കണ്ണൂര്‍ വിമാനത്താവളം: ഈ ആഹ്ലാദങ്ങള്‍ക്കിടയിലും കരയുന്ന ചില മനുഷ്യരുണ്ട്; നഷ്ടപരിഹാരത്തിന്റെയും പുനരധിവാസത്തിന്റെയും കേരളാ മോഡലിന്റെ ഇരകള്‍
Kerala News
കണ്ണൂര്‍ വിമാനത്താവളം: ഈ ആഹ്ലാദങ്ങള്‍ക്കിടയിലും കരയുന്ന ചില മനുഷ്യരുണ്ട്; നഷ്ടപരിഹാരത്തിന്റെയും പുനരധിവാസത്തിന്റെയും കേരളാ മോഡലിന്റെ ഇരകള്‍
ജിന്‍സി ടി എം
Wednesday, 12th December 2018, 4:07 pm

കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിന് അടുത്തുള്ള ആനക്കുനിയെന്ന പ്രദേശത്താണ് ശശീന്ദ്രന്റെ വീട്. വടക്കേ മലബാറിലെ വലിയൊരു വിഭാഗം കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനം ആഘോഷിക്കുമ്പോള്‍ ശശീന്ദ്രനെപ്പോലുളള പ്രദേശവാസികളായ കുറച്ചുപേര്‍ കിടപ്പാടത്തിനായി ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ്.

പാറനിറഞ്ഞ പ്രദേശം എയര്‍പോര്‍ട്ടാക്കി രൂപപ്പെടുത്തുന്നതായി ബ്ലാസ്റ്റിങ് നടത്തുന്നതിനിടെയാണ് ശശീന്ദ്രന്റെ വീടിനു കേടുപാടുപറ്റിയത്. “മെയിന്‍ വാര്‍പ്പില്‍ പലയിടങ്ങളിലും വിള്ളലുകളുണ്ട്. ചുവരിലും പൊട്ടലുണ്ട്. ഈ മഴക്കാലത്ത് ചോര്‍ന്നൊലിച്ചപ്പോള്‍ ചിലയിടത്തുനിന്നും കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുകയും ചെയ്തു. അതോടെ തല്‍ക്കാലത്തേക്ക് മുകളിലൊരു ഷീറ്റിട്ടാണ് വീടിനുള്ളില്‍ കഴിഞ്ഞുകൂടിയത്.” ശശീന്ദ്രന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ഇത് കേവലം ഒരു ശശീന്ദ്രന്റെ മാത്രം അവസ്ഥയല്ല. അയല്‍വക്കത്തുള്ള പല വീടുകളുടെയും സ്ഥിതി ഇതുതന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. ആനക്കുനി മേഖലയില്‍ തന്നെയുള്ള രാജന്‍ പറയുന്നത് തന്റെ വീട് പുനര്‍നിര്‍മ്മിക്കേണ്ട അവസ്ഥയാണെന്നാണ്. അടിത്തറ തന്നെ പലയിടത്തും താഴ്ന്നു. ചുവരുകളിലെല്ലാം നല്ല വിള്ളലുമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. “ശരിക്കുപറഞ്ഞാല്‍ വീട് തകര്‍ന്നു കഴിഞ്ഞു. പൊളിച്ചുമാറ്റുകയെന്നതല്ലാതെ വേറൊന്നും ചെയ്യാന്‍ കഴിയില്ല. ഡിന്റല് വാര്‍ത്തിട്ട് അത് പൊട്ടണമെങ്കില്‍ അതിന് അതിന്റേതായ കാഠിന്യമുണ്ടല്ലോ” അദ്ദേഹം പറയുന്നു.

പ്രാദേശിക പ്രതിഷേധമൊന്നുമില്ലാതെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാക്കിയെന്ന് പലരും അവകാശപ്പെടുമ്പോഴും ശശീന്ദ്രനേയും രാജനേയും പോലുള്ളവര്‍ക്ക് പറയാനുള്ളത് തങ്ങള്‍ വഞ്ചിക്കപ്പെട്ട കഥയാണ്. വീടിനു കേടുപാടുപറ്റിയെന്ന് ചൂണ്ടിക്കാട്ടി അധികാരികള്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് പരിശോധന നടത്തി റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അര്‍ഹമായ നഷ്ടപരിഹാരം മിക്കയാളുകള്‍ക്കും കിട്ടിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

“21,000 രൂപയാണ് എനിക്കു കിട്ടിയത്. കേടുപറ്റിയ വീടിന് പെയിന്റടിക്കാന്‍ പോലും ഈ തുക തികയില്ല” എന്നാണ് രാജന്‍ അദ്ദേഹം പറയുന്നത്. ആദ്യ ഗഡുവെന്ന നിലയില്‍ 30000 രൂപമാത്രമാണ് ശശീന്ദ്രന് കിട്ടിയത്. ഏതു നിമിഷവും സര്‍ക്കാര്‍ അധികൃതര്‍ പരിശോധന നടത്തിയേക്കാമെന്ന പ്രതീക്ഷയില്‍ താല്‍ക്കാലികമായെങ്കിലും ചോര്‍ച്ച ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ പോലും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് ഇവര്‍ പറയുന്നത്.

