| Tuesday, 26th June 2018, 12:21 am

റാന്നിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവാക്കളെ മലപ്പുറത്ത് കണ്ടെത്തി; വഴിയിലുപേക്ഷിച്ചത് മോചനദ്രവ്യം കിട്ടില്ലെന്നുറപ്പായപ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാന്നി: തട്ടിക്കൊണ്ടുപോയ യുവാക്കളെ വീട്ടുകാരില്‍ നിന്നും മോചനദ്രവ്യം കിട്ടില്ലെന്നുറപ്പായപ്പോള്‍ വഴിയിലുപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. ശനിയാഴ്ച തട്ടിക്കൊണ്ടു പോയ രണ്ടു യുവാക്കളെയാണ് പൊലീസ് വഴിയിരികില്‍ നിന്നും കണ്ടെത്തിയത്.

റാന്നി സ്വദേശികളായ ഐത്തല കൊച്ചേത്ത് സണ്ണിയുടെ മകന്‍ ഷിജി (27), താഴത്തേതില്‍ മോനച്ചന്റെ മകന്‍ ജിക്കുമോന്‍ (27) എന്നിവരെയാണു മലപ്പുറത്ത് തിരൂരിനടുത്തുള്ള വഴിയരികില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.

ബാറില്‍ നിന്നും മദ്യപിച്ചിറങ്ങിയ ഇരുവരുടെയും പിന്നാലെ കൂടിയ സംഘം ഇവരെ വിടാതെ പിന്തുടരുകയായിരുന്നു. പിന്നീട് അവസരമൊത്തു വന്നപ്പോള്‍ ഇവര്‍ ഇരുവരെയും കൊണ്ട് കടന്നുകളഞ്ഞു.

ALSO READ: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസ്; സമന്‍സ് വിതരണം ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

യുവാക്കളെ വിട്ടുകിട്ടണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സംഘം യുവാക്കളുടെ വീട്ടുകാരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തുടര്‍ച്ചയായി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിട്ടും വീട്ടുകാര്‍ വഴങ്ങിയില്ല. ലക്ഷങ്ങള്‍ നല്‍കാന്‍ വീട്ടുകാര്‍ തയ്യാറല്ലെന്ന് ഉറപ്പായതോടെ സംഘം രീതി മാറ്റുകയായിരുന്നു.

10,000 രൂപയെങ്കിലും കിട്ടിയേ തീരു എന്നായി പിന്നീട് തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ ആവശ്യം. ഇതും സാധിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞതോടെയാണ് റോഡരികില്‍ രണ്ടുപേരെയും ഉപേക്ഷിച്ച് കടന്നുകളയാന്‍ സംഘം തീരുമാനിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

യുവാക്കളെ കാണാതായ ഉടന്‍ തന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോയതാകാം എന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതോടെ പൊലീസും തട്ടിക്കൊണ്ടുപോകല്‍ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു.

ALSO READ: അമ്മ കുറ്റാരോപിതനൊപ്പം നില്‍ക്കുന്നു, സംഘടനയില്‍ തുടര്‍ന്ന് പോകാന്‍ താല്‍പര്യമില്ല; റിമ കല്ലിങ്കല്‍

സംഘത്തിലെ ഒരാളുടെ നമ്പര്‍ പൊലീസിനു കിട്ടിയതോടെ അന്വേഷണം സംഘത്തെ കേന്ദ്രീകരിച്ചു മുന്നോട്ട് നീങ്ങുകയായിരുന്നു. ഒടുവില്‍ പിടിക്കപ്പെടുമെന്ന് ഭയന്നാകാം സംഘം യുവാക്കളെ ഉപേക്ഷിച്ച് കടന്നുകളയാന്‍ തീരുമാനിച്ചതെന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

എത്രയും വേഗം തന്നെ ഇവരെ പിടികൂടുമെന്നും അന്വേഷണം കൂടുതല്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more