ചെന്നൈ: കൊല്ലം കൊട്ടിയത്ത് സൈനികനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്വീറ്റുമായി ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദര്‍ രംഗത്ത്. എന്തിനാണ് സൈനികനോട് ഈ ക്രൂരത കാട്ടിയതെന്നാണ് പിണറായി വിജയനെ ടാഗ് ചെയ്ത് കൊണ്ട് ഖുശ്ബു ചോദിച്ചത്.
‘പ്രാദേശികമായ എന്തോ വിഷയത്തിന്റെ പേരില്‍ കേരള പൊലീസ് ഒരു സൈനികനെ ക്രൂരമായി കൈകാര്യം ചെയ്തിരിക്കുന്നു. മദ്രാസ് റെജിമെന്റിലെ നായിക് കിരണ്‍ കുമാറിനെയാണ് കേരള പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്തിനാണീ ക്രൂരത പിണറായി വിജയന്‍ സര്‍,’ ഖുശ്ബു ട്വീറ്റ് ചെയ്തു.
എന്നാല്‍ എന്‍.എസ്.എസ് കരയോഗത്തിനിടെ നടന്ന അടിപിടിയുടെ പേരിലാണ് കിരണ്‍ കുമാറിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. പരാതി അന്വേഷിക്കാനെത്തിയ തങ്ങളെ കിരണ്‍ കുമാര്‍ ആക്രമിച്ചെന്നും അതുകൊണ്ടാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്നുമാണ് പൊലീസ് വിശദീകരണം.
കൊട്ടിയത്തെ എന്‍.എസ്.എസ് ഓഫീസ് ആക്രമിച്ച കൃഷ്ണ കുമാറിന്റെ അച്ചന്‍ തുളസീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടന ഭാരവാഹികളാണ് പൊലീസിനെ സമീപിച്ചത്. ഇതോടെ തനിക്ക് മര്‍ദ്ദനമേറ്റെന്ന് കാണിച്ച് തുളസീധരന്‍ പിള്ളയും പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് കരയോഗം പ്രസിഡന്റ് സുരേഷിന്റെ വീട്ടിലെത്തിയ കിരണ്‍കുമാര്‍ സ്ത്രീകളെയടക്കം അസഭ്യം പറഞ്ഞെന്നാണ് പരാതിയുള്ളത്.
ഇക്കാര്യം അന്വേഷിക്കാനായി എത്തിയ കൊട്ടിയം ഇന്‍സ്‌പെക്ടര്‍ പി. വിനേദ്, എസ്.ഐ സുജിത് വി. നായര്‍ എന്നിവരെ കിരണ്‍കുമാര്‍ ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കിരണ്‍ കുമാര്‍ ഇതിന് മുമ്പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.
സംഘര്‍ഷത്തിനിടെ കിരണ്‍കുമാറിന്റെ കൈ കെട്ടിയിട്ടാണ് പൊലീസ് കീഴ്‌പ്പെടുകത്തിയത്. പിടികൊടുക്കാന്‍ കൂട്ടാക്കാത്ത സൈനികന്റെ വയറിനിട്ട് പൊലീസ് ചവിട്ടുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. ഇതിനിടെ സൈനികന്റെ അമ്മക്കും എസ്.ഐക്കും പരിക്കേറ്റിട്ടുണ്ടെന്നും ഇരുവരും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഉറങ്ങിക്കിടന്ന സൈനികനെ വീട് കയറി പൊലീസ് മര്‍ദ്ദിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. കൂട്ടത്തില്‍ വീട്ടുകാര്‍ക്ക് നേരെ പൊലീസ് അസഭ്യ വര്‍ഷം നടത്തിയെന്നും പരാതിയുണ്ട്.
Content Highlight: Khushbu sundar tweet against pinarayi vijayan