ഇരുവരും രണ്ടുവര്‍ഷം മുമ്പു തന്നെ അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ ജഡ്ജിമാരെ നിയമിക്കാത്തതിനാല്‍ ചെന്നൈയിലെ ഹരിത ട്രൈബ്യൂണല്‍ അടച്ചുപൂട്ടിയതിനാല്‍ കോടതിയില്‍ നിന്നുള്ള തീരുമാനവും നീണ്ടു പോകുകയാണ്.

എയര്‍പോര്‍ട്ടിനായി ഏറ്റെടുത്ത സ്ഥലത്ത് ആദ്യത്തെ സ്‌ഫോടനം നടത്തുന്നത് 2015 സെപ്റ്റംബര്‍ 20 നായിരുന്നു. അന്ന് നൂറോളം വീടുകള്‍ക്ക് കേടുപാടുപറ്റിയെന്നാണ് പൊതുപ്രവര്‍ത്തകനായ ഷാജി ഡൂള്‍ന്യൂസിനോടു പറഞ്ഞത്. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടറായിരുന്ന ഹരിത വി.നായരാണ് ഇതുസംബന്ധിച്ച അന്വേഷണത്തിനായി വന്നത്. 22 വീടുകള്‍ക്കു മാത്രമേ കേടുപാടു സംഭവിച്ചിട്ടുള്ളൂവെന്നും സ്‌പോടനം എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നും നിര്‍ദേശിക്കുന്നതായിരുന്നു അസിസ്റ്റന്റ് കലക്ടറുടെ റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ട് മുഖലവിലയ്‌ക്കെടുത്താണ് തുടര്‍ന്ന് ഇവര്‍ക്ക് സ്‌ഫോടനം നടത്താനുള്ള അനുമതി ലഭിക്കുന്നത്. അത് ലഭിച്ചശേഷം ഏഴ് ഘട്ടങ്ങളിലായി പിന്നീട് അവിടെ സ്‌ഫോടനം നടത്തുകയുണ്ടായി. ഈ ഏഴ് ഘട്ടങ്ങളായുള്ള സ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു.

ഇതില്‍ 823 വീടുകള്‍ക്ക് ഇതിനകം ചെറിയ തുകയാണെങ്കില്‍ കൂടി നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കുറേയേറെപ്പേരുടെ അപേക്ഷകള്‍ ഇപ്പോഴും കണ്ണൂര്‍ കലക്ട്രേറ്റില്‍ പരിഗണന കാത്തുകിടക്കുകയാണ്.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ 10%ത്തോളം ആളുകള്‍ക്ക് ഒരു രൂപപോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് മട്ടന്നൂര്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ പുരുഷോത്തമന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മറ്റുള്ളവര്‍ക്കാകട്ടെ ലഭിച്ചത് തുച്ഛമായ തുകയും. “90%ത്തോളം ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു. പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ രൂപയാണ് നല്‍കിയിട്ടുള്ളത്. 30 ആള്‍ക്കോ മറ്റോ കിട്ടാന്‍ ബാക്കിയുണ്ട്” എന്നാണ് അദ്ദേഹം പറഞ്ഞത്. നഷ്ടത്തിന്റെ മൂല്യം തിട്ടപ്പെടുത്താന്‍ വൈകുന്നതാണ് നഷ്ടപരിഹാരം വൈകുന്നതിനു കാരണമെന്നാണ് അദ്ദേഹം ഡൂള്‍ന്യൂസിനോടു വിശദീകരിച്ചത്.

സര്‍ക്കാര്‍ ഇതിനകം നല്‍കിയിരിക്കുന്നത് ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷത്തി എണ്‍പത്തി ഏഴായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി നാല് രൂപയാണെന്നാണ് ഷാജി പറയുന്നത്. ഒരു കോടി 26 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്. ഇതില്‍ മൂന്നുലക്ഷത്തി അന്‍പത്തിയൊന്നായിരം രൂപ കിയാലില്‍ ഡെപ്പോസിറ്റായി കിടപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.

