സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍; മറുപടിയുമായി കിഫ്ബി
Kerala News
സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍; മറുപടിയുമായി കിഫ്ബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th November 2021, 10:47 am

തിരുവനന്തപുരം: കിഫ്ബി സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സ്ഥാപനമെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ എതിര്‍ത്ത് കിഫ്ബി. തങ്ങള്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും വരുമാനസ്രോതസ്സ് ആണെന്നുമാണ് കിഫ്ബി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

കിഫ്ബി അന്യൂറ്റി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്നാണ് കിഫ്ബി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

”70,000 കോടിയോളം രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ സര്‍ക്കാര്‍ കിഫ്ബിയെ ചുമതലപ്പെടുത്തിയുണ്ട്. അന്യൂറ്റി പേയ്മെന്റ് ആയി കിഫ്ബിക്ക് മോട്ടോര്‍ വാഹന വകുപ്പ് നികുതിയുടെ പകുതിയും പെട്രോള്‍ സെസ്സ് തുകയും നല്‍കുമെന്ന് സര്‍ക്കാര്‍ നിയമം ഉറപ്പുനല്‍കുന്നുണ്ട്,” കിഫ്ബി പോസ്റ്റില്‍ പറയുന്നു.

ബജറ്റിന് പുറത്ത് പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള കുറുക്കു വഴിയായിട്ടല്ല സര്‍ക്കാര്‍ കിഫ്ബിയെ ഉപയോഗിക്കുന്നതെന്നും 2020ലെ സംസ്ഥാനത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കിഫ്ബിയുടെ വായ്പകളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഏകപക്ഷീയമാണെന്നും കിഫ്ബി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കിഫ്ബിക്കെതിരെ സി.എ.ജി രംഗത്തെത്തിയത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപികരിച്ച കിഫ്ബി വായ്പകള്‍ക്ക് നിയമസഭയുടെ അംഗീകാരമില്ലെന്നും കിഫ്ബി വായ്പകള്‍ ബജറ്റിതര വായ്പയല്ലെന്നും ആകസ്മിക ബാധ്യതകളാണെന്നുമുള്ള സര്‍ക്കാര്‍ വാദം സി.എ.ജി തള്ളി യിരുന്നു.

സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പെട്രോളിയം സെസും മോട്ടോര്‍ വാഹന നികുതിയും വിനിയോഗിച്ചാണ് കിഫ്ബി വായ്പകളുടെ പലിശ തിരിച്ചടവവെന്നും സര്‍ക്കാരിന്റെ സാമ്പത്തിക രേഖകള്‍ ഈ വായ്പകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു.

കിഫ്ബി വായ്പകളുടെ വിശദാംശങ്ങള്‍ ബജറ്റിലും അക്കൗണ്ടുകളിലും ഉള്‍പ്പെടുത്തണമെന്ന് സി.എ.ജി നിര്‍ദ്ദേശിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പദ്ധതി നിശ്ചിത ലക്ഷ്യം നേടിയിട്ടില്ലെന്നും ആശങ്ക ഉളവാക്കുന്ന രീതിയില്‍ റവന്യൂ വരുമാനത്തിന്റെ 21 ശതമാനം പലിശ ചെലവുകള്‍ക്കായി വിനിയോഗിച്ചുവെന്നും സി.എ.ജി പറയുന്നു.

കിഫ്ബി ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കിഫ്ബിയും ആന്യുറ്റി മാതൃകയില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു തനത് സാമ്പത്തിക സംവിധാനമാണ്. അല്ലാതെ ബജറ്റിന് പുറത്ത് കടമെടുക്കാന്‍ ഉണ്ടാക്കിയ ഒരു സംവിധാനമല്ല. ബജറ്റ് പ്രസംഗങ്ങളില്‍ പ്രഖ്യാപിച്ച ഏതാണ്ട് 70000 കോടിയോളം രൂപ വരുന്ന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കിഫ്ബിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനു കാലക്രമേണ വളരുന്ന ആന്യൂറ്റി (growing annutiy) പേയ്‌മെന്റ് ആയി കിഫ്ബിക്ക് മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും പെട്രോള്‍ സെസ്സ് തുകയും നല്‍കുമെന്ന് സര്‍ക്കാര്‍ നിയമം മൂലം ഉറപ്പ് നല്‍കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വളരെ ശക്തമായ സാമ്പത്തിക അഥവാ വരുമാന സ്രോതസ് ഉള്ള സ്ഥപനമാണ് കിഫ്ബി. കിഫ്ബി ശാസ്ത്രീയമായി രൂപകല്പന ചെയ്തിരിക്കുന്ന ഒരു വലിയ ആന്യറ്റി സ്‌കീം ആണ് എന്ന് ലളിതമായി ഉപസംഹരിക്കാം.

