| Monday, 12th October 2020, 5:10 pm

'ബി.ജെ.പി നട്ടെല്ലില്ലാത്ത ഭീരുക്കളുടെ പാര്‍ട്ടി, സംഘികള്‍ കുരങ്ങന്മാരെ പോലെ'; ഖുശ്‌ബുവിന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്നതിന്‌ പിന്നാലെ ഖുശ്‌ബുവിന്റെ മുന്‍ ബി.ജെ.പി വിരുദ്ധ പോസ്‌റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. കോണ്‍ഗ്രസില്‍ നിന്ന്‌ രാജി വെച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലാണ്‌ ഖുശ്‌ബു ബി.ജെ.പിയുടെ അംഗത്വം സ്വീകരിച്ചത്‌. ഇതിന്‌ പിന്നാലെയാണ്‌ ഖുശ്‌ബു മോദി സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ്‌ ചെയ്‌ത പോസ്‌റ്റുകള്‍ ചര്‍ച്ചയാകുന്നത്‌.

`ബി.ജെ.പി നട്ടെല്ലില്ലാത്ത ഭീരുക്കളുടെ പാര്‍ട്ടിയാണെന്നും അവരുടെ തത്വം തന്നെ ഏകാധിപത്യമാണ്‌ എന്നുമായിരുന്നു ഒരു ട്വീറ്റില്‍ ഖുശ്‌ബു പറഞ്ഞത്‌.

“സംഘികള്‍ പെരുമാറുന്നത്‌ കുരങ്ങന്‍മാരെ പോലെയാണ്‌’എന്നായിരുന്നു മുമ്പൊരിക്കല്‍ ഖുശ്‌ബു ട്വീറ്റ്‌ ചെയ്‌തിരുന്നത്‌.

അമിത്‌ ഷായെ കുറ്റപ്പെടുത്തിക്കൊണ്ടും ഖുശ്‌ബു രംഗത്തെത്തിയിരുന്നു. “നിങ്ങള്‍ ഇത്രയ്‌ക്ക്‌ ഭീരുവാണെന്ന്‌ ലോകത്തിന്‌ കാണിച്ച്‌ കൊടുത്തതിന്‌ നന്ദി. സത്യാവസ്ഥയെ അഭിമുഖീകരിക്കാനുള്ള ധൈര്യം നിങ്ങള്‍ക്കില്ല. നിങ്ങള്‍ തന്നെ തുടങ്ങി വെച്ച തീയുടെ ചൂട്‌ അനുഭവിക്കാനുള്ള കരുത്തും നിങ്ങള്‍ക്കില്ല. ജീവിതം ഒരു ബൂമറാങ്ങാണെന്ന്‌ മറക്കരുത്‌. നിങ്ങള്‍ എന്താണോ വിതയ്‌ക്കുന്നത്‌ അത്‌ തന്നെയാണ്‌ നിങ്ങള്‍ കൊയ്യുന്നതും,” ഖുശ്‌ബു ട്വീറ്റ്‌ ചെയ്‌തു.

ആളില്ലാത്ത നിരത്തിലേക്ക്‌ നോക്കി ഹെലികോപ്‌റ്ററില്‍ നിന്ന്‌ കൈവീശിക്കാണിക്കുന്ന യോഗി ആദിത്യനാഥിന്റെ വീഡിയോയും ഖുശ്‌ബു റീട്വീറ്റ്‌ ചെയ്‌തിരുന്നു.

മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നവരാണ്‌ സംഘപരിവാറുകാര്‍ എന്നായിരുന്നു മറ്റൊരു ട്വീറ്റില്‍ ഖുശ്‌ബു പറഞ്ഞിരുന്നത്‌.

മറ്റൊരു ട്വീറ്റില്‍ സംഘികള്‍ വിഡ്‌ഢികളാണെന്നും ശാരീരിക വൈകല്യമുള്ളവാരണെന്നും ഖുശ്‌ബു പറഞ്ഞിരുന്നു.


പഞ്ചാബിലെ കര്‍ഷക സമരത്തില്‍ കര്‍ഷകര്‍ക്ക്‌ മുസ്‌ലിം സഹോദരങ്ങള്‍ ഭക്ഷണം എത്തിച്ചു നല്‍കിയ വീഡിയോ പങ്കുവെച്ചതുള്‍പ്പെടെ കര്‍ഷക സമരത്തില്‍ ബി.ജെ.പിക്കെതിരെയുള്ള ധാരാളം പേരുടെ ട്വീറ്റുകള്‍ ഖുശ്‌ബു റീ ട്വീറ്റ്‌ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

എന്നാല്‍ രാജ്യത്തെ ശരിയായ ദിശയിലേക്ക്‌ കൊണ്ടു പോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപോലുള്ള ഒരാളെ ആവശ്യമാണെന്ന്‌ താന്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നതിന്‌ പിന്നാലെ ഖുശ്‌ബു പറഞ്ഞത്‌.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ രാജി വെക്കുന്നതായി അറിയിച്ച്‌ ഖുശ്‌ബു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ കത്തയക്കുകയായിരുന്നു. ഇതിന്‌ പിന്നാലെ പാര്‍ട്ടി പദവിയില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ ഖുശ്‌ബുവിനെ മാറ്റുകയും ചെയ്‌തിരുന്നു.

2014ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍വി നേരിട്ട്‌ ഘട്ടത്തിലാണ്‌ ഖുശ്‌ബു കോണ്‍ഗ്രസിലെത്തിയത്‌. പണമോ സ്ഥാനമോ മോഹിച്ചല്ല പാര്‍ട്ടിയിലെത്തിയത്‌. തന്നെ പോലുള്ളവരെ തഴഞ്ഞ്‌ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കള്‍ തലപ്പത്തിരുന്ന്‌ കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും കത്തില്‍ ഖുശ്‌ബു ചൂണ്ടിക്കാട്ടുന്നണ്ട്‌.

കോണ്‍ഗ്രസില്‍ നിന്ന്‌ തനിക്ക്‌ അംഗത്വം നല്‍കിയതിനും രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിലും രാഹുല്‍ ഗാന്ധിയോട്‌ നന്ദി പറയുന്നെന്നും ഖുശ്‌ബു കത്തില്‍ പറയുന്നുണ്ട്‌. 2014ല്‍ ഡി.എം.കെ നേതാവ്‌ സ്റ്റാലിനുമായി വിയോജിപ്പുകള്‍ നേരിട്ടതിനെ തുടര്‍ന്നാണ്‌ ഖുശ്‌ബു ഡിഎം.കെ വിട്ട്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.

ബി.ജെ.പി വക്താവ്‌ സംപീത്‌ പത്ര അടക്കമുള്ള ചടങ്ങിലായിരുന്നു ഖുശ്‌ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്‌.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Khushbu old tweets against BJP and Modi gets viral

We use cookies to give you the best possible experience. Learn more