'ഒരാഴ്ച മുന്‍പ് വരെ മോദിയെ വിമര്‍ശിച്ച ആളാണ്'; ബി.ജെ.പിയില്‍ ചേര്‍ന്ന ഖുശ്ബുവിനെ പരിഹസിച്ച് കോണ്‍ഗ്രസ്
India
'ഒരാഴ്ച മുന്‍പ് വരെ മോദിയെ വിമര്‍ശിച്ച ആളാണ്'; ബി.ജെ.പിയില്‍ ചേര്‍ന്ന ഖുശ്ബുവിനെ പരിഹസിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th October 2020, 4:01 pm

ചെന്നൈ: പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന നടി ഖുശ്ബുവിനെ പരിഹസിച്ച് കോണ്‍ഗ്രസ്.

ഖുശ്ബുവിന്റെ കാലുമാറ്റം പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കില്ലെന്നും തമിഴ്‌നാടിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

പാര്‍ട്ടി വിട്ടതോടെ ഖുശ്ബുവിന് പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത നഷ്ടമായമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മാത്രം ബാക്കി നില്‍ക്കെയായിരുന്നു കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഖുശ്ബുവിന്റെ നടപടി നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇത് തമിഴ്നാട് രാഷ്ട്രീയത്തെ ബാധിക്കില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി സംസ്ഥാനത്ത് സ്വയം പ്രവര്‍ത്തിക്കുകയാണെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

ഒരാഴ്ച മുമ്പ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചിരുന്ന ആളാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ പോയി അംഗത്വമെടുത്തിരിക്കുന്നതെന്നും ഗുണ്ടു റാവു പരിഹസിച്ചു.

എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും ഇതിലൊന്നും ഞങ്ങള്‍ തളരില്ല. അവര്‍ പാര്‍ട്ടി വിട്ടത് ഒരു തരത്തിലും കോണ്‍ഗ്രസിനെ ബാധിക്കാന്‍ പോകുന്നില്ല. അവര്‍ ഒരു നടി ആയതുകൊണ്ട് കുറച്ച് ദിവസത്തേക്ക് മാധ്യമങ്ങള്‍ ഈ വിഷയം ആഘോഷിച്ചേക്കാം. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞാല്‍ അതും മാഞ്ഞുപോകും.

സംസ്ഥാനത്ത് വലിയ ബി.ജെ.പി വിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ തന്നെ ഖുശ്ബുവിന്റെ പ്രവേശനം അവര്‍ക്ക് ഒരു നേട്ടവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നതിന് രാഷ്ട്രീയം മാത്രമല്ല മറ്റ് ചില കാരണങ്ങള്‍ കൂടി ഉണ്ടെന്നും ഗുണ്ടു റാവു പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ നടി ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പി വക്താവ് സംപിത് പത്രയുള്‍പ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മറ്റു ബി.ജെ.പി നേതാക്കളും സന്നിഹിതരായിരുന്നു.

രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നായിരുന്നു ബി.ജെ.പി അംഗത്വം എടുത്തതിന് പിന്നാലെ ഖുശ്ബു പറഞ്ഞത്.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയക്കുകയായിരുന്നു. ഇതിന് പിന്നാലെ ഖുശ്ബുവിനെ പാര്‍ട്ടി പദവിയില്‍ നിന്ന് കോണ്‍ഗ്രസ് നീക്കിയിരുന്നു.

എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്നാണ് പാര്‍ട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. ഖുശ്ബുവിനെ സ്ഥാനത്ത് നിന്ന് നീക്കുന്നതായി എ.ഐ.സി.സിക്ക് വേണ്ടി കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി പ്രണവ് ഝായാണ് അറിയിച്ചത്.

പാര്‍ട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹമായ പരിഗണനയോ സ്ഥാനമാനങ്ങളോ കിട്ടുന്നില്ലെന്ന് കത്തില്‍ ഖുശ്ബു പറയുന്നുണ്ട്.

2014 ലെ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തോല്‍വി നേരിട്ട ഘട്ടത്തിലാണ് ഞാന്‍ കോണ്‍ഗ്രസിലെത്തിയത്. പണമോ സ്ഥാനമോ മോഹിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കള്‍ തലപ്പത്തിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയും എന്നെപ്പോലുള്ളവരെ തഴയുകയുമാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കോണ്‍ഗ്രസില്‍ എനിക്ക് അംഗത്വം നല്‍കിയതിനും രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിലും രാഹുല്‍ ഗാന്ധിയോട് നന്ദി പറയുന്നു. നിങ്ങളോടുള്ള ബഹുമാനം എനിക്കെന്നുമുണ്ടാകും’, കത്തില്‍ ഖുശ്ബു പറയുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ല എന്നതില്‍ ഖുശ്ബുവിന് കടുത്ത അതൃപ്തിയുള്ളതായി സൂചനകളുണ്ടായിരുന്നു. അതിനിടെ ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Khushbu Sundar’s Exit To Have “Zero Impact” In Tamil Nadu: Congress