എന്നെ സംബന്ധിച്ച് നിങ്ങള്‍ എന്റെ അമ്മയുടെ സ്ഥാനത്താണ്. അള്ളൂഹു നിങ്ങളെ അനുഗ്രഹിക്കും.
ന്യൂദല്‍ഹി: വൃക്ക ദാനം ചെയ്യുന്നതില്‍ മതം ഒരിക്കലും തടസ്സമല്ലെന്നും അത്തരമൊരു മഹത്തായ മതത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കരുതെന്നും കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
തനിക്ക് കിഡ്‌നി നല്‍കാന്‍ തയ്യാറായി മുന്നോട്ട വന്ന മുസ്‌ലീം യുവാവിനോട് നന്ദിപറഞ്ഞുകൊണ്ടായിരുന്നു സുഷമയുടെ മറുപടി.
കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ദല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സുഷമ. ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് സുഷമ സ്വരാജിന് കിഡ്‌നി നല്‍കാന്‍ സന്നദ്ധരമായി മുന്നോട്ടുവരുന്നത്.
ഉത്തര്‍പ്രദേശിലെ ബി.എസ്.പി അനുകൂലിയായ മുജീബ് അന്‍സാരി എന്നയാളാണ് സുഷമസ്വരാജിന് കിഡ്‌നി നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത്.
“ഞാന്‍ ബി.എസ്.പിയെ പിന്തുണയ്ക്കുന്ന ഒരാളാണ്. അതിലുപരി ഒരു മുസ്‌ലീമാണ്. എന്റെ കിഡ്‌നി നിങ്ങള്‍ക്ക് ദാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. എന്നെ സംബന്ധിച്ച് നിങ്ങള്‍ എന്റെ അമ്മയുടെ സ്ഥാനത്താണ്. അള്ളൂഹു നിങ്ങളെ അനുഗ്രഹിക്കും. മുജീബ് ട്വിറ്ററില്‍ കുറിച്ച വാക്കുകളായിരുന്നു ഇത്.
നിയാമത്ത് അലി ഷെയ്ഖ്, ജാന്‍ ഷാ തുടങ്ങി മുസ്‌ലീം മതസ്ഥരായ നിരവധി പേര്‍ സുഷമയ്ക്ക് കിഡ്‌നി ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വിഷയത്തില്‍ മറുപടിയുമായി സുഷമ സ്വരാജ് രംഗത്തെത്തിയത്.
വൃക്ക ദാനം ചെയ്യുന്നതില്‍ മതം ഒരിക്കലും തടസ്സമല്ലെന്നും അത്തരമൊരു മഹത്തായ കാര്യത്തെ മതത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കരുതെന്നുമായിരുന്നു സുഷമ സ്വരാജിന്റെ വാക്കുകള്‍.
സുഷ്മ സ്വരാജിന് കിഡ്‌നി ദാനം ചെയ്യാന്‍ സന്നദ്ധരായി എയിംസ് ആശുപത്രിയെ സമീപിക്കുന്നത് നിരവധി ആളുകളാണ്.
നിരവധി പേര്‍ ഫോണ്‍ കോളുകളിലൂടെയും മറ്റുമായി ആശുപത്രി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ഫോണില്‍ബന്ധപ്പെടുന്ന പലര്‍ക്കും കിഡ്‌നി ദാനം ചെയ്യേണ്ടതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നാണ് അറിയേണ്ടതെന്നും എയിംസിലെ ഒരു ഡോക്ടര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
തന്റെ വൃക്ക തകരാറിലാണെന്നും ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നുമുള്ള സുഷമ സ്വരാജിന്റെ ട്വിറ്റിന് പിന്നാലെയാണ് വൃക്ക ദാനം നല്‍കാന്‍ സന്നദ്ധരായി ആളുകള്‍ മുന്നോട്ടുവരുന്നത്.
എത്ര ഫോണ്‍കോളുകളാണ് തനിക്ക് വന്നതെന്ന് കൃത്യമായി പറയാന്‍ പോലും കഴിയുന്നില്ലെന്നാണ് എയിംസിലെ ഒരു ഡോക്ടര്‍ പറഞ്ഞത്. ദിവസം ഒരു നാല്‍പത് കോളേങ്കിലും വന്നു. വിളിക്കുന്നവരോടൊന്നും എനിക്ക് മറുപടി പറയാന്‍ കഴിയുന്നില്ല. കാരണം വൃക്ക ദാനമായി സ്വീകരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.