| Saturday, 13th January 2018, 1:23 pm

തട്ടിക്കൊണ്ടു പോയി തല തല്ലിച്ചതച്ച ശേഷം മരിച്ചെന്നു കരുതി കിടങ്ങില്‍ ഉപേക്ഷിച്ചു; വിദ്യാര്‍ഥിയെ 5 ദിവസത്തിനു ശേഷം ജീവനോടെ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: തട്ടിക്കൊണ്ടു പോയ ശേഷം മര്‍ദ്ദിച്ച് ബന്ദിയാക്കി ആഴമേറിയ കിടങ്ങില്‍ ഉപേക്ഷിച്ച വിദ്യാര്‍ത്ഥിയെ 5 ദിവസത്തിനു ശേഷം ജീവനോടെ കണ്ടെത്തി. ഇന്‍ഡോറിലെ ഷാഗഢ് സ്വദേശിയായ മൃദുല്‍ എന്ന ഇരുപതുകാരനെയാണ് കരിങ്കല്ലുപയോഗിച്ച് തലതല്ലിച്ചതച്ച ശേഷം ബന്ദിയാക്കി 500 മീറ്റര്‍ താഴ്ചയിലുള്ള കിടങ്ങില്‍ തള്ളിയത്.

ഇന്‍ഡോറില്‍ ബി.സി.എ വിദ്യാര്‍ത്ഥിയായിരുന്ന മൃദുല്‍ സുഹൃത്തായ സൗരഭ് സെന്നിനോടൊപ്പം പരദേശിപുരയിലെ ഒരുഅപ്പാര്‍ട്ടമെന്റില്‍ താമസിക്കുകയാണെന്നും ജനുവരി 7 മുതല്‍ ഇയാളെ കാണാതാവുകയായിരുന്നുവെന്നുമാണ് പെലീസ് പറയുന്നത്.

മൃദുലിനെ കാണാതായ ദിവസം സൗരഭും മറ്റു സുഹൃത്തുക്കളും പെലീസിനെ സമീപിച്ചുവെങ്കിലും പെലീസ് കേസ് ഗൗരവമായി എടുത്തിരുന്നില്ല. പിന്നീട് മൃദുലിന്റെ പിതാവ് മോഹിത് ഭല്ല പരാതി നല്‍കിയതോടെയാണ് പൊലാീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് സി.സി.ടി.വി ദുശ്യങ്ങളും ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളും അനുസരിച്ച് ഇന്‍ഡോര്‍ സ്വദേശികളായ ആകാശ് രത്‌നാകര്‍, രോഹിത് ഏലിയാസ്, പിയൂഷ്, വിജയ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ഇവരെ ചോദ്യം ചെയ്തതോടെ മൃദുലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. മൃദുലിന്റെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തു താമസിക്കുന്ന പെണ്‍കുട്ടിയുമായി ആകാശ് പ്രണയത്തിലാണെന്നും ഈ കുട്ടിയോട് മൃദുല്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയതായതായുള്ള സംശയമാണ് കൊലപാതക ശ്രമത്തിനു പിന്നിലെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ ബന്ധുവിന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മൃദുലിനെ ഇന്‍ഡോറില്‍ നിന്നും 35 കി.മീ അകലെയുള്ള ഒരു കാട്ടില്‍ കൊണ്ടുപോയ തങ്ങള്‍ കരിങ്കല്ലുകൊണ്ട് മര്‍ദ്ദിച്ച ശേഷം മരിച്ചെന്നു കരുതി ബന്ദിയാക്കി കിടങ്ങില്‍ തള്ളുകയായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

ഇന്‍ഡോറിലെ ബോംബെ ഹോസ്പിറ്റലിലുള്ള മൃദുലിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മൃദുലിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശരീരത്തിലെ ഗ്ലൂക്കോസ് ഏകദേശം പൂര്‍ണ്ണമായും നഷ്ടപ്പെട്ട അവസ്ഥയില്‍ പള്‍സ് നിരക്ക് 46 ആയി കുറഞ്ഞിരുന്നുവെന്നും അവന്‍ ജീവിച്ചിരിക്കുന്നത് അത്ഭുതകരമായ കാര്യമാണെന്നും മൃദുലിനെ പരിചരിച്ച ഡോക്ടര്‍ രവി ഭാഗല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more