മുബൈ: ചേച്ചി ജാന്‍വി കപൂറിനു പിന്നാലെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ശ്രീദേവിയുടേയും ബോണി കപൂറിന്റേയും ഇളയ മകള്‍ ഖുഷി കപൂര്‍. ബോളിവുഡിലെ താരപുത്രിയുടെ സിനിമാ അരങ്ങേറ്റ വിവരം പുറത്തുവിട്ടിരിക്കുന്നത് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ്.
ആലിയ ഭട്ട്, വരുണ്‍ ധവാന്‍ തുടങ്ങി നിരവധി സ്റ്റാര്‍ കിഡ്സിനെ ബോളിവുഡിന് പരിചയപ്പെടുത്തിയ കരണ്‍ ജോഹറിന്റെ ചിത്രത്തിലൂടെ തന്നെയാണ് ഖുഷിയുടെ അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍.
നേഹ ദൂപിയയുടെ ചാറ്റ് ഷോയിലാണ് കരണ്‍, ഖുഷി കപൂറിന്റെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കരണ്‍ തയ്യാറായില്ല.
കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ തന്നെയായിരുന്നു ജാന്‍വിയുടേയും സിനിമാ അരങ്ങേറ്റം.
അടുത്ത വര്‍ഷം ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുമെന്നും കരണ്‍ വെളിപ്പെടുത്തി. “ഗോര്‍ജസ് ആന്റ് ലവ്ലി” എന്നാണ് കരണ്‍ ഖുഷിയെ വിശേഷിപ്പിക്കുന്നത്.
“ധടക്” എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ സിനിമാ അരങ്ങേറ്റം. മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിലും തനിക്കിഷ്ടം വിവാഹിതയായി കാണാനാണെന്നായിരുന്നു ജാന്‍വിയുടെ സിനിമാ അരങ്ങേറ്റസമയത്ത് ശ്രീദേവിയുടെ പ്രതികരണം.
“ഞാന്‍ ഒരു നടിയാകണം എന്ന് അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഖുഷിയാവും സിനിമയ്ക്ക് പറ്റിയത് എന്ന് അമ്മ കരുതിയിരുന്നു” എന്ന് ജാന്‍വി മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.