന് കിഫ്ബി അടിസ്ഥാന സൗകര്യ വികസനത്തിന് ഗുണകരമായി കരുതാവുന്നതാണ്. മൊത്തം ആഭ്യന്തര ഉത്പദാനത്തിന്റെ 3 ശതമാനം മാത്രമേ വായ്പയെടുക്കാന്‍ സാധിക്കൂ എന്നുള്ളതാണ് ഇതിന് ഒരു കാരണം. ഈ സാഹചര്യത്തില്‍ കേരളം പോലുള്ള സംസ്ഥാനത്തിന് അടിസ്ഥാന സൗകര്യത്തിന് കൂടുതല്‍ പണം ചിലവഴിക്കാന്‍ കിഫ്ബി പോലൊരു സംവിധാനം ആവശ്യമാണ്.

അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരന്റിയോട് കൂടി ഒരു കോര്‍പ്പറേറ്റ് ബോഡിയായ കിഫ്ബിക്ക് വായ്പയെടുക്കാന്‍ സാധിക്കും. അപ്പോഴും കടബാധ്യത കൂടുന്നുവെന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഇത് മറികടക്കാനുള്ള വഴികളും ധനമന്ത്രി തന്നെ അസറ്റ് -ലയബിലിറ്റി മാനേജ്മെന്റ് വഴി നിര്‍ദ്ദേശിക്കുന്നുണ്ട്.

ഇതില്‍ രാഷ്ട്രീയപരമായ പ്രശ്നങ്ങള്‍കൂടി നിലനില്‍ക്കുന്നുണ്ട് എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെ തീര്‍ത്തും തള്ളിക്കളയാന്‍ സാധിക്കുന്നതല്ല. കിഫ്ബി പോലുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മാതൃകള്‍ വഴി മുന്‍പും വിദേശത്തു നിന്നും വായ്പകള്‍ മറ്റു പല സംസ്ഥാനങ്ങളും എടുത്തിട്ടുണ്ട് എന്നതുകൊണ്ട് കൂടിയാണത്. അതുകൊണ്ട് തന്നെ എന്തുകൊണ്ട് കേരളത്തിനു നേരെ മാത്രം ഈ ചോദ്യം ഉയരുന്നു എന്നത് സംസ്ഥാന സര്‍ക്കാരിന് ചോദിക്കാന്‍ കഴിയും.

കിഫ്ബി ഭാവിയില്‍ തുടര്‍ന്നില്ല എങ്കില്‍ അത് പ്രതിപക്ഷത്തെയും ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ പല നിര്‍ണായക ക്രമക്കേടുകളും മുന്‍പോട്ട് കൊണ്ടുവന്ന, വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സി.എ.ജി റിപ്പോര്‍ട്ട് കിഫ്ബിയിലേക്ക് എത്തുമ്പോള്‍ അതിന്റെ കൃത്യത കൂടി ചര്‍ച്ചയാകേണ്ടതുണ്ട് എന്ന് വേണം കരുതാന്‍. അതേ സമയം സര്‍ക്കാരിന്റെ ഗ്യാരണ്ടിയില്‍ സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികള്‍ സര്‍ക്കാരിന് തന്നെ ബാധ്യതയാകുമോ എന്ന ചര്‍ച്ചകളിലേക്കും വരും ദിവസങ്ങളില്‍ കിഫ്ബി വിവാദം കടന്നേക്കാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