കിഫ്ബിയുടെ കാര്യത്തില്‍ ഇരുപത്തഞ്ച് ശതമാനം പദ്ധതി എങ്കിലും വരുമാനദായകമാണ്. വൈദ്യുതി ബോര്‍ഡിന്, കെ ഫോണിന്, വ്യവസായ ഭൂമിക്ക്, തുടങ്ങിയവക്ക് നല്‍കുന്ന വായ്പ മുതലും പലിശയും ചേര്‍ന്ന് കിഫ്ബിയില്‍ തിരിച്ചെത്തുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ ഈ തുകയും നിയമം മൂലം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ചേര്‍ത്താല്‍ കിഫ്ബി ഒരിക്കലും കടക്കെണിയില്‍ ആവില്ല. ഇതിനു എന്താണ് ഇത്ര ഉറപ്പ് എന്ന് ന്യായമായും ചോദിക്കാം. കാരണം ഓരോ പ്രോജക്ട് എടുക്കുമ്പോഴും അതിന്റെ ബാധ്യതകള്‍ എന്തെല്ലാമാണ് കൊടുക്കേണ്ടി വരിക എന്ന് കൃത്യമായി ഗണിച്ചെടുക്കാന്‍ പോന്ന അസെറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ കിഫ്ബി വികസിപ്പിച്ചിട്ടുണ്ട്്. അതുപോലെ കിഫ്ബിക്ക് വരും വര്‍ഷങ്ങളില്‍ ലഭിക്കുന്ന വരുമാനവും കൃത്യമായി കണക്ക് കൂട്ടാന്‍ ആവും. ഭാവിയില്‍ ഒരു ഘട്ടത്തിലും കിഫ്ബിയുടെ ബാധ്യതകള്‍ വരുമാനത്തെ അധികരിക്കില്ല എന്ന് ഉറപ്പു വരുത്തി കൊണ്ട് മാത്രമേ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് പ്രോജക്ടുകള്‍ അംഗീകരിക്കൂ. അസറ്റ് ലയബിലിറ്റി മാച്ചിങ് (ALM) മോഡല്‍ നടത്താന്‍ കഴിയുന്ന സോഫ്റ്റ് വെയര്‍ അടിസ്ഥാനത്തില്‍ ആണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്, ഇത് കൊണ്ടാണ് കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകും എന്ന ആരോപണം സാധൂകരിക്കപ്പെടാത്തത്. സംസ്ഥാനത്തെ കടക്കെണിയിലാക്കും എന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണ്. അനിയന്ത്രിതമായ കടമെടുപ്പല്ല കിഫ്ബിയില്‍ നടക്കുന്നതെന്ന് സാരം.

ബജറ്റിന് പുറത്ത് പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള കുറുക്കുവഴിയായിട്ടല്ല സര്‍ക്കാര്‍ കിഫ്ബിയെ വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാത്തിന്റെ അടിസ്ഥാന സൗകര്യ വികസത്തിന് ആവശ്യമായ ധനസമാഹരണത്തിനായി രൂപീകൃതമായ ബോഡി കോര്‍പ്പറേറ്റാണ് കിഫ്ബി. അതിനായി സംസ്ഥാന സര്‍ക്കാര്‍ ആന്യൂറ്റിക്ക് അടിസ്ഥാനമായ വാര്‍ഷിക വിഹിതം ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു നല്‍കുന്നു എന്ന് ആവര്‍ത്തിച്ചു പറയട്ടെ. എന്നാല്‍ സിഎജിയുടെ 2020ലെ സംസ്ഥാനത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കിഫ്ബിയുടെ വായ്പകളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഏകപക്ഷീയവും മേല്‍പ്പറഞ്ഞ വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. ആന്യൂറ്റി മാതൃകയിലുള്ള കിഫ്ബിയുടെ പ്രവര്‍ത്തനരീതിയെ ബജറ്റിന് പുറത്തുള്ള കടമെടുപ്പ് സംവിധാനമായി വ്യാഖ്യാനിക്കുകയാണ് സി.എ.ജി റിപ്പോര്‍ട്ടില്‍.

റിപ്പോര്‍ട്ടില്‍ പറയുന്ന കാലയളവില്‍ തന്നെ കേന്ദ്രസര്‍ക്കാരും ആന്യുറ്റി മാതൃകയിലുള്ള സാമ്പത്തിക ക്രയവിക്രയം നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഫണ്ട് കണ്ടെത്തി വിനിയോഗിച്ചിട്ടുണ്ട്. എഴുപത്താറായിരത്തിനാനൂറ്റിമുപ്പത്തഞ്ച് കോടി (Rs.76,435.45) രൂപയുടെ പദ്ധതികള്‍ കിഫ്ബി അനുവര്‍ത്തിക്കുന്ന രീതിയില്‍ ആന്യുറ്റി മാതൃകയില്‍ ഫണ്ട് ചെയ്യുന്നതിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ആ സമയത്ത് തന്നെ നാല്‍പ്പത്തോരായിരം കോടി (Rs.41,292.67)യിലേറെ രൂപയുടെ ആന്യുറ്റി ബാധ്യത കേന്ദ്രസര്‍ക്കാരിന് നിലനില്‍ക്കുന്നുണ്ട് എന്നതും എടുത്തുപറയണം.

2019 20 വരെ കിഫ്ബി 5,036.61 കോടി രൂപ കടമെടുക്കുകയും 353.21 കോടി രൂപ പലിശ ഇനത്തില്‍ അടച്ചു തീര്‍ത്തിട്ടുമുണ്ട്. അതോടൊപ്പം ഈ കാലയളവില്‍ വാഹന നികുതി വിഹിതം, പെട്രോള്‍ സെസ് എന്നീ ഇനങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ 5,572.85 കോടി രൂപ കിഫ്ബക്ക് നല്‍കിയിട്ടുമുണ്ട്. അതായത്, കിഫ്ബിയുടെ ആ കാലയളവിലെ ബാധ്യതയേക്കാള്‍ കൂടുതല്‍ തുക സര്‍ക്കാരില്‍ നിന്നും നല്‍കിയിട്ടുണ്ട്. മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ കിഫ്ബി വായ്പകളെ ഓഫ് ബജറ്റ് കടമെടുപ്പായോ സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യത ആയോ വ്യാഖ്യാനിക്കേണ്ടതില്ല.

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: KIIFB against CAG report