പെട്ടെന്ന് പണവും അധികാരവും വന്നാല്‍ ചിലര്‍ അരവിന്ദ് കെജ്‌രിവാളിനെ പോലെ അഹങ്കാരി ആകും: ഖുശ്ബു
national news
പെട്ടെന്ന് പണവും അധികാരവും വന്നാല്‍ ചിലര്‍ അരവിന്ദ് കെജ്‌രിവാളിനെ പോലെ അഹങ്കാരി ആകും: ഖുശ്ബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th May 2023, 1:21 pm

ന്യൂദല്‍ഹി: 2000 രൂപ നിരോധിച്ച നടപടിക്കെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി നേതാവ് ഖുശ്ബു.

നോട്ട് നിരോധനത്തെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി വിദ്യാഭ്യാസമുള്ള ആളായിരിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പെട്ടെന്ന് പണവും അധികാരവും വന്നാല്‍ ചിലര്‍ അരവിന്ദ് കെജരിവാളിനെ പോലെ അഹങ്കാരി ആകുമെന്ന് ഖുശ്ബു പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഖുശ്ബുവിന്റെ മറുപടി.

‘അഹങ്കാരത്തിന്റെ പ്രദര്‍ശനം. രാഷ്ട്രീയ വ്യത്യാസങ്ങള്‍ എന്തുമാകട്ടെ, പ്രധാനമന്ത്രി കസേരയെ ബഹുമാനിക്കണം. ഇത്തരത്തിലുള്ള ഭാഷ്യം ഒട്ടും സ്വീകാര്യമല്ല,’ ഖുശ്ബു ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള കെജ്‌രിവാളിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു ഖുശ്ബുവിന്റെ മറുപടി.

‘ആദ്യം അവര്‍ പറയും 2000 രൂപയുടെ നോട്ട് അഴിമതി ഇല്ലാതാക്കുമെന്ന്. ഇപ്പോള്‍ അവര്‍ പറയുന്നു 2000 രൂപയുടെ നോട്ട് നിരോധിക്കുന്നത് അഴിമതി ഇല്ലാതാക്കുമെന്ന്. ഇതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണമെന്ന് ഞാന്‍ പറയുന്നത്. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയോട് ആര്‍ക്കും എന്തും പറയാം. അവര്‍ക്ക് ഒന്നും മനസിലാവില്ല. ജനങ്ങളുടെ ദുഃഖവും,’ എന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

മുന്‍ ധനമന്ത്രി പി.ചിദംബരം, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവരും നോട്ട് പിന്‍വലിച്ചതിനെതിരെ വിമര്‍ശനവുമായെത്തിയിരുന്നു.

‘ഇത് 2000 രൂപയുടെ കാര്യമല്ല മറിച്ച് കോടിക്കണക്കിന് ഇന്ത്യക്കാരോടുള്ള ബില്യണ്‍ ഡോളറിന്റെ തട്ടിപ്പാണ്. നോട്ട് നിരോധനം മൂലം നമ്മള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറക്കാന്‍ കഴിയില്ല. ആ ബുദ്ധിമുട്ടുകള്‍ നല്‍കിയവരോട് ഒരിക്കലും ക്ഷമിക്കാന്‍ പാടില്ല,’ എന്നായിരുന്നു മമത ട്വിറ്ററില്‍ കുറിച്ചത്.

2000 നോട്ടുകള്‍ വൃത്തിയുള്ളവയല്ല. താല്‍ക്കാലികമായി കള്ളനോട്ടുകള്‍ സൂക്ഷിക്കാനായി ആളുകള്‍ കൈവശം വെച്ചിരുന്ന വൃത്തിക്കെട്ട നോട്ടുകളാണ് അവ എന്നായിരുന്നു പി.ചിദംബരത്തിന്റെ പ്രതികരണം.

വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ആര്‍.ബി.ഐ 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായി അറിയിച്ചത്.

‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലീന്‍ നോട്ട് പോളിസി അനുസരിച്ച് 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് പിന്‍വലിക്കുന്നു. 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ നിയമപരമായി തുടരും. ഇടപാടുകള്‍ തീര്‍ക്കുന്നതിന് പൊതു സമൂഹത്തിന് ആവശ്യത്തിനുള്ള സമയം നല്‍കും. എല്ലാ ബാങ്കുകളും സെപ്റ്റംബര്‍ 30 വരെ 2000 രൂപയുടെ ഇടപാട് നടത്താന്‍ അനുവദിക്കണം,’പ്രസ്താവനയില്‍ പറയുന്നു.

Contenthighlight: Khushbu slams over Aravind Kejriwal statement on pm