ചാലക്കുടി: ചാലക്കുടി കാടുകുറ്റിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ എല്‍.കെ.ജി വിദ്യാര്‍ഥിനിയായ അനുശ്രീയെ കണ്ടെത്തി. തിരുവില്ലാമലയില്‍ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.[]
സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. സെന്റ് ജോര്‍ജ് സ്‌കൂളിന് സമീപം തന്നെയുള്ള പള്ളിയുടെ ഗേറ്റിനടുത്ത് നില്‍ക്കുകയായിരുന്നു കുട്ടി.
ഗേറ്റിനടുത്ത് നില്‍ക്കുന്ന കുട്ടിയെ കണ്ടപ്പോള്‍ പള്ളിവികാരിയും കന്യാസ്ത്രീയും കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വഴിതെറ്റിവന്നതാണെന്നായിരുന്നു മറുപടി.
അനുശ്രീയെ തന്നെയാണ് കണ്ടെത്തിയതെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടി പിതാവ് മധുവുമായും കുട്ടി പഠിച്ചിരുന്ന സ്‌കൂളിന്റെ പ്രിന്‍സിപ്പലുമായും സംസാരിച്ചു.
കുട്ടിക്ക് ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെന്നാണ് അറിയുന്നത്. രാവിലെ സ്‌കൂള്‍ മുറ്റത്തുനിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം മോചിപ്പിക്കാന്‍ 7 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മധുവിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചിരുന്നു. ആദ്യം 15 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഇത് ഏഴ് ലക്ഷം രൂപയാക്കി കുറയ്ക്കുകയായിരുന്നു.
പണമാവശ്യപ്പെട്ട് മൂന്ന് തവണ ഫോണ്‍ കോളുകള്‍ എത്തി. എന്നാല്‍ പിന്നീട് ഈ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
കൊടകര, പേരാമ്പ്ര ഭാഗങ്ങളില്‍ നിന്നായിരുന്നു ആദ്യം ഫോണ്‍ വിളിച്ചതെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ച് പോലീസ് കൂടുതല്‍ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിയെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആയതിനാല്‍ നിലവിലെ സ്ഥലം കണ്‌ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ 9.30നാണ് മാരുതി കാറില്‍ എത്തിയ സംഘം അനുശ്രീയെ തട്ടിക്കൊണ്ട് പോയത്.
വീട്ടില്‍നിന്ന് സ്‌കൂള്‍ വാനില്‍ സ്‌കൂള്‍ മുറ്റത്ത് വന്നിറങ്ങിയ ഉടനെ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ചാര നിറത്തിലുള്ള മാരുതി കാറിലുണ്ടായിരുന്ന ആള്‍ മിഠായി നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ അടുത്തേക്ക് വിളിക്കുകയായിരുന്നു.
അടുത്തേക്ക് ചെന്ന കുട്ടിയെ വാഹനത്തിനുള്ളിലേക്ക് വലിച്ചിട്ട് സംഘം കടക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാരെത്തി കുട്ടിയെ കാണാനില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കൊരട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവമറിഞ്ഞപ്പോള്‍ തന്നെ അതിര്‍ത്തികളില്‍ പോലീസ് വാഹന പരിശോധന ഉള്‍പ്പെടെ ആരംഭിച്ചിരുന്നു.