ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുകയാണ് അജയ് ദേവ്ഗണിന്റെ ഹിന്ദി ദേശീയ ഭാഷയാണെന്ന ട്വീറ്റും അതിന് കിച്ച സുദീപ് കൊടുത്ത മറുപടിയും. ഹിന്ദി ദേശീയ ഭാഷയല്ലെന്ന കിച്ച സുദീപിന്റെ അഭിപ്രായത്തോട് ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ നിങ്ങള്‍ എന്തിനാണ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതെന്നായിരുന്നു അജയ് ദേവ്ഗണ്‍ ചോദിച്ചത്.
‘നിങ്ങള്‍ ഹിന്ദിയില്‍ അയച്ച ടെക്സ്റ്റ് എനിക്ക് മനസ്സിലായി. ഞങ്ങളെല്ലാവരും ഹിന്ദിയെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും പഠിക്കുകയും ചെയ്തത്‌കൊണ്ടാണത്. അതില്‍ വിരോധമില്ല. പക്ഷേ എന്റെ പ്രതികരണം കന്നഡയില്‍ ടൈപ്പ് ചെയ്താല്‍ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്, ഞങ്ങളും ഇന്ത്യക്കാരല്ലേ സര്‍,’ എന്നാണ് കിച്ച സുദീപ് അജയ് ദേവ്ഗണിന് മറുപടി നല്‍കിയത്.
ഹിന്ദി ദേശീയ ഭാഷയല്ലെന്ന കിച്ച സുദീപിന്റെ അഭിപ്രായത്തോട് അജയ് ദേവ്ഗണിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
‘താങ്കള്‍ പറഞ്ഞത് പ്രകാരം ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ താങ്കളുടെ മാതൃഭാഷയിലുള്ള ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നത്. ഹിന്ദി എല്ലായ്‌പ്പോഴും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും,’ എന്നാണ് അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഇതിന് പിന്നാലെ അജയ് ദേവഗണിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഹിന്ദി ദേശീയ ഭാഷയല്ലെന്നും 23 ഔദ്യോഗിക ഭാഷകളിലൊന്ന് മാത്രമാണെന്നും വ്യക്തമാക്കി നിരവധി പേരാണ് രംഗത്ത് വന്നത്. ഇതോടെ അജയ് ദേവ്ഗണിന്റെ വിശദീകരണവും എത്തി.
‘കിച്ച സുദീപ്, നിങ്ങള്‍ എന്റെ സുഹൃത്താണ്. തെറ്റിദ്ധാരണ നീക്കിയതിന് നന്ദി. ഞാന്‍ എപ്പോഴും സിനിമാ വ്യവസായത്തെ ഒന്നായിട്ടാണ് കരുതിയിരുന്നത്. ഞങ്ങള്‍ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നു, എല്ലാവരും നമ്മുടെ ഭാഷയെയും ബഹുമാനിക്കണമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ, വിവര്‍ത്തനത്തില്‍ എന്തെങ്കിലും വിട്ടുപോയതായിരിക്കാം,’ അജയ് ദേവ്ഗണ്‍ കുറിച്ചു. എങ്കിലും പഴയ ട്വീറ്റ് നീക്കം ചെയ്യാന്‍ അദ്ദേഹം തയാറായിട്ടില്ല.
Content Highlight: Kicha Sudeep responds to Ajay Devgn’s Hindi tweet