കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ സിനിമാ മേഖലയിലെ നിരവധി പേര്‍ക്കെതിരെയാണ് മീടു ആരോപണം ഉയര്‍ന്നത്. മലയാളത്തിലും തെലുങ്കിലും തമിഴിലും ബോളിവുഡിലും പല പ്രശസ്തകരും മീ ടൂവില്‍ കുടുങ്ങി.
കുറ്റാരോപിതരായ വ്യക്തികള്‍ സിനിമയില്‍ സജീവമാകുന്നതിനെതിരെ ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഖുശ്ബു.
സിനിമ നല്ലതാണെങ്കില്‍ ഓടുമെന്നും ആരോപണങ്ങളുമായി അതിനെ കൂട്ടി കൂഴയ്ക്കരുതെന്നുമായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.
എന്തൊക്കെ ആരോപണങ്ങള്‍ വന്നാലും നല്ല സിനിമ വിജയിക്കും. രാമലീല വിജയിച്ചത് അത് നല്ല സിനിമയായതു കൊണ്ടാണ്. അല്ലാതെ മറ്റൊന്നും കൊണ്ടല്ല.
സ്ത്രീകള്‍ക്ക് തുറന്നു പറയാനുള്ള വേദി നല്‍കുന്ന പോലെ കുറ്റാരോപിതര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനും അവസരം നല്‍കണം. കുറ്റം തെളിയിക്കപ്പെടുന്നതു വരെ ആരോപിതന്‍ മാത്രമാണ്.
മീടു ആരോപിതനായ ഹോളിവുഡ് താരം കെവിന്‍ സ്പേസിയുടെ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു എന്നാല്‍ അത് സിനിമ മോശമായതിനാലാണെന്ന് ഖൂശ്ബു പ്രതികരിച്ചു.
ഗായിക ചിന്മയി വൈരമുത്തുവിനെതിരെ ഉന്നയിച്ച ആരോപണങ്ങളോട് ഖുശ്ബു എടുത്ത നിലപാട് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.