| Monday, 12th October 2020, 10:57 am

കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ്; സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി ഖുശ്ബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെന്നിന്ത്യന്‍ താരവും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു സുന്ദര്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയക്കുകയായിരുന്നു. ഇതിന് പിന്നാലെ ഖുശ്ബുവിനെ പാര്‍ട്ടി പദവിയില്‍ നിന്ന് കോണ്‍ഗ്രസ് നീക്കി.

എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്നാണ് പാര്‍ട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. ഖുശ്ബുവിനെ സ്ഥാനത്ത് നിന്ന് നീക്കുന്നതായി എ.ഐ.സി.സിക്ക് വേണ്ടി കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി പ്രണവ് ഝാ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

എന്നാല്‍ ഇതിന് മുമ്പേ തന്നെ ഖുശ്ബു പാര്‍ട്ടി വിടുന്നതായി കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു.
പാര്‍ട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹമായ പരിഗണനയോ സ്ഥാനമാനങ്ങളോ കിട്ടുന്നില്ലെന്ന് കത്തില്‍ ഖുശ്ബു പറയുന്നുണ്ട്.

2014 ലെ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തോല്‍വി നേരിട്ട ഘട്ടത്തിലാണ് ഞാന്‍ കോണ്‍ഗ്രസിലെത്തിയത്. പണമോ സ്ഥാനമോ മോഹിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കള്‍ തലപ്പത്തിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയും എന്നെപ്പോലുള്ളവരെ തഴയുകയുമാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കോണ്‍ഗ്രസില്‍ എനിക്ക് അംഗത്വം നല്‍കിയതിനും രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിലും രാഹുല്‍ ഗാന്ധി യോട് നന്ദി പറയുന്നു. നിങ്ങളോടുള്ള ബഹുമാനം എനിക്കെന്നുമുണ്ടാകും’, കത്തില്‍ ഖുശ്ബു പറയുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ല എന്നതില്‍ ഖുശ്ബുവിന് കടുത്ത അതൃപ്തിയുളളതായി സൂചനകളുണ്ടായിരുന്നു. അതിനിടെ ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഇന്ന് ഉച്ചയോടെ ബി.ജെ.പി ആസ്ഥാനത്തെത്തി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയില്‍ നിന്ന് ഖുശ്ബു അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖുശ്ബു ഇന്നലെ ദല്‍ഹിയില്‍ എത്തിയത് ഇതിന്റെ ഭാഗമായിട്ടാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ശനിയാഴ്ച പുറത്തുവന്ന ഖുശ്ബുവിന്റെ ട്വീറ്റ് വലിയ ചര്‍ച്ചയായിരുന്നു. ഇക്കാലത്തിനിടയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായെന്നും പല ധാരണകളിലും മാറ്റം വന്നെന്നും, മാറ്റം അനിവാര്യമാണെന്നുമായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ നയത്തെ പിന്തുണച്ചത് മുതല്‍ ഖുശ്ബു കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചത് ബി.ജെ.പിയില്‍ ചേരാനല്ലെന്നും ഇക്കാര്യത്തില്‍ തന്റെ നിലപാട് കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമാണെന്നും രാഹുല്‍ഗാന്ധി ക്ഷമിക്കണമെന്നും പറഞ്ഞിരുന്നു.

2014ലാണ് സ്റ്റാലിനുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് ഖുശ്ബു ഡി.എം.കെ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി നിരവധി ഘട്ടങ്ങളില്‍ ഖുശ്ബു രംഗത്തെത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Khushbu Sundar quits Congress amid speculations of switching to BJP

Latest Stories

We use cookies to give you the best possible experience. Learn more