| Tuesday, 13th October 2020, 5:24 pm

2019 മാര്‍ച്ചിന് ശേഷം കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ചത് അഞ്ച് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 മാര്‍ച്ചിന് ശേഷം കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ചത് അഞ്ച് നേതാക്കള്‍. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ടോം വടക്കനാണ് ആദ്യം വക്താവ് സ്ഥാനം രാജിവെച്ച് പോയത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു വടക്കന്റെ കൂറുമാറ്റം. 20 വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ മീഡിയാ ചാര്‍ജ് വടക്കനായിരുന്നു. നിലവില്‍ ബി.ജെ.പിയുടെ വക്താക്കളിലൊരാളാണ് വടക്കന്‍.

2019 ഏപ്രിലിലാണ് മറ്റൊരു വക്താവായ പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടവിട്ടത്. പ്രിയങ്ക ചതുര്‍വേദി ശിവസേനയിലേക്കാണ് പോയത്.

കോണ്‍ഗ്രസിന്റെ മീഡിയ സെല്‍ കണ്‍വീനറായിരുന്നു പ്രിയങ്ക. നിലവില്‍ ശിവസേനയുടെ രാജ്യസഭാംഗമാണ് പ്രിയങ്ക.

ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വക്താവുമായിരുന്ന അജോയ് കുമാറും 2019 ലാണ് പാര്‍ട്ടി വിട്ടത്. സെപ്തംബറിലാണ് അജോയ് കുമാര്‍ ആം ആദ്മിയില്‍ ചേര്‍ന്നത്. എന്നാല്‍ ഈ സെപ്തംബറില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.

2020 ജൂണിലാണ് പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് സഞ്ജയ് ഝായെ കോണ്‍ഗ്രസ് പുറത്താക്കിയത്. പാര്‍ട്ടിയെ വിമര്‍ശിച്ചു എന്നതിനായിരുന്നു ഝായെ പുറത്താക്കിയത്.

ഖുശ്ബുകൂടി പോയതോടെ പാര്‍ട്ടി വിടുന്ന വക്താക്കളുടെ എണ്ണം അഞ്ചായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നത്.

ബി.ജെ.പി വക്താവ് സംപിത് പത്രയുള്‍പ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മറ്റു ബി.ജെ.പി നേതാക്കളും സന്നിഹിതരായിരുന്നു.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയക്കുകയായിരുന്നു. ഇതിന് പിന്നാലെ ഖുശ്ബുവിനെ പാര്‍ട്ടി പദവിയില്‍ നിന്ന് കോണ്‍ഗ്രസ് നീക്കിയിരുന്നു.

എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്നാണ് പാര്‍ട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. ഖുശ്ബുവിനെ സ്ഥാനത്ത് നിന്ന് നീക്കുന്നതായി എ.ഐ.സി.സിക്ക് വേണ്ടി കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി പ്രണവ് ഝായാണ് അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Khushbu Sundar fifth Congress spokesperson to leave since March 2019

We use cookies to give you the best possible experience. Learn more