ബ്ലാസ്റ്റിന് അനുമതി നേടിയെടുത്തത് ചട്ടവിരുദ്ധമായി:

2013 നവംബര്‍ 5നാണ് കണ്ണൂര്‍ എയര്‍പോര്‍ട്ടിനായുള്ള എയര്‍സൈഡ്വര്‍ക്കിനുള്ള കരാര്‍ ഘ& ഠക്ക് ലഭിച്ചത്. അവസാന ലാപ് ഓടിയ മറ്റ് മൂന്ന് കമ്പനികളെ ബഹുദൂരം പിന്‍തള്ളിയാണ് 694 കോടിക്ക് L& T കരാര്‍ നേടുന്നത്.

ഘ& ഠ യുടെ ചീഫ് പ്രോജക്ട് മാനേജര്‍ ശ്രീകുമാറാണ് സ്‌ഫോടനത്തിനായി അനുമതി തേടിക്കൊണ്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ആ സമയത്ത് എ.ഡി.എമ്മായിരുന്ന മുഹമ്മദ് അസ്‌ലം മുന്നോട്ടുവെച്ച നടപടിക്രമത്തില്‍ ചില നിബന്ധനകള്‍ വെച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്‌ഫോടനത്തിനിടയ്ക്ക് അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം കമ്പനിക്കും ചീഫ് പ്രോജക്ട് മാനേജര്‍ക്കുമാണെന്ന നിബന്ധനയാണ്.

“അസ്വാഭാവികമായ എന്തെങ്കിലും സംഭവം ഉണ്ടാവുകയാണെങ്കില്‍, മുഴുവന്‍ ഉത്തരവാദിത്തവും ലൈസന്‍സിക്കും, സബ് കരാറുകാരനും, ഘ & ഠയുടെ ചീഫ് പ്രോജക്ട് മാനേജര്‍ക്കുമാണ്. ജോലി പൂര്‍ത്തിയാകുന്നതുവരെ ഉപയോഗിച്ച സ്‌ഫോടനവസ്തുക്കള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ മാസവും പത്താം തിയ്യതിക്കു മുമ്പ് ലൈസന്‍സിയും സബ് കരാറുകാരനും സമര്‍പ്പിക്കണം” എന്നാണ് കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.കെ ശ്രീകുമാര്‍ ബ്ലാസ്റ്റിങ്ങിന് അനുമതി നല്‍കിക്കൊണ്ട് 2014 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ അന്നത്തെ കണ്ണൂര്‍ കലക്ടറായിരുന്ന പി. ബാലകിരണ്‍ ഈ നിബന്ധന ഒഴിവാക്കിക്കൊണ്ടാണ് ഘ & ഠയ്ക്ക് എന്‍.ഒ.സി നല്‍കിയത്. ഈ ഒറ്റക്കാരണം കൊണ്ട് നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും കരാറുകാരനായ L & Tയെ ഒഴിവായിരിക്കുകയാണ്. സര്‍ക്കാറിനാണ് നിലവില്‍ നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്തം.

കണ്ണൂര്‍ ജില്ലാ കലക്ടര്‍ നല്‍കിയ എന്‍.ഒ.സി

സ്‌ഫോടനത്തിന് L & T അനുമതി തേടിയത് ഡീറ്റെയ്ല്‍ഡ് പ്രോജക്ട് പ്ലാനിങ് പ്രകാരവുമില്ല. ഡി.പി.ആറില്‍ സ്‌ഫോടനം നടത്തണമെന്ന കാര്യം പറഞ്ഞിട്ടില്ല. സ്‌ഫോടനം നടത്തേണ്ട ആവശ്യകതയുണ്ടാകുമെന്ന കാര്യം പറഞ്ഞിരുന്നെങ്കില്‍ നിയമപ്രകാരം പരിസ്ഥിതി ആഘാത പഠനം നടത്താതെ സ്‌ഫോടനത്തിന് അനുമതി ലഭിക്കില്ലായിരുന്നു.

