പത്ത് വയസോളം മാത്രം പ്രായം തോന്നുന്ന ഒരു കുട്ടി വിളിക്കുന്ന മുദ്രാവാക്യമാണ്, ‘അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളു, നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ട്’ – ഇത് സംഘികള്‍ക്കോ അല്ലെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് രാഷ്ട്രീയ എതിരാളികളായി കാണുന്നവര്‍ക്കോ എതിരെയാണെങ്കില്‍ പോലും ഈ മുദ്രാവാക്യത്തിലെ അപകടം കുറയുന്നില്ല.
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ബഹുജനറാലിയില്‍ മുഴങ്ങിയ മുദ്രാവാക്യത്തിന്, അതിന്റെ പശ്ചാത്തലങ്ങള്‍ക്ക്, അതിന്റെ ആഫ്കടര്‍ എഫക്ടിസിന് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ സാധിക്കും. തങ്ങള്‍ എഴുതി തയ്യാറാക്കി നല്‍കിയ മുദ്രാവാക്യത്തില്‍ പെട്ടതല്ല അവിടെ ഉയര്‍ന്നതെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വാദങ്ങള്‍ കൊണ്ട് അതിനെ ഇല്ലാതാക്കാനാകില്ല.
സംഘപരിവാര്‍ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍, നിയമവും അധികാരവും ദുരുപയോഗം ചെയ്ത് നടത്തുന്ന അതിക്രമങ്ങള്‍, നിയമത്തെ നോക്കുകൂത്തിയാക്കി നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ ഇതെല്ലാം അനുദിനം വര്‍ധിച്ചു വരികയാണെന്ന യാഥാര്‍ത്ഥ്യത്തെ കാണാതെയല്ല ഇത് പറയുന്നത്.
ആ അതിക്രമങ്ങളോടുള്ള പ്രതികരണങ്ങള്‍, സംഘപരിവാര്‍ തെരുവുകളില്‍ ഉയര്‍ത്തുന്ന അതേ മുദ്രാവാക്യങ്ങളാകുമ്പോള്‍, കയ്യും കാലും വെട്ടി പാണക്കാട്ടേക്ക് അയക്കും എന്ന രീതിയില്‍ തന്നെയാകുമ്പോള്‍ അത് മുസ്‌ലിങ്ങളെ അന്യവത്കരിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് തന്നെയാണ് ആക്കം കൂട്ടുന്നത്.
രാജ്യത്തെ ഭരണഘടനക്ക് പുല്ലുവില നല്‍കികൊണ്ട് സംഘപരിവാര്‍ ഈ രാജ്യത്ത് നടത്തുന്ന അതിക്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുകയെന്നത്, ഭരണഘടനയെ ഇല്ലാതാക്കി മനുസ്മൃതിയിലേക്ക് മടങ്ങാനുള്ള തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ എക്കാലത്തെയും അജണ്ട നടപ്പിലാക്കാന്‍ മാത്രമാണ് വഴിയൊരുക്കുക.
ഈ സംഭവം തന്നെ നോക്കുക ഈ കുട്ടി മുദ്രാവാക്യം വിളിച്ചത് ശരിക്കുമെടുത്ത് ഉപയോഗിച്ചവര്‍ ആരാണ്, ഏതൊക്കെ വേദികളിലാണ് ആ മുദ്രാവാക്യം വീണ്ടും വീണ്ടും മുഴങ്ങിക്കേട്ടത്. സംഘപരിവാര്‍ കേന്ദ്രങ്ങളാണ് ആ വീഡിയോ എടുത്തുപയോഗിച്ചത്. അതിലെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതും, ‘ദേ ഞങ്ങള്‍ പണ്ടേ പറഞ്ഞില്ലേ മുസ്‌ലിങ്ങളെ പേടിക്കണമെന്ന്, ഇപ്പോള്‍ നിങ്ങള്‍ക്ക് തെളിവ് കിട്ടിയില്ലേ’എന്ന രീതിയില്‍ ആഘോഷിച്ചതും സംഘപരിവാര്‍ തന്നെയാണ്.
മുസ്‌ലിങ്ങളെ ഹിന്ദുക്കളെ അപകടത്തിലാക്കുന്നവരും ഭയക്കേണ്ടവരുമായി ചിത്രീകരിക്കുന്നതില്‍ വിജയിക്കാന്‍ സംഘപരിവാറിന് സഹായമാകുന്നതിലൊരു ഘടകം മുസ്‌ലിം വിഭാഗങ്ങളിലെ തന്നെ തീവ്രനിലപാടുള്ള സംഘങ്ങളാണ്. അവര്‍ ഉള്ളതുകൊണ്ട് മാത്രമാണ് സംഘപരിവാറിന് ഇവിടെ വളരാന്‍ സാധിക്കുന്നത് എന്നല്ല, സംഘപരിവാറിന്റെ ഏറ്റവും ഹീനമായ പ്രവര്‍ത്തികളെ കുറച്ചു കാണുന്നതുമല്ല. പക്ഷെ സംഘപരിവാറിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഘടകങ്ങളെയും അവയുടെ യാഥാര്‍ത്ഥ്യത്തെയും കൂടി കാണാതിരിക്കാനാവില്ല.
സമാനമായ രീതിയില്‍, സംഘപരിവാറിന്റെ ഓരോ നീക്കങ്ങളും തങ്ങള്‍ക്കാവശ്യമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് മുസ് ലിങ്ങള്‍ക്കിടയിലെ സങ്കുചിത ചിന്താഗതികള്‍ പുലര്‍ത്തുന്ന തീവ്ര ഗ്രൂപ്പുകളാണ്. മുസ്‌ലിമിനെ സംരക്ഷിക്കാന്‍ മുസ്‌ലിം മാത്രമേയുള്ളു അതുകൊണ്ട് കയ്യില്‍ കിട്ടുന്നത് എടുത്ത് തിരിച്ചടിക്കുക എന്ന അവരുടെ ചിന്താഗതി കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഈ ഗ്രൂപ്പുകള്‍ ഓരോ അവസരവും ഉപയോഗിക്കും.
സംഘപരിവാറും പോപ്പുലര്‍ ഫ്രണ്ടും നേര്‍ക്കുനേരെന്നവണ്ണം കൊന്നുവീഴ്ത്തിയ, മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ നടന്ന ആലപ്പുഴയിലെയും പാലക്കട്ടേയും കൊലപാതകങ്ങള്‍ മലയാളികളെ വലിയ ആശങ്കയിലാക്കിയിരുന്നു. വര്‍ഗീയ കലാപങ്ങളിലേക്ക് നാടുനീങ്ങുകയാണോ എന്ന് എല്ലാവരും പേടിച്ചിരുന്നു.
വ്യത്യസ്ത മതവിഭാഗങ്ങള്‍ അടുത്തടുത്ത് താമസിക്കുന്ന, അതുകൊണ്ട് തന്നെ എല്ലാ മേഖലകളിലും വിവിധ മതങ്ങളില്‍ പെട്ടവര്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്ന കേരളം പോലൊരു സംസ്ഥാനത്ത്, മതത്തിന്റെ പേരിലുള്ള കലാപങ്ങളും അക്രമസംഭവങ്ങളും ഏറെ കുറവായ ഒരു സംസ്ഥാനത്ത്, ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദവും സമാധാനാന്തരീക്ഷവും തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ, അത് എവിടെ നിന്ന് വരുന്നതായാലും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കേണ്ടതുണ്ട്, കരുതലെടുക്കേണ്ടതുണ്ട്.
Content Highlight : A kid’s controversial sloganeering in Popular Front rally and Sangh Parivar making use of it