ഈ കളി മുംബൈക്ക് വേണ്ടി കളിച്ചിരുന്നേല്‍ ദൈവത്തിന്റെ പോരാളികള്‍ ഇങ്ങനെ നാണം കെടേണ്ടി വരുമായിരുന്നോ?; കാട്ടുതീയായി പൊള്ളാര്‍ഡ്
Sports News
ഈ കളി മുംബൈക്ക് വേണ്ടി കളിച്ചിരുന്നേല്‍ ദൈവത്തിന്റെ പോരാളികള്‍ ഇങ്ങനെ നാണം കെടേണ്ടി വരുമായിരുന്നോ?; കാട്ടുതീയായി പൊള്ളാര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd January 2023, 7:51 am

ഐ.എല്‍.ടി-20യില്‍ കരീബിയിന്‍ സൂപ്പര്‍ താരം കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെ അഴിഞ്ഞാട്ടം. ദുബായ് ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് പൊള്ളാര്‍ഡ് തന്റെ പഴയ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റിങ് പുറത്തെടുത്തത്. മത്സരം തോറ്റെങ്കിലും പൊള്ളാര്‍ഡിന്റെ ഇന്നിങ്‌സ് തന്നെയായിരുന്നു ഐ.എല്‍.ടി-20യിലെ 13ാം മത്സരത്തിന്റെ പ്രധാന ഹൈലൈറ്റ്.

തോല്‍വിയിലേക്ക് കൂപ്പുകുത്തിയ ടീമിന് പ്രതീക്ഷയുടെ പ്രകാശം കാണിച്ചുകൊടുത്തത് ക്യാപ്റ്റന്‍ കൂടിയായ പൊള്ളാര്‍ഡ് തന്നെയായിരുന്നു.

223 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ എമിറേറ്റ്‌സിനായി അഞ്ചാമനായാണ് പൊള്ളാര്‍ഡ് കളത്തിലിറങ്ങിയത്. 26ന് മൂന്ന് എന്ന നിലയില്‍ എമിറേറ്റ്‌സ് കിതക്കവെയാണ് പൊള്ളാര്‍ഡ് ക്രീസിലെത്തിയത്. തുടര്‍ന്നങ്ങോട്ട് പൊള്ളിയുടെ ബാറ്റില്‍ നിന്നും സിക്‌സറുകളുടെയും ബൗണ്ടറികളുടെയും ഘോഷയാത്രയായിരുന്നു.

ആറ് സിക്‌സറും എട്ട് ബൗണ്ടറിയുമടക്കം 38 പന്തില്‍ നിന്നും 86 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചുകൂട്ടിയത്. ആന്ദ്രേ ഫ്‌ളെച്ചറിനെ കൂട്ടുപിടിച്ച് നേടിയ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് തന്നെയായിരുന്നു ഏകപക്ഷീയമായി ദുബായ് ജയിക്കേണ്ടിയിരുന്ന മത്സരം ഇഞ്ചോടിഞ്ചാക്കി മാറ്റിയത്.

ഫ്‌ളെച്ചര്‍ 34 പന്തില്‍ നിന്നും 35 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ എമിറേറ്റ്‌സിന്റെ വിജയശില്‍പിയായ നജിബുള്ള സദ്രാന്‍ ഒമ്പത് പന്തില്‍ നിന്നും നാല് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 30 റണ്‍സ് നേടി പുറത്തായി.

മികച്ച പ്രകടനം ബാറ്റര്‍മാര്‍ പുറത്തെടുത്തെങ്കിലും എമിറേറ്റ്‌സിന് വിജയിക്കാന്‍ അത് മതിയാകാതെ വരികയായിരുന്നു. ഇതോടെ ഐ.എല്‍.ടി-20യിലെ മുംബൈയുടെ അപരാജിത കുതിപ്പിനും വിരാമമായി. 223 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ എം.ഐ 16 റണ്‍സ് അകലെ കാലിടറി വീഴുകയായിരുന്നു.

ഫൈനല്‍ സ്‌കോര്‍

ദുബായ് ക്യാപ്പിറ്റല്‍സ്: 222/3 (20)

എം.ഐ എമിറേറ്റ്‌സ് : 202/5 (20)

തന്റെ ഭൂതകാല പ്രകടനങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു പൊള്ളാര്‍ഡ് റണ്ണടിച്ചുകൂട്ടിയത്. എതിരെ നില്‍ക്കുന്നത് ഏത് കൊലകൊമ്പനാണെങ്കിലും അടിച്ച് ബൗണ്ടറി കടത്തുന്ന ആ പഴയ ഹാര്‍ഡ് ഹിറ്റര്‍ പൊള്ളാര്‍ഡായിരുന്നു ഷെയ്ഖ്‌ സെയ്ദ് സ്റ്റേഡിയത്തിലെ പ്രധാന കാഴ്ച.

ഈ പ്രകടനം പൊള്ളാര്‍ഡ് കഴിഞ്ഞ ഐ.പി.എല്ലില്‍ പുറത്തെടുത്തിരുന്നുവെങ്കില്‍ മുംബൈ ഇന്ത്യന്‍സിന് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി ഇരിക്കേണ്ടി വരില്ലായിരുന്നു എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

മുംബൈയോടും വാംഖഡെയോടും വിടപറഞ്ഞ പൊള്ളാര്‍ഡ് തന്റെ തീരുമാനം മാറ്റി തിരികെ വരും എന്ന പ്രതീക്ഷയില്‍ തന്നെയാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍.

 

ക്യാപ്പിറ്റല്‍സിനെതിരായ മത്സരം തോറ്റെങ്കിലും പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ എമിറേറ്റ്‌സിനായി. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു തോല്‍വിയുമടക്കം ആറ് പോയിന്റാണ് എം.ഐക്കുള്ളത്.

പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഡസേര്‍ട്ട് വൈപ്പേഴ്‌സിനെതിരെയാണ് എം.ഐയുടെ അടുത്ത മത്സരം. ഷെയ്ഖ്‌ സെയ്ദ് സ്റ്റേഡിയത്തില്‍ വെച്ച് ജനുവരി 24നാണ് മത്സരം.

 

Content Highlight: Kieron Pollard’s brilliant innings in ILT20