| Monday, 9th May 2022, 10:30 pm

'അമ്പയറിംഗ് മോശമായിട്ടോ എന്തോ', കളിക്കിടെ അമ്പയറിനെ എറിഞ്ഞിട്ട് പൊള്ളാര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ മുംബൈയ്ക്കും ഏറെക്കുറെ പുറത്തായ കൊല്‍ക്കത്തയ്ക്കും ഒന്നും നേടാനോ നഷ്ടപ്പെടാനോ ഇല്ല. അതിനാല്‍ത്തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ഇരുവരും ശ്രമിക്കുന്നത്.

നേരത്തെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. കൊല്‍ക്കത്ത ഇന്നിംഗ്‌സിനിടെ നടന്ന രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

കൊല്‍ക്കത്തയ്‌ക്കെതിരെ ബൗള്‍ ചെയ്യുന്നതിനിടെ മുംബൈ ഓള്‍ റൗണ്ടര്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെ കൈയില്‍ നിന്നും പന്ത് വഴുതി അമ്പയര്‍ ക്രിസ് ഗാഫനിയുടെ മേല്‍ കൊള്ളുകയായിരുന്നു. സാമാന്യം വേഗത്തില്‍ തന്നെയായിരുന്നു ഗഫാനിയുടെ മേല്‍ പന്തടിച്ചത്.

എന്നാല്‍ കാര്യമായി പരിക്കേല്‍ക്കാതെ ഗഫാനി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോയും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമ്പയറിംഗ് മോശമായതിനാല്‍ പൊള്ളാര്‍ഡ് അമ്പയറിനെ എറിഞ്ഞിടാന്‍ ശ്രമിക്കുകയാണെന്നായിരുന്നു പലരും തമാശപൂര്‍വം പറഞ്ഞത്.

പൊള്ളാര്‍ഡിന്റെ കയ്യില്‍ നിന്നും വഴുതിയ പന്തില്‍ നിന്നും ഗഫാനി രക്ഷപ്പെട്ടെങ്കിലും കൊല്‍ക്കത്ത ബാറ്റര്‍മാരില്‍ നിന്നും പൊള്ളാര്‍ഡിന് രക്ഷയില്ലായിരുന്നു.

2 ഓവര്‍ മാത്രമെറിഞ്ഞ പൊള്ളാര്‍ഡിനെ കൊല്‍ക്കത്ത ബാറ്റര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിടുകയായിരുന്നു. 13 എക്കോണമിയില്‍ 26 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും കിട്ടിയതുമില്ല.

പൊള്ളാര്‍ഡിന് കാര്യമായി തന്നെ തല്ലുകൊണ്ടെങ്കിലും ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. 4 ഓവര്‍ എറിഞ്ഞ ബുംറ കേവലം 10 റണ്‍സ് മ്ത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് പിഴുതിരുന്നു.

നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ആറ് ഓവര്‍ പിന്നിടുമ്പോഴേക്കും 2 വിക്കറ്റ് നഷ്ടമായിട്ടുണ്ട്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം തിലക് വര്‍മയുമാണ് പുറത്തായിരിക്കുന്നത്. ശര്‍മ എന്നത്തെ പോലെ ഇന്നും പരാജയം തന്നെയായിരുന്നു. 6 പന്തില്‍ നിന്നും 2 റണ്‍സ് മാത്രമെടുത്താണ് രോഹിത് പുറത്തായത്.

Content highlight: Kieron Pollard accidentally hits umpire Chris Gaffaney with the ball

We use cookies to give you the best possible experience. Learn more