ചെന്നൈ: കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബി.ജെ.പി നേതാവ് ഖുശ്ബു. കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് ഒരു പരിഗണനയുമില്ലെന്നും മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണെന്നും ഖുശ്ബു പറഞ്ഞു.
” കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും, പോണ്ടിച്ചേരിയിലും എല്ലാം സ്ത്രീകള്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിക്കുന്നുണ്ട്. കുടുംബവാഴ്ചയാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസ് 33 ശതമാനം വനിതാ സംവരണത്തെക്കുറിച്ച് പറയുകയാണ്. അവര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് ചെയ്തത്.നാക്കിനെല്ലില്ലാത്ത പോലെയാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്.
കോണ്‍ഗ്രസിലെ എം.പിയായ രാഹുല്‍ ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയും. എന്നിട്ട് കോണ്‍ഗ്രസ് സീറ്റ് അനുവദിച്ചതു നോക്കൂ. രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ നേതാവ് ആകണമെങ്കില്‍ അവര്‍ പരിശ്രമിച്ചേ മതിയാകൂ,” ഖുശ്ബു പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
വൈകീട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ലതിക സുഭാഷ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെക്കുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു
ലതികാ സുഭാഷ് രാജിവെച്ചത്.
മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷന്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക കേള്‍ക്കുകയായിരുന്നു. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ട്. ഇത്തവണ മഹിളാ കോണ്‍ഗ്രസ് 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം ലഭിച്ചില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പേര്‍ എങ്കിലും നിര്‍ത്താമായിരുന്നു.
നിരവധി സ്ത്രീകള്‍ കാലങ്ങളായി മഹിളാ കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി രമണി പി നായരുള്‍പ്പെടെയുള്ളവര്‍ തഴയപ്പെട്ടിട്ടുണ്ട്. അന്‍സജിതയുടെ പേര് വന്നതില്‍ സന്തോഷമുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു.
ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മത്സരിക്കാനായി ലതികാ സുഭാഷിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ ലതികാ സുഭാഷ് ഉമ്മന്‍ ചാണ്ടിയോട് എതിര്‍പ്പ് അറിയിച്ചിരുന്നു.
എന്നാല്‍ തനിക്ക് ജയസാധ്യത ഉണ്ടായിരുന്ന മണ്ഡലത്തില്‍ നീക്കുപോക്ക് ആകാമായിരുന്നുവെന്ന് ലതികാ സുഭാഷ് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക വന്ന ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ലതികാ സുഭാഷ് നേരത്തെ അറിയിച്ചിരുന്നു.