| Saturday, 4th February 2023, 9:35 am

സ്വന്തം നന്‍പനെ തെരഞ്ഞുപിടിച്ച് തല്ലി കരീബിന്‍ ഹാര്‍ഡ് ഹിറ്റര്‍; മുംബൈ ഇന്ത്യന്‍സിനെ കരയിപ്പിച്ച് മതിയായില്ലേ പൊള്ളാര്‍ഡേ...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എല്‍. ടി-20യില്‍ എം.ഐ എമിറ്റേറ്റ്‌സിനായി കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട്. കഴിഞ്ഞ ദിവസം നടന്ന എം.ഐ എമിറേറ്റ്‌സ് – അബുദാബി നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലായിരുന്നു പൊള്ളാര്‍ഡ് കൊടുങ്കാറ്റായത്.

കഴിഞ്ഞ ഐ.പി.എല്‍ സീസണിലെ പൊള്ളാര്‍ഡ് എങ്ങനെയായിരുന്നുവോ അതിന്റെ നേര്‍വിപരീതമാണ് ഐ.എല്‍ ടി-20യിലെ പൊള്ളാര്‍ഡ്. തന്റെ ഭൂതകാലത്തെ അനുസ്മരിപ്പിക്കും വിധം ആകാശം തൊടുന്ന സിക്‌സറുകളും ഗ്രൗണ്ടിന്റെ എല്ലാ കോണിലേക്കും ബൗണ്ടറികളുമായാണ് പൊള്ളാര്‍ഡ് കളം നിറഞ്ഞാടുന്നത്.

അതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം അബുദാബിക്കെതിരെ കണ്ടത്. ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നൈറ്റ് റൈഡേഴ്‌സ് വധമായിരുന്നു കരീബിയന്‍ സെന്‍സേഷന്‍ കാഴ്ചവെച്ചത്.

17 പന്തില്‍ നിന്നും 43 റണ്‍സാണ് അബുദാബിക്കെതിരെ പൊള്ളാര്‍ഡ് അടിച്ചെടുത്തത്. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ച്വറിക്ക് ശേഷമാണ് പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്നും മറ്റൊരു വെടിക്കെട്ട് കൂടി പിറന്നത്.

ഇതോടെ ഐ.എല്‍ ടി-20യിലെ ഏഴ് മത്സരത്തില്‍ നിന്നും 294 റണ്‍സാണ് പൊള്ളി സ്വന്തമാക്കിയത്.

ഇതിനെല്ലാം പുറമെ ദേശീയ ടീമില്‍ തന്റെ ബഡ്ഡിയായ ആന്ദ്രേ റസലിനെ പഞ്ഞിക്കിട്ടാണ് പൊള്ളാര്‍ഡ് വീണ്ടും തരംഗമായത്. റസലിന്റെ ഒരു ഓവറില്‍ നിന്നും 26 റണ്‍സാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമുള്‍പ്പെടെയാണ് പൊളളാര്‍ഡ് സ്റ്റോം റസലിന് മേല്‍ പടര്‍ന്നുകയറിയത്.

4, 4, 2, 6, 4, 6 എന്നിങ്ങനെയായിരുന്നു റസലിന്റെ ഓവറില്‍ റണ്‍ പിറന്നത്. പൊള്ളാര്‍ഡിന്റെ ഈ വെടിക്കെട്ടില്‍ സങ്കടപ്പെടുന്നത് മുംബൈ ഇന്ത്യന്‍സ് ആരാധകരാണ്. ഈ കളി എന്തുകൊണ്ട് മുംബൈക്കായി പുറത്തെടുത്തില്ല എന്നാണ് അവര്‍ ചോദിക്കുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എം.ഐ എമിറേറ്റ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. പൊള്ളാര്‍ഡിന് പുറമെ മുഹമ്മദ് വസീമും ആഞ്ഞടിച്ചിരുന്നു. 43 പന്തില്‍ നിന്നും 60 റണ്‍സാണ് വസീം നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സിനായി ആന്ദ്രേ റസല്‍ കളമറിഞ്ഞ് കളിച്ചു. 22 പന്തില്‍ നിന്നും 42 റണ്‍സാണ് താരം നേടിയത്. എന്നാല്‍ കട്ടക്ക് കൂടെനില്‍ക്കാന്‍ റസലിനൊപ്പം ആരുമില്ലാതെ പോയതോടെ നൈറ്റ് റൈഡേഴ്‌സ് ഇന്നിങ്‌സ് 19.2 ഓവറില്‍ 162 റണ്‍സിന് അവസാനിച്ചു.

നാല് ഓവറില്‍ 37 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബ്രോവോയും 33 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ സഹൂര്‍ ഖാനുമാണ് മത്സരം എമിറേറ്റ്‌സിന് അനുകൂലമാക്കിയത്. രണ്ട് ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിറും ബൗളിങ്ങില്‍ നിര്‍ണായകമായി.

ദുബായ് ക്യാപ്പിറ്റല്‍സിനെതിരെയാണ് എമിറേറ്റ്‌സിന്റെ അടുത്ത മത്സരം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

Content highlight: Kieron Pollard’s incredible batting in ILT20

We use cookies to give you the best possible experience. Learn more