| Thursday, 11th April 2019, 6:59 pm

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കയറിപ്പിടിച്ച യുവാവിന്റെ കരണത്തടിച്ച് ഖുശ്ബു - വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്നോട് മോശമായി പെരുമാറിയ യുവാവിന്റെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. കര്‍ണാടകത്തിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിസ്‌വാന്‍ അര്‍ഷാദിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് സംഭവം. ഖുഷ്ബു യുവാവിന്റെ മുഖത്തിടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പൊലീസ് അകമ്പടിയില്‍ തിരക്കിനിടയിലൂടെ നടക്കുന്നതിനിടെ പെട്ടന്ന് ഖുശ്ബു പിന്നിലേക്ക് തിരിഞ്ഞ് യുവാവിന്റെ മുഖത്തടിക്കുന്നതും വീഡിയോയില്‍ കാണാം. ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്, ബെംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷദ് എന്നിവരും ഖുശ്ബുവിനൊപ്പം ഉണ്ടായിരുന്നു.

പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം പിടിച്ചുവെങ്കിലും ഖുശ്ബു പ്രതികരിച്ചില്ല. വീണ്ടും പിടിച്ചതോടെയാണ് അവര്‍ അക്രമിയുടെ മുഖത്തടിച്ചത്. ഇതോടെ യുവാവിനെ പൊലീസ് ഇടപെട്ട് അവിടെ നിന്നും നീക്കുകയും ഖുശ്ബുവിന് പോകാന്‍ വഴിയൊരുക്കുകയും ചെയ്തു.

സംഭവം ദൗര്‍ഭഗ്യകരമാണെന്നായിരുന്നു സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷദിന്റെ പ്രതികരണം. അക്രമി ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പരാതിയില്ലാത്തതിനാല്‍ അക്രമിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെന്നും യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചുവെന്നും ഇന്ദിരാ നഗര്‍ പൊലീസ് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഖുശ്ബുവിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more