ഡി.പി.ആറില്‍ ഇക്കാര്യം പരാമര്‍ശിക്കാത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഷാജി പറയുന്നത്. “കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം പറഞ്ഞത് ഞാന്‍ അവിടെ ചെന്നു നോക്കുമ്പോള്‍ കല്ലും പാറയും ധാരാളം ഉണ്ടായിരുന്നു എന്നാണ്. അങ്ങനെയൊരു സ്ഥലത്ത് ബ്ലാസ്റ്റിങ് നടത്തുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ ഇവര്‍ പുനരധിവസിപ്പിച്ചവര്‍ക്ക് കേടുപാടു പറ്റുമോയില്ലയോ എന്ന് തീരുമാനിക്കുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടിവരും. ഇത് ഡി.പി.ആറില്‍ രേഖപ്പെടുത്താതെയിരുന്നത് ഗൂഢാലോചനയാണ്. കാരണം അങ്ങനെ ചെയ്തുകഴിഞ്ഞാല്‍ ഇവര്‍ക്ക് വിമാനത്താവളത്തിന് അനുമതി ലഭിക്കില്ലെന്ന് അറിയാം. ” ഷാജി പറഞ്ഞു.

കേരള ഖനന ചട്ടത്തേയും മറികടന്നു:

പദ്ധതി പ്രദേശത്തുണ്ടായിരുന്ന ചെങ്കല്ലും കരിങ്കല്ലും വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അവിടെ ഉപയോഗിച്ചിരുന്നു. ഇത്തരത്തില്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അതിനു വിലയിട്ട് സര്‍ക്കാറിനു കൊടുക്കാനുള്ള ബാധ്യത ജില്ലാ കലക്ടര്‍ക്കും ജില്ലാ ജിയോളജിസ്റ്റിനുമാണ്. എന്നാല്‍ കേരളാ ഖനന ചട്ടം 52 (b) കരാറുകാര്‍ക്ക് കൂടി ബാധകമാകുന്ന വിധത്തില്‍ ഭേദഗതി ചെയ്ത് ഉത്തരവിറക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

സ്‌ഫോടനത്തിന് നാഗ്പൂരില്‍ നിന്നും ലഭിച്ച അനുമതി പ്രകാരം സര്‍വ്വേ 86ല്‍ ബ്ലാസ്റ്റിങ് നടത്താന്‍ വേണ്ടിയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈ വിമാനത്താവളം സര്‍വ്വേ നമ്പര്‍ 85 മുതല്‍ 105 വരെയുള്ള 2000 ഏക്കറിലാണുള്ളത്. 86 ല്‍ ബ്ലാസ്റ്റിങ് നടത്താന്‍ ലഭിച്ച അനുമതിയുടെ മറവില്‍ മറ്റിടങ്ങളില്‍ കൂടി ബ്ലാസ്റ്റിങ് നടത്തുകയാണ് അവര്‍ ചെയ്തിരിക്കുന്നത്.

കലക്ടറുടെ ഇടപെടലും സംശയത്തിന്റെ നിഴലില്‍:

അന്നത്തെ കണ്ണൂര്‍ കലക്ടറായിരുന്ന ബാലകിരണിന്റെ ഇടപെടലുകളും സംശയത്തിന്റെ നിഴലിലാണ്. കലക്ടര്‍ ഇടപെട്ടാണ് നഷ്ടപരിഹാരത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും L & T കമ്പനിയെ രക്ഷിച്ചതെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. നഷ്ടപരിഹാരത്തിന്റെ ബാധ്യത ഘ & ഠ യ്ക്ക് ആയിരിക്കുമെന്ന എ.ഡി.എമ്മിന്റെ നിബന്ധന അട്ടിമറിച്ചതാണ് കലക്ടറുടെ ഇടപെടലിന് തെളിവായി ഉയര്‍ത്തിക്കാട്ടുന്നത്.

“നഷ്ടപരിഹാര ബാധ്യത സര്‍ക്കാറില്‍ നിന്നും ഒഴിവാക്കുന്ന എ.ഡി.എമ്മിന്റെ വ്യവസ്ഥ കലക്ടര്‍ ബാലകിരണ്‍ ഇടപെട്ടാണ് ലഘൂകരിച്ചത്. ഇദ്ദേഹം പിന്നീട് കിയാല്‍ എം.ഡിയായി വന്നു. ഇദ്ദേഹത്തിന്റെ ഇടപെടലിനെതിരെ ലോകായുക്തയില്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് അദ്ദേഹം ആരോപണത്തിനാധാരമായ സ്ഥാപനത്തിന്റെ എം.ഡിയായി വരുന്നത്.” ഷാജി പറയുന്നു.

