തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനത്തില്‍ മൂന്നാം യാത്രക്കാരായി കുട്ടികളെ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനത്തില്‍ രണ്ട് മുതിര്‍ന്നവരെ കൂടാതെ 12 വയസില്‍ താഴെയുള്ള ഒരു കുട്ടി കൂടി യാത്ര ചെയ്താല്‍ തല്‍ക്കാലം പിഴ ഈടാക്കേണ്ടതില്ലെന്നാണ് തിരുമാനം.
ഇരുചക്ര വാഹനത്തില്‍ രണ്ട് മുതിര്‍ന്നവരെ കൂടാതെ 12 വയസില്‍ താഴെയുള്ള ഒരു കുട്ടി കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുന്ന നിയമഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ 12 വയസിന് താഴെയുള്ള ഒരു കുട്ടി കൂടി യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കില്ലെന്നും ആന്റണി രാജു അറിയിച്ചു.
12 വയസില്‍ താഴെ ഉള്ള കുട്ടിക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. നാല് വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികളും ഹെല്‍മറ്റ് വെക്കണം. നാല് വയസില്‍ താഴെയുള്ള കുട്ടിയെ കാറില്‍ മുന്‍സീറ്റിലിരുത്താനും അനുവദിക്കും.
കേന്ദ്ര സര്‍ക്കാരിനോട് നിയമഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ മറുപടി കിട്ടും വരെ ഇളവ് തുടരുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. കേന്ദ്ര തീരുമാനം വന്ന ശേഷമാകും സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
നാളെ രാവിലെ എട്ട് മണി മുതല്‍ എ.ഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹെല്‍മെറ്റ് സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഉപയോഗം തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കുമെന്നും റോഡ് സുരക്ഷാ നിയമം കര്‍ശനമാക്കുന്നത് ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാനാണെന്നും മന്ത്രി അറിയിച്ചു.
‘വാഹന പരിശോധനാ സമയത്തെ തര്‍ക്കം ഒഴിവാക്കാന്‍ പുതിയ സംവിധാനം ഉപകരിക്കുമെന്നും 692 ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കി. എ.ഐ ക്യാമറകള്‍ വന്ന ശേഷം ഗതാഗതനിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഉണ്ടായിരുന്ന നിയമം അതേപടി തുടരും. ആരെയും ഒഴിവാക്കാന്‍ സാധിക്കില്ല,’ ഗതാഗത മന്ത്രി പറഞ്ഞു.