|

എന്റെ ഒരൊറ്റ ഫ്രെയിം പോലും വാരിസില്‍ ഉണ്ടാകരുതെന്ന് സംവിധായകനോട് ഞാന്‍ ആവശ്യപ്പെട്ടു: ഖുശ്ബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് സൗത്ത് ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയ നടിയാണ് ഖുശ്ബു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 200ലധികം സിനിമകളുടെ ഭാഗമായ താരമാണ് ഖുശ്ബു. 2010ല്‍ രാഷ്ട്രീയപ്രവേശനം നടത്തിയെങ്കിലും 2021ല്‍ പുറത്തിറങ്ങിയ അണ്ണാത്തെ എന്ന രജിനി ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായി.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ വാരിസില്‍ താന്‍ അഭിനയിച്ചുവെന്നും എന്നാല്‍ തന്റെ സീനുകള്‍ സിനിമയുമായി സിങ്ക് ആകാത്തതിനാല്‍ ആ ഭാഗം മൊത്തമായി മാറ്റിയെന്നും ഖുശ്ബു പറഞ്ഞു. തനിക്ക് ഉണ്ടായിരുന്ന കോമ്പിനേഷന്‍ സീനുകള്‍ വിജയ്‌യുമായി മാത്രമാണെന്നും സിനിമയുടെ ദൈര്‍ഖ്യം കൂടുതലായിതിനാല്‍ ആ ഭാഗം മാറ്റേണ്ടി വന്നെന്ന് സംവിധായകന്‍ തന്നോട് പറഞ്ഞെന്നും ഖുശ്ബു പറഞ്ഞു.

തന്നോട് ചോദിച്ചിട്ടാണ് ആ സീനുകള്‍ കളഞ്ഞതെന്നും തനിക്ക് അതില്‍ യാതൊരു പരാതിയുമില്ലെന്നും താരം പറഞ്ഞു. ഒരുപാട് കാലത്തിന് ശേഷമാണ് വിജയ്‌യുമായി സ്‌ക്രീന്‍ പങ്കിട്ടതെന്നും അതില്‍ വളരെ സന്തോഷം തോന്നിയെന്നും ഖുശ്ബു പറഞ്ഞു. വാരിസില്‍ തന്റെ കഥാപാത്രം എന്തായിരുന്നുവെന്ന് താന്‍ വെളിപ്പെടുത്തില്ലെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘വാരിസില്‍ എന്റെ എല്ലാ സീനും വിജയ്‌യുടെ കൂടെയായിരുന്നു. വേറെ ആരുമായും എനിക്ക് കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്ത് സംവിധായകന്‍ വംശി എന്നെ വിളിച്ചിട്ട് ‘സിനിമയുടെ ലെങ്ത് കൂടുതലാണ്, ഒന്നോ രണ്ടോ സീന്‍ മാറ്റേണ്ടി വരും’ എന്ന് പറഞ്ഞു. വേറെ ഏത് ആര്‍ട്ടിസ്റ്റിന്റെ സീന്‍ മാറ്റിയാലും അത് സിനിമയെ നല്ല രീതിയില്‍ ബാധിക്കും. എന്റെ സീന്‍ അങ്ങനെയല്ലായിരുന്നു.

എന്റെ എല്ലാ സീനും മാറ്റിക്കോളാന്‍ വംശിയോട് ഞാന്‍ പറഞ്ഞു. ഒരൊറ്റ ഫ്രെയിമില്‍ പോലും ഞാന്‍ പാടില്ലെന്നും ഞാന്‍ ആവശ്യപ്പെട്ടു. കാരണം, ചുമ്മാ രണ്ട് സീനില്‍ കാണിച്ചിട്ട് ആ ഫ്‌ളോ കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരുപാട് കാലത്തിന് ശേഷമാണ് വിജയ്‌യുടെ കൂടെ അഭിനയിച്ചത്. നല്ല രസമുള്ള അനുഭവമായിരുന്നു അത്. ആ സിനിമയില്‍ എന്റെ കഥാപാത്രം എന്തായിരുന്നുവെന്ന് ഇനി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ഖുശ്ബു പറഞ്ഞു.

Content Highlight: Khushboo about her scenes in Varisu movie

Latest Stories