| Sunday, 18th April 2021, 11:15 am

ഖൊ ഖൊ, വീണ്ടുമൊരു സ്‌പോര്‍ട്‌സ് ചിത്രം| Kho Kho movie Review

അന്ന കീർത്തി ജോർജ്

മലയാള സിനിമയിലെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് ചിത്രമാണ് രജിഷ വിജയനും ഒരു കൂട്ടം പെണ്‍കുട്ടികളും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഖൊ ഖൊ. കേരളത്തിലെ ഉള്‍പ്രദേശത്തുള്ള ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളിലേക്ക് ഫിസിക്കല്‍ ട്രെയ്‌നിംഗ് ടീച്ചറായെത്തുന്ന മരിയ ടീച്ചറും തനിക്കും സ്‌കൂളിലെ കുട്ടികള്‍ക്കും വേണ്ടി അവര്‍ ഒരു ഖൊ ഖൊ ടീം ഒരുക്കുന്നതുമാണ് സിനിമയുടെ പശ്ചാത്തലം. ഇതിനിടയില്‍ രജിഷ അവതരിപ്പിക്കുന്ന മരിയ ടീച്ചറുടെ ജീവിതത്തില്‍ സംഭവിച്ച ചില അപ്രതീക്ഷിത സംഭവങ്ങള്‍ കഥാപരിസരമായി കടന്നുവരുന്നു.

ഒരു സ്‌പോര്‍ട്‌സ് ഡ്രാമയില്‍ നമുക്ക് പരിചയമുള്ള, കളിയിലെ ജയപരാജയങ്ങള്‍, കായികതാരങ്ങളുടെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍, സമൂഹത്തില്‍ നിന്നും അധികൃതരില്‍ നിന്നും നേരിടേണ്ടി വരുന്ന കുത്തുവാക്കുകള്‍, ‘വെറുതെ കളിച്ചുനടന്നിട്ട് എന്തിനാ ആ നേരം വല്ലതും പഠിച്ചൂടെ’ എന്ന പുച്ഛം ഇതൊക്കെ ഖൊ ഖൊയിലും വരുന്നുണ്ട്. മലയാളത്തിലും മറ്റു ഭാഷകളിലും സ്‌പോര്‍ട്‌സ് ചിത്രങ്ങളില്‍ കാണുന്ന ഈ സ്ഥിരം ഘടകങ്ങള്‍ക്കൊപ്പം പുതുമ തോന്നുന്ന ചില സാഹചര്യങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്താണ് ഖൊ ഖൊ ഒരുക്കിയിരിക്കുന്നത്.

വളരെ മികച്ചതാണെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ഖൊ ഖൊയില്‍ ഇഷ്ടം തോന്നിയ ചില രംഗങ്ങളും പെര്‍ഫോമന്‍സുകളുമുണ്ട്.

ചിത്രത്തിലെ ഖൊ ഖൊ ടീം അംഗങ്ങളായെത്തിയ പലരുടെയും പെര്‍ഫോമന്‍സ്, ഡയലോഗുകള്‍ പോലുമില്ലെങ്കിലും, സ്വാഭാവിക പ്രകടനം കൊണ്ട് മനസ്സില്‍ തങ്ങുന്നുതായിരുന്നു. കളിയ്്ക്കിടയിലും സ്‌കോര്‍ നോക്കുന്ന സാറാമ്മ എന്ന കഥാപാത്രം, ‘രണ്ട് പോയിന്റ് രണ്ട് പോയിന്റ്’ എന്ന് ആവശേത്തോടെ പറയുന്നതെല്ലാം ഒപ്പം പഠിച്ച സ്‌പോര്‍ട്‌സുകാരികളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

സ്‌പോര്‍ട്‌സ് ഡ്രാമയായതുകൊണ്ട് തന്നെ രോമാഞ്ചം വരുന്ന സീനുകളെല്ലാം ബോധപൂര്‍വ്വം സ്‌ക്രിപ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കളിക്കളത്തിലെ ഈ സീനുകളേക്കാള്‍ ആ ഫീല്‍ തോന്നിയത് മറ്റൊരു രംഗത്തിലായിരുന്നു. സംവിധായകന്‍ ജിയോ ബേബി അഭിനയിച്ച കുട്ടികളിലൊരാളുടെ കുടിയനായ അച്ഛന്‍ കഥാപാത്രം വരുന്നതും അയാള്‍ മകളെ ടീമിലെടുത്തതിന് മരിയ ടീച്ചറോട് തട്ടിക്കയറുന്നതുമാണ് രംഗം.

