| Sunday, 15th October 2023, 4:00 pm

യൂറോയിൽ ഞങ്ങളുടെ പ്രതീക്ഷകൾ അവനിലാണ്; പ്രശംസയുമായി ഇംഗ്ലണ്ട് സഹതാരം

സ്പോര്‍ട്സ് ഡെസ്‌ക്
റയൽ മാഡ്രിഡിനായി ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം മികച്ച ഫോമിലാണ് കളിക്കുന്നത്. ഇപ്പോൾ താരം യൂറോ യോഗ്യത മത്സരങ്ങൾക്കായി ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പമാണുള്ളത്. ഈ സാഹചര്യത്തിൽ ജൂഡിനെ പ്രശംസിച്ച് മുന്നോട്ടുവന്നിരിക്കുകയാണ് സഹതാരം കെയ്റൻ ട്രിപ്പിയർ.
2024ൽ ജർമനിയിൽ വെച്ച് നടക്കുന്ന യൂറോ കപ്പിൽ ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിലും പങ്കാളിത്തം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ട്രിപ്പിയർ പറയുന്നത്.
‘ഇത്രയും ചെറുപ്പത്തിൽ തന്നെ ജൂഡിന്റെ പക്വത, ഗുണനിലവാരം, ആക്രമണോത്സുകത എന്നിവ കൊണ്ട് അവൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇത് അത്ഭുതമുള്ള കാര്യമല്ല കാരണം അവൻ റയൽ മാഡ്രിഡിൽ സെറ്റായികഴിഞ്ഞു. ജൂഡ് അവിടെ സ്വതന്ത്രമായി കളിക്കുന്നു ഒപ്പമുള്ള താരങ്ങൾ അവന് കളിക്കളത്തിൽ കൂടുതൽ അവസരങ്ങൾ നൽകുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ അവന് ഇപ്പോൾ വെറും 20 വയസ്സ് മാത്രമാണ് പ്രായം എന്നതാണ്,’ ട്രിപ്പിയർ മാധ്യമങ്ങളോട് പറഞ്ഞു.
 
ഈ സീസണിലാണ് താരം ജർമൻ വമ്പൻമാരായ ഡോർട്മുണ്ടിൽ നിന്നും റയലിന്റെ തട്ടകത്തിൽ എത്തുന്നത്. റയലിനായി ചാമ്പ്യൻസ് ലീഗിലും ലാ ലിഗയിലും താരം മിന്നും ഫോമിലാണ് കളിക്കുന്നത്.
  റയൽ മാഡ്രിനായി 11 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് താരം നേടിയത്. റയൽ മാഡ്രിനായി ആദ്യ പത്ത് മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന നേട്ടവും ജൂഡ് സ്വന്തമാക്കിയിരുന്നു. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡാണ് ജൂഡ് പഴംകഥയാക്കിയത്.
 യൂറോ യോഗ്യത മത്സരത്തിൽ ഒക്ടോബർ 18ന് ഇറ്റലിക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.
ഇംഗ്ലീഷ് ടീമിന്റെ ഹോം ഗ്രൗണ്ടായ വെബ്ലിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ അസൂറികൾക്കെതിരെ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlight: Kieran Trippier praises Jude Bellingham.
We use cookies to give you the best possible experience. Learn more