ടി-20 ഫോര്‍മാറ്റില്‍ 900 സിക്‌സര്‍ പൂര്‍ത്തിയാക്കി വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് വീരന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ്. കഴിഞ്ഞ ദിവസം ഐ.എല്‍.ടി-20യില്‍ നടന്ന ഡെസേര്‍ട്ട് വൈപ്പേഴ്‌സ് – എം.ഐ എമിറേറ്റ്‌സ് മത്സരത്തില്‍ എമിറേറ്റ്‌സിനായി രണ്ട് സിക്‌സര്‍ നേടിയതോടെയാണ് പൊള്ളാര്‍ഡ് ടി-20 സിക്‌സറില്‍ 900 എന്ന മാജിക്കല്‍ നമ്പറിലെത്തിയത്.
മത്സരത്തില്‍ മറ്റൊരു സിക്‌സര്‍ കൂടി നേടിയ പൊള്ളാര്‍ഡിന്റെ പേരില്‍ നിലവില്‍ 901 സിക്‌സറുകളാണുള്ളത്. 2006 മുതല്‍ ടി-20 ഫോര്‍മാറ്റില്‍ സജീവമായിട്ടുള്ള പൊള്ളാര്‍ഡ് 614 ഇന്നിങ്‌സില്‍ നിന്നുമാണ് 901 സിക്‌സറടിച്ചുകൂട്ടിയത്. ടി-20 കരിയറില്‍ ഒരു സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെ 13,429 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടീമിന് പുറമെ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ്, ബാര്‍ബഡോസ് ട്രൈഡന്റ്സ്, കേപ് കോബ്രാസ്, ധാക്ക ഡൈനാമിറ്റ്സ്, ധാക്ക ഗ്ലാഡിയേറ്റേഴ്സ്, കറാച്ചി കിങ്സ്, ലണ്ടന്‍ സ്പിരിറ്റ്, മെല്‍ബണ്‍ റെനഗെഡ്സ്, എം.ഐ. കേപ് ടൗണ്‍, എം.ഐ. എമിറേറ്റ്സ്, എം.ഐ. ന്യൂയോര്‍ക്ക്, മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, മുംബൈ ഇന്ത്യന്‍സ്, പെഷവാര്‍ സാല്‍മി, സോമര്‍സെറ്റ്, സൗത്ത് ഓസ്ട്രേലിയ, സതേണ്‍ ബ്രേവ്, സെന്റ് ലൂസിയ സ്റ്റാര്‍സ്, സ്റ്റാന്‍ഫോര്‍ഡ് സൂപ്പര്‍സ്റ്റാര്‍സ്, സറേ, ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ്, ട്രിനിഡാഡ് & ടൊബാഗോ എന്നിവര്‍ക്ക് വേണ്ടിയും താരം കുട്ടിക്രിക്കറ്റില്‍ ബാറ്റ് വീശിയിട്ടുണ്ട്.
901 സിക്‌സര്‍ നേടിയെങ്കിലും ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളില്‍ രണ്ടാമന്‍ മാത്രമാണ് പൊള്ളാര്‍ഡ്. 1056 സിക്‌സറുമായി പൊള്ളാര്‍ഡിന്റെ സഹതാരവും വിന്‍ഡീസ് ലെജന്‍ഡുമായ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമന്‍.
(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 455 – 1056
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 614 – 901
ആന്ദ്രേ റസല്‍ – 456 – 727
നിക്കോളാസ് പൂരന്‍ – 351 – 593
കോളിന്‍ മണ്‍റോ – 415 – 550
അലക്‌സ് ഹേല്‍സ് – 480 – 534
രോഹിത് ശര്‍മ – 435 – 525
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 429 – 522
ജോസ് ബട്‌ലര്‍ – 404 – 509
അതേസമയം, എമിറേറ്റ്‌സ് – വൈപ്പേഴ്‌സ് മത്സരത്തില്‍ പൊള്ളാര്‍ഡിന്റെ ടീം പരാജയപ്പെട്ടിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു വൈപ്പേഴ്‌സിന്റെ വിജയം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടെുത്ത എമിറേറ്റ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. 23 പന്തില്‍ 36 റണ്‍സ് നേടിയ പൊള്ളാര്‍ഡാണ് ടോപ് സ്‌കോറര്‍. 29 പന്തില്‍ 33 റണ്‍സ് നേടിയ കുശാല്‍ പെരേരയാണ് മറ്റൊരു റണ്‍ ഗെറ്റര്‍.
വൈപ്പേഴ്‌സിനായി ക്യാപ്റ്റന്‍ ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റ് നേടി. ഡാന്‍ ലോറന്‍സ്, വാനിന്ദു ഹസരങ്ക, ഡേവിഡ് പെയ്ന്‍ എന്നിവരാണ് മറ്റ് വിക്കറ്റ് നേടിയത്.
160 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ വൈപ്പേഴ്‌സ് അഞ്ച് പന്ത് ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കി. അര്‍ധ സെഞ്ച്വറി നേടിയ ഫഖര്‍ സമാന്റെ കരുത്തിലാണ് വൈപ്പേഴ്‌സ് വിജയിച്ചുകയറിയത്.
52 പന്ത് നേരിട്ട പാക് സൂപ്പര്‍ താരം 67 റണ്‍സ് നേടി. അഞ്ച് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
22 പന്തില്‍ 34 റണ്‍സ് നേടിയ അലക്‌സ് ഹേല്‍സും 23 പന്തില്‍ 28 റണ്‍സടിച്ച സാം കറനും വൈപ്പേഴ്‌സിന്റെ വിജയം അനായാസമാക്കി.
കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച വൈപ്പേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയത്തോടെ രണ്ട് പോയിന്റുമായി എമിറേറ്റ്‌സ് മൂന്നാമതാണ്.
Content Highlight: Kieron Pollard completed 900 sixes in T20 format