ഈ സീനില്‍ പെണ്‍കുട്ടികള്‍ ഇയാളെ അതിശക്തമായി എതിര്‍ക്കുകയാണ്. പരിപൂര്‍ണ്ണ നിശബ്ദതയില്‍, സ്ലോ മോഷനില്‍, ക്ലോസ് അപ്പ് ഷോട്ടുകളാണ് ഈ സീനിലുള്ളത്. ഒന്നും മിണ്ടാനാകാതെ ഇയാള്‍ പതിയെ പുറകോട്ട് മാറുന്നതും, നാടകീയത തോന്നുന്നുമെങ്കില്‍ പോലും, ചറുതായൊരു രോമാഞ്ചം തോന്നിയ സീനായിരുന്നു.

വെട്ടുകിളി പ്രകാശന്‍ ചെയ്ത രജിഷ വിജയന്റെ അച്ഛന്‍ കഥാപാത്രത്തെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രീതി, ആദ്യ ഭാഗങ്ങളില്‍ ചിത്രത്തിന് ഊഷ്മളത നല്‍കുന്നുണ്ട്. ചെറിയ പാളിച്ചകള്‍ തോന്നുമെങ്കിലും വലിയ ബോറല്ലാതെ ഈ ഇമോഷണല്‍ രംഗങ്ങള്‍ ഖൊ ഖൊ കൈകാര്യം ചെയ്തിട്ടുണ്ട്.

ഇതിലെ ഹെഡ്മാസ്റ്റര്‍ കഥാപാത്രം തന്റെ മകളെ ടീമിലേക്ക് എടുക്കണമെന്ന് പറയുന്ന ഭാഗവും തിരക്കഥയുടെ ഭംഗി വ്യക്തമാക്കുന്നതാണ്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ എതിര്‍ക്കുമ്പോള്‍ പോലും മരിയ ടീച്ചര്‍ക്കും ടീമിനും പിന്തുണ കൊടുക്കുന്ന ഇയാള്‍, ഇതിന്റെ പ്രതിഫലമെന്ന രീതിയിലും അധികാരം ഉപയോഗിച്ചുമാണ് മകളെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. ചിത്രത്തില്‍ ഏറ്റവും സ്വാഭാവികതയുള്ള ഡയലോഗുകള്‍ വരുന്ന ഭാഗമാണിത്.

മരിയ ടീച്ചറും പ്രേമിച്ച് കെട്ടിയ ഭര്‍ത്താവും തമ്മിലുള്ള സംഭാഷണങ്ങളും ഇത്തരത്തില്‍ തിരക്കഥയുടെയും നിരീക്ഷണപാടവത്തിന്റെയും മികവ് കാണിക്കുന്ന ഭാഗങ്ങളാണ്.

മരിയ ടീച്ചറായി നല്ല പെര്‍ഫോമന്‍സാണ് രജിഷ വിജയന്‍ നല്‍കിയിരിക്കുന്നത്. കഥാപാത്രത്തിന്റെ ഡയലോഗുകളിലെ പല പോരായ്മകളും രജിഷയുടെ പെര്‍ഫോമന്‍സ് മറികടക്കുന്നുണ്ട്. നടിയുടെ കഥാപാത്ര തെരഞ്ഞെടുപ്പുകളെ അഭിനന്ദിച്ചേ മതിയാകൂ. മികച്ച അഭിനയ സാധ്യതകളുള്ള, വ്യത്യസ്തമായ, ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളെയാണ് അടുത്ത കാലത്തായി പുറത്തിറങ്ങിയ ഓരോ ചിത്രത്തിലും രജിഷ വിജയന്‍ അവതരിപ്പിക്കുന്നത്.

പ്രധാന കഥാപാത്രമായ അഞ്ജുവിനെ ചെയ്ത മമത ബൈജു, ഇമോഷണല്‍ രംഗങ്ങളിലെ അതിനാടകീയത ഒഴിച്ചു നിര്‍ത്തിയാല്‍ മോശമല്ലാത്ത പെര്‍ഫോമന്‍സാണ് നല്‍കുന്നത്.

