| Wednesday, 15th November 2017, 3:37 am

സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ; ശിശുദിനത്തില്‍ ഓടയില്‍ വീണ് രണ്ടരവയസുകാരന്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: സ്‌കൂള്‍ അധികൃതരുടെ അനാസ്ഥമൂലം ശിശുദിനത്തില്‍ രണ്ടരവയസുകാരന് ഓടയില്‍ വീണ് ദാരുണാന്ത്യം. തെലങ്കാനയിലെ ആര്‍.കെ നഗറിലെ അനില്‍കുമാറിന്റെയും വിശാലയുടെയും മകനായ നമ ശിവ രചിത്താണ് സ്‌കൂള്‍ ശിശുദിനാഘോഷത്തില്‍ മുഴുകവെ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലെ തുറന്നിട്ട ഓടയില്‍ വീണ് മരിച്ചത്.

ശിവയുടെ അമ്മ സ്‌കൂളില്‍ നിന്ന് മകനെ തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടപോകാനെത്തുന്നതുവരെ കുഞ്ഞിനെ കാണാതായ വിവരം സ്‌കൂള്‍ അധികൃതരും അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ അന്വേഷിച്ച് സ്‌കൂളിലെത്തിയപ്പോള്‍ കുട്ടി സ്‌കൂളിലെത്തിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടിയെന്ന് കുട്ടിയുടെ അമ്മയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: റോഹിംഗ്യകളെ തിരികെ നാട്ടിലേക്ക് പ്രവേശിപ്പിക്കണമെന്ന് സൂകിയോട് യു.എന്‍


തുടര്‍ന്ന് കുട്ടിയുടെ അച്ഛനും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിലാണ് ശിവ ഓടയില്‍ വീണ കാര്യം അറിയുന്നത്. വെള്ളം പുറത്തേക്കൊഴിവാക്കുന്നതിന് വേണ്ടി ഓടയിലെ സ്ലാബ് മാറ്റിയിട്ടിരുന്നു. എന്നാല്‍ പിന്നീട് ഇത് അടച്ചുവെക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിനു കാരണം.

അതേസമയം തന്റെ ഭര്‍ത്താവും സുഹൃത്തുക്കളും ഏറെ തര്‍ക്കിച്ചതിനുശേഷമാണ് തങ്ങളെ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് കയറ്റിയതെന്നും അതുവരെ കുട്ടി സ്‌കൂളിലെത്തിയിട്ടില്ലെന്ന് പറഞ്ഞ് അധികൃതര്‍ സകൂളില്‍ കയറുന്നത് വിലക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ സ്‌കൂളില്‍ പ്രവേശിച്ച ഇവരാണ് കുട്ടിയുടെ ബാഗ് ക്ലാസിലുണ്ടെന്ന് സ്‌കൂള്‍ അധികൃതരെ ബോധ്യപ്പെടുത്തിയത്.


Also Read: റാം റഹീം ജയിലിന് പുറത്തോ? ഇതുവരെ റാം റഹീമിനെ ജയിലില്‍ കണ്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി സഹതടവുകാരന്‍


തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഓടയില്‍ കുഞ്ഞ് വീണത് വെളിവാകുന്നത്. സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ശേഷം സ്‌കൂളിനെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more