കുട്ടിക്രിക്കറ്റിൽ ആ കാര്യത്തിൽ ഇങ്ങേരെ വെല്ലാൻ ആരുമില്ല; എതിരാളികളില്ലാതെ ഒന്നാമൻ കരീബിയൻ പവർ ഹൗസ്
Cricket
കുട്ടിക്രിക്കറ്റിൽ ആ കാര്യത്തിൽ ഇങ്ങേരെ വെല്ലാൻ ആരുമില്ല; എതിരാളികളില്ലാതെ ഒന്നാമൻ കരീബിയൻ പവർ ഹൗസ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th January 2024, 11:56 am

ടി-20 ക്രിക്കറ്റിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്. ടി-20 350 ക്യാച്ചുകള്‍ നേടുന്ന താരമെന്ന പുതിയ മൈല്‍സ്റ്റോണിലേക്കാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ നടന്നുകയറിയത്.

സൗത്ത് ആഫ്രിക്ക ടി-20 ലീഗില്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിനെതിരെയുള്ള മത്സരത്തിലാണ് പൊള്ളാര്‍ഡ് ഈ നേട്ടം സ്വന്തമാക്കിയത്. സൂപ്പര്‍ കിങ്‌സ് താരം റൊമാരിയോ ഷെഫേര്‍ഡിന്റെ ക്യാച്ച് നേടിക്കൊണ്ടാണ് പൊള്ളാര്‍ഡ് തന്റെ ടി-20 കരിയറിലെ 350 ക്യാച്ച് നേടിയത്.

17.1 ഓവറില്‍ സൂപ്പര്‍ കിങ്സ് സ്‌കോര്‍ 144ല്‍ നില്‍ക്കേയാണ് റോമാരിയോ പുറത്തായത്. ഒല്ലി സ്റ്റോണിന്റെ പന്തില്‍ റോമാരിയോ ഉയര്‍ത്തിയടിക്കുകയും പൊള്ളാര്‍ഡ് അത് കൈപിടിയിലാക്കുകയുമായിരുന്നു.

ടി-20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരങ്ങള്‍

(താരം, ക്യാച്ചുകളുടെ എണ്ണം എന്നീ ക്രമത്തില്‍)

കിറോണ്‍ പൊള്ളാര്‍ഡ് -350

ഡേവിഡ് മില്ലര്‍-286

ഡേയ്ന്‍ ബ്രാവോ-265

ഷോയിബ് മാലിക്-218

അലക്‌സ് ഹെയ്ല്‍സ്-215

വാന്‍ഡെറേസ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ സൂപ്പര്‍ കിങ്‌സിന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു കേപ് ടൗണിന്റെ ബാറ്റിങ്. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 243 എന്ന വലിയ വിജയലക്ഷ്യമാണ് സൂപ്പര്‍ കിങ്സ് നേടിയത്. സൂപ്പര്‍ കിങ്‌സിനായി ഓപ്പണര്‍മാര്‍ തുടക്കം മുതലേ തകര്‍ത്തടിച്ചപ്പോള്‍ വലിയ കൂറ്റന്‍ റൺസിലേക്ക് ടീം നീങ്ങുകയായിരുന്നു.

സൂപ്പര്‍ കിങ്‌സിനായി റാസി വാന്‍ ഡെര്‍ ഡെസന്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 50 പന്തില്‍ 104 റണ്‍സ് നേടിയായിരുന്നു വാന്‍ ഡെര്‍ ഡസന്റെ തകര്‍പ്പന്‍ ബാറ്റിങ്. ഒമ്പത് ഫോറുകളുടെയും ആറ് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

റയാന്‍ റിക്കല്‍ടണ്‍ 49 പന്തില്‍ 98 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. രണ്ട് റണ്‍സ് അകലെയാണ് താരത്തിന് സെഞ്ച്വറി നേട്ടം നഷ്ടമായത്. ആറ് ഫോറുകളുടെയും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു റയാന്റെ ബാറ്റിങ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജോബര്‍ഗ് സൂപ്പര്‍ കിങ്‌സ് 17.5 ഓവറില്‍ 145 റണ്‍സിന് പുറത്താവുകയായിരുന്നു. കേപ്ടണ്‍ ബൗളിങ് നിരയില്‍ ജോര്‍ജ് ലിന്‍ഡെ രണ്ടു വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി. സൂപ്പര്‍ കിങ്‌സ് ബാറ്റിങ് നിരയില്‍ ലൂയിസ് ഡുപ്ലൂയ് 24 പന്തില്‍ 48 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയിട്ടും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

സൂപ്പര്‍ കിങ്സ് ബൗളിങ് നിരയില്‍ ജോര്‍ജ് ലിന്‍ഡെ, ഒലി സ്റ്റോണ്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ജോബര്‍ഗ് 98 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Kieron Pollard has reached the 350 T20 catches.