മരിയ ടീച്ചറുടെ കാമുകനും പിന്നീട് ഭര്‍ത്താവുമായെത്തുന്ന വെങ്കിടേഷ് തന്റെ ഭാഗങ്ങളെല്ലാം മനോഹരമാക്കുന്നുണ്ട്. സ്‌ക്രീന്‍ പ്രസന്‍സും ടൈമിങ്ങും കൊണ്ട് മികച്ചുനില്‍ക്കുന്നതും വെങ്കിടേഷാണ്. സ്‌കൂളിലെ മറ്റു അധ്യാപകരും പ്യൂണും അക്കൗണ്ടന്റായെത്തുന്ന സംവിധായകന്‍ രാഹുല്‍ റിജി നായരും തരക്കേടില്ലാത്ത പെര്‍ഫോമന്‍സുകള്‍ നല്‍കുന്നുണ്ട്.

ടീച്ചറും ഒരു കൂട്ടം പെണ്‍കുട്ടികളിലുമായി നില്‍ക്കുന്ന ചിത്രം ‘ഗേള്‍ പവറില്‍’ ഊന്നി തന്നെയാണ് കഥ പറയുന്നത്. പക്ഷെ, കേന്ദ്ര കഥാപാത്രമായ മരിയ ടീച്ചര്‍ തന്റെ അത്‌ലറ്റിക് കരിയറും ജോലിയും ഭര്‍ത്താവിന് വേണ്ടി ഉപേക്ഷിക്കുന്ന ഭാഗങ്ങളും ചിത്രത്തിലുണ്ട്.

ആദ്യത്തെ തവണ ഈ തീരുമാനത്തിന് പിന്നില്‍, ചില കാരണങ്ങളും സാഹചര്യത്തിന്റെ സമ്മര്‍ദങ്ങളും പറയുന്നുണ്ട്. എന്നാല്‍ രണ്ടാം തവണയും ഇതേ തീരുമാനമെടുക്കുമ്പോള്‍ സിനിമ അതുവരെ പറഞ്ഞ പലതില്‍ നിന്നും മാറി നടക്കും പോലെയുള്ള തോന്നലാണ് പ്രേക്ഷകന് ഉണ്ടാകുന്നത്.

ഡയലോഗുകളിലെ അച്ചടി ഭാഷയാണ് ഖൊ ഖൊ എന്ന സിനിമയുടെ ഏറ്റവും വലിയ പോരായ്മ. ഇതിനൊപ്പം പല സീനുകളും വളരെ കൃത്രിമത്വത്തോടെ ഒരുക്കിയതും ചിത്രത്തിന്റെ ആസ്വാദനം ബുദ്ധിമുട്ടിലാക്കുകയാണ്. കുറച്ചൊരു സ്വാഭാവിക കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കിലെന്ന് ഈ രംഗങ്ങള്‍ കാണുന്ന സമയത്തെല്ലാം തോന്നിപ്പോയി.

സ്വന്തം ജീവിത്തെ കുറിച്ച് മരിയ ടീച്ചര്‍ കുട്ടികളോട് സംസാരിക്കാന്‍ തുടങ്ങുന്ന സമയങ്ങളെല്ലാം, മോട്ടിവേഷന്‍ കുത്തിനിറയ്ക്കാന്‍ വേണ്ടി സിനിമ ശ്രമിക്കുന്നത്, പലപ്പോഴും അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നതിന്റെ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ഇത് പല തവണ ആവര്‍ത്തിക്കുന്നത് ചിത്രത്തെ അപക്വമാക്കുകയാണ്.

പശ്ചാത്തല സംഗീതം കുറേ ഭാഗങ്ങളില്‍ കഥാസന്ദര്‍ഭത്തോട് ചേര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും ഇംഗ്ലിഷ് റാപ്പ് ഇടയ്ക്ക് കല്ലുകടിയാകുന്നുണ്ട്. പ്രധാനമായും ഏരിയല്‍ ഷോട്ടുകളിലൂടെയാണ് ടോബിന്‍ തോമസ് ചിത്രത്തിലെ കായലുകള്‍ നിറഞ്ഞ പ്രദേശത്തിന്റെ ഭംഗി പ്രേക്ഷകനെ കാണിക്കുന്നത്.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചം, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ കള്ളനോട്ടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ റിജി നായരൊരുക്കിയ ഖൊ ഖൊ, കുറെ പാളിച്ചകളുണ്ടെങ്കില്‍ പോലും മലയാള സിനിമ കാണാതെ പോകരുതാത്ത ഒരു ചിത്രമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kho Kho movie review-Rajisha Vijayan-Rahul Riji Nair-Malayalam sports drama

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more