കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു
Big Buy
കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd July 2016, 3:33 pm

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോറിന്റെ സഹസ്ഥാപനം കിയ മോട്ടോഴ്‌സ് കോര്‍പറേഷന്‍ ഇന്ത്യയില്‍ നിര്‍മാണശാല സ്ഥാപിക്കാനൊരുങ്ങുന്നു. അടുത്ത മാസത്തോടെ ഇന്ത്യയിലെ ആദ്യ നിര്‍മ്മാണശാലയ്ക്കുള്ള സ്ഥലം സംബന്ധിച്ചു തീരുമാനമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

18ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളില്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ സപ്ലയര്‍ ശൃംഖല പ്രയോജനപ്പെടുത്താനാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള കിയ മോട്ടോഴ്‌സിന്റെ പദ്ധതി. 2019ല്‍ പ്രവര്‍ത്തനക്ഷമമാവുമെന്നു കരുതുന്ന ശാലയുടെ വാര്‍ഷിക ഉല്‍പ്പാദനശേഷി മൂന്നു ലക്ഷത്തോളം യൂണിറ്റാകും.

പുതിയ ബിസിനസ് സാധ്യത തേടിയുള്ള അന്വേഷണത്തിലാണു വാഹന നിര്‍മ്മാണത്തില്‍ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തുള്ള ഹ്യുണ്ടായ്-കിയ സഖ്യം ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഒരുങ്ങുന്നത്.

പുതിയ ശാലയ്ക്കായി കിയ മോട്ടോഴ്‌സ് നടത്തുന്ന നിക്ഷേപം എത്രയാവുമെന്നു വ്യക്തമല്ല. ഇന്ത്യയില്‍ ഏതൊക്കെ മോഡലുകളാവും കമ്പനി നിര്‍മ്മിക്കുകയെന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ മൂന്നു സ്ഥലങ്ങളാണു ശാലയ്ക്കായി കിയ പരിഗണിക്കുന്നത്; ഓഗസ്റ്റില്‍ സ്ഥലനിര്‍ണയം നടത്തി സെപ്റ്റംബറോടെ മോഡല്‍ ശ്രേണി പ്രഖ്യാപിക്കാനാണു കമ്പനി തയാറെടുക്കുന്നതെന്നാണ് സൂചന.

കിയ ശാലയ്ക്കായി ആന്ധ്രപ്രദേശും മഹാരാഷ്ട്രയും ഗുജറാത്തുമാണു സജീവമായി രംഗത്തുള്ളത്. നിലവില്‍ ഹ്യുണ്ടായിയുടെ ശാലകള്‍ തമിഴ്‌നാട്ടിലായതിനാല്‍ അയല്‍പക്കത്തുള്ള ആന്ധ്രപ്രദേശിനു പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന സര്‍ക്കാര്‍.