കര്‍മ്മസമിതിയും ഇരകളെ വഞ്ചിച്ചു:

ബ്ലാസ്റ്റിങ് കാരണം നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്നവര്‍ ചേര്‍ന്ന് 2016ല്‍ ഒരു കര്‍മ്മ സമിതി രൂപീകരിക്കുകയും നഷ്ടപരിഹാരത്തിനായി സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. സി.പി.ഐ.എം നേതാവ് ഇ.പി ജയരാജന്റെ നേതൃത്വത്തിലായിരുന്നു കര്‍മ്മസമിതി പ്രവര്‍ത്തിച്ചത്. ചില സമര പരിപാടികളും ഇതിനുവേണ്ടി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചിലയാളുകള്‍ക്ക് ചെറിയ തോതില്‍ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കര്‍മ്മസമിതിയും പിന്നോട്ടു പോകുന്നതാണ് കണ്ടത്.

സി.പി.ഐ.എമ്മിന് ഏറെ സ്വാധീനമുള്ള മേഖലയാണിതെന്നതിനാല്‍ പാര്‍ട്ടി ഇടപെട്ട് നഷ്ടപരിഹാരത്തിനായുള്ള നീക്കങ്ങള്‍ തടയുകയാണുണ്ടായതെന്നാണ് വീടു നഷ്ടമായവര്‍ പറയുന്നത്. “പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുറേയാളുകള്‍ക്ക് ഒരുലക്ഷവും രണ്ടുലക്ഷവുമൊക്കെ നഷ്ടപരിഹാരമായി നല്‍കി. മറ്റുള്ളവര്‍ക്ക് അയ്യായിരം പതിനായിരമൊക്കെയാണ് കൊടുത്തത്.” എന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ കീഴല്ലൂര്‍ പഞ്ചായത്തില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃനിരയിലുണ്ടായിരുന്നയാളും പ്രദേശത്തെ സി.പി.ഐ.എം നേതാവും ഇപ്പോള്‍ കീഴല്ലൂര്‍ പഞ്ചായത്ത് അംഗവുമായ രുധി ഇത്തരം ആരോപണങ്ങള്‍ തള്ളുകയാണ് ചെയ്തത്. “നഷ്ടപരിഹാരമായി ഒരു രൂപപോലും കൊടുക്കാത്ത അവസ്ഥയുണ്ടായിരുന്നു. അപ്പോഴാണ് ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി സമരത്തിനിറങ്ങിയത്. അപ്പോള്‍ അവര്‍ പൈസ കൊടുക്കാമെന്നു പറഞ്ഞു. എല്ലാവര്‍ക്കും ആദ്യ ഗഡു കിട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നഷ്ടം വന്നത് ഞങ്ങളുടെ പ്രദേശത്താണ്. പൈസ വാങ്ങിയാലും കേസു കൊടുക്കാമെന്നു വന്നപ്പോഴാണ് കേസിനു പോയത്. അതുകൊണ്ടാണ് ആക്ഷന്‍ കമ്മിറ്റി പിരിഞ്ഞത്. ” എന്നാണ് രുധി ഡൂള്‍ന്യൂസിനോടു പറഞ്ഞത്.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. “ഞാന്‍ നഷ്ടപരിഹാരത്തിന് കൊടുത്തിട്ടില്ല. അവിടുത്തെ പാര്‍ട്ടിയുടെ സെക്രട്ടറി ഞാനാണ്. ഇത്തരം ആക്ഷേപങ്ങള്‍ ഭയന്നാണ് നഷ്ടപരിഹാരത്തിനു പോലും നീങ്ങാതിരുന്നത്. ” എന്നാണ് അദ്ദേഹത്തിന്റെ വാദം.

കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ പരിശോധന നടത്തിയ ജില്ലാ ഭരണകൂടം തന്നെ കമ്പനിക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്ന ആക്ഷേപവുമുണ്ട്. “സൈറ്റില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് മാത്രമാണ് ബ്ലാസ്റ്റിങ്ങിന്റെ പ്രകമ്പനം ഉണ്ടാവുകയെന്നാണ് ജില്ലാ ഭരണകൂടം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രകമ്പനം ഭൂമിക്കടയിലൂടെ സഞ്ചരിച്ച് വീടുകളുടെ ചുമരുകളും അടിത്തറയും വരെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥനും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. തുടക്കത്തില്‍ പരിശോധന നടത്തിയ അസിസ്റ്റന്റ് കലക്ടറോ പിന്നീടു സ്ഥലം പരിശോധിച്ച തഹസില്‍ദാറോ ആരും തന്നെ ഇത്തരമൊരു വിഷയം ചൂണ്ടിക്കാട്ടിയില്ലെന്നും അതാണ് ഇത്രയധികം കുടുംബങ്ങളെ ദുരിതത്തിലാക്കിയത്” ഷാജി പറയുന്നു.

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.