ചെന്നൈ: ‘ചേരി ഭാഷ’ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങള്‍ തന്റെ കോലം കത്തിച്ചത് തമാശയെന്ന് ബി.ജെ.പി നേതാവ് ഖുശ്ബു .
തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ തൃഷക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണം എക്‌സില്‍ കുറിച്ചപ്പോഴാണ് ഖുശ്ബു ‘ചേരി’എന്ന വാക്ക് ഉപയോഗിച്ചത്. ഇതിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
‘ഇതാണ് ഡി.എം.കെ ഗുണ്ടകള്‍ ചെയ്യുന്നത്. മോശം ഭാഷ ഉപയോഗിക്കുക. സ്ത്രീകളെ അപമാനിക്കാനാണ് അവര്‍ പഠിച്ചിരിക്കുന്നത്. ക്ഷമിക്കണം നിങ്ങളുടെ ‘ചേരി ഭാഷ’ സംസാരിക്കാന്‍ എനിക്ക് കഴിയില്ല. പക്ഷേ ഉണര്‍ന്ന് എന്താണ് സംസാരിച്ചതെന്നും എന്ത് നടപടി സ്വീകരിച്ചതെന്നും നോക്കാന്‍ ഞാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ഡി.എം.കെ നിങ്ങളെ നിയമം പഠിപ്പിക്കുന്നില്ലേ? എം.കെ സ്റ്റാലിന്‍, നിങ്ങളെ നശിപ്പിക്കുന്ന ചുറ്റുമുള്ള ഒരു കൂട്ടം വിഡ്ഢികളെ സൂക്ഷിക്കുക,’ ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ചേരി പരാമര്‍ശം കോണ്‍ഗ്രസിന്റെയും നിരവധി ദളിത് സംഘടനകളുടെയും രോഷത്തിന് ഇടയാക്കി.
‘തമിഴ്‌നാട്ടില്‍ ദളിതര്‍ താമസിക്കുന്ന പ്രദേശങ്ങളെയാണ് ചേരി എന്ന് പറയുന്നത്. ജാതി ലിംഗം മറ്റ് അടിച്ചമര്‍ത്തലുകള്‍ക്കെതിരെ കാലങ്ങളായി സ്ത്രീകളുടെ ചെറുത്തുനില്‍പ്പിന് സാക്ഷ്യം വഹിച്ച ഇടമാണത്. ഇത്തരം പദങ്ങളെ മോശമായും അനാദരവോടെയും പ്രയോഗിക്കുന്നത് സാധാരണമായിരിക്കയാണ്. ഇതിലൂടെ
ആ സമൂഹത്തിന്റെ ചരിത്രത്തേയും സംസ്‌കാരത്തെയും അപമാനിക്കുകയാണ്. ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്തതും അപലപിക്കേണ്ടതും ആണ്,’ നീലം കള്‍ച്ചറല്‍ സെന്റര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
പ്രിയപ്പെട്ടവര്‍ എന്നര്‍ത്ഥം വരുന്ന ‘ചെരി’യെന്ന ഫ്രഞ്ച് പദമാണ് താന്‍ ഉപയോഗിച്ചതെന്ന് ഖുശ്ബു പിന്നീട് അവകാശപ്പെട്ടു.
അവരുടെ പ്രതികരണത്തില്‍ തൃപ്തരാകാത്ത ടി.എം.സി.സി പട്ടികജാതി വിഭാഗം അംഗങ്ങള്‍ വെള്ളിയാഴ്ച ചെന്നൈയില്‍ ഖുശ്ബുവിന്റെ കോലം കത്തിച്ചു.
‘എന്റെ കോലം കത്തിക്കുകയോ അല്ലെങ്കില്‍ എന്റെ വീടിനു പുറത്തിരിക്കുകയോ ചെയ്യുന്നത് വളരെ വലിയ തമാശയാണ്. ഞാന്‍ അത് വേണ്ടത്ര കണ്ടിട്ടുണ്ട്. ഞാന്‍ കോണ്‍ഗ്രസുകാരെ കണ്ടിട്ടുണ്ട്,ഈ തമാശക്കാരെയും. ഞാനവരെ നേരിടാന്‍ തയ്യാറാണ്. എന്നെ അറിയുന്ന ആളുകള്‍ക്ക് അറിയാം ഞാന്‍ ഇത്തരം പദങ്ങള്‍ ഉപയോഗിക്കില്ലെന്ന്,’അവര്‍ പറഞ്ഞു.
content highlight : Khushbu Sundar finds Congress’s ire over ‘Cheri’ remark funny