ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നൂറ് വയസ്സ് പിന്നിടുകയാണ്. ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ജാതി, സ്വത്വം, ന്യൂനപക്ഷപദവി എന്നിവയെ മനസ്സിലാക്കുന്നതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പോരായ്മകള്‍ സംഭവിച്ചതായുള്ള വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും വിസ്മരിക്കപ്പെടാറുള്ള ഒരു ചരിത്രമുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും പ്രാരംഭ കാല പ്രവര്‍ത്തനങ്ങളിലും മുസ്‌ലിങ്ങള്‍ വഹിച്ചിരുന്ന നേതൃപരമായ പങ്ക്.
1920 ഒക്ടോബര്‍ 17 ന് താഷ്‌കന്റില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുമ്പോള്‍ പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് മുസ്‌ലിമായ മുഹമ്മദ് ഷഫീഖ് ആയിരുന്നുവെന്നതും ആദ്യത്തെ പത്തംഗ കമ്മിറ്റിയില്‍ അഞ്ച് പേരും ഖിലാഫത്ത് പ്രസ്ഥാനത്തില്‍ നിന്നും കമ്യൂണിസ്റ്റുകളായി മാറിയ മുസ്‌ലിങ്ങള്‍ ആയിരുന്നുവെന്നും പില്‍ക്കാലത്ത് കാര്യമായി ഓര്‍മിക്കപ്പെടാതെ പോയ ചരിത്രമാണ്.
മുസ്‌ലിങ്ങള്‍ കമ്യൂണിസ്റ്റുകളായ ഇന്ത്യന്‍ കഥ
ഇന്ത്യയിലെ പരമ്പരാഗത മുസ്‌ലിങ്ങള്‍ മതപരമായി അവരുടെ നേതൃസ്ഥാനത്ത് നിര്‍ത്തിയിരുന്ന തുര്‍ക്കി സുല്‍ത്താനെ ബ്രിട്ടീഷ് ഭരണകൂടം സ്ഥാന ഭ്രഷ്ടനാക്കിയതിനെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ രൂപം കൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സ്വതന്ത്രപൂര്‍വ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ വ്യാപകമായി പങ്കുചേര്‍ന്നിരുന്നു.
പൊതു ശത്രുവിനെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന നിലപാടില്‍ ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാഗതം ചെയ്തതോടെ സാമ്രാജ്യത്വ വിരുദ്ധ ബഹുജന മുന്നേറ്റം ശക്തിപ്പെടുകയും മുസ്‌ലിങ്ങള്‍ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരികയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ നാഷണല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനോടൊപ്പം തന്നെ തുര്‍ക്കിയിലെ പ്രക്ഷോഭങ്ങളില്‍ ചേര്‍ന്ന് പോരാടണമെന്നും ഖിലാഫത്ത് പ്രസ്ഥാനം മുസ്‌ലിം യുവാക്കളോട് ആഹ്വാനം ചെയ്തിരുന്നു. ഖിലാഫത്തിന് കീഴില്‍ രൂപപ്പെട്ട ഈ ഹിജ്‌റ പ്രസ്ഥാനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മുസ്‌ലിങ്ങള്‍ അന്ന് അഫ്ഗാന്‍ വഴി തുര്‍ക്കിയിലേക്ക് പാലായനം ചെയ്യുകയുണ്ടായി.
റഷ്യയിലെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ പ്രക്ഷോഭങ്ങള്‍ക്ക് ആവേശം പകരുന്നതും ഇക്കാലത്ത് തന്നെയാണ്. റഷ്യയില്‍ നടന്ന ഒക്ടോബര്‍ വിപ്ലവം ഇന്ത്യക്കാരിലുണ്ടാക്കിയ സ്വാധീനം വഴി കമ്യൂണിസത്തില്‍ ആകൃഷ്ടരായ ഇന്ത്യന്‍ വിപ്ലവകാരികള്‍ വ്യാപകമായി സോവിയറ്റ് യൂണിയനിലേക്ക് കുടിയേറാന്‍ തുടങ്ങി. ഇതില്‍ മിക്കവരും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ദേശീയപ്രസ്ഥാനത്തിലെ ഇടതു വിപ്ലവ പക്ഷക്കാരായിരുന്നു.
ബ്രിട്ടീഷുകാര്‍ക്കെതിരായ ഖിലാഫത്തികളുടെ പോരാട്ടത്തില്‍ സോവിയറ്റ് യൂണിയനും ബോള്‍ഷെവിക് വിപ്ലവകാരികളും ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുമെല്ലാം അവര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. ഇത് ഖിലാഫത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന നിരവധി പേരെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി. അവരില്‍ പലരും പിന്നീട് കമ്യൂണിസ്റ്റുകളാവുകയും മാര്‍ക്‌സിസ്റ്റ് ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.
എം.എന്‍ റോയി
കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന മെക്‌സിക്കന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗവും ഇന്ത്യന്‍ വിപ്ലവകാരിയുമായിരുന്ന എം.എന്‍ റോയി താഷ്‌കന്റിലെത്തുന്നത് ഇക്കാലത്താണ്. അദ്ദേഹം ഇന്ത്യക്കാരായ ഖിലാഫത്തികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തതു. അങ്ങനെ ഇന്ത്യന്‍ വിപ്ലവാരികളും ഇന്ത്യന്‍ ഖിലാഫത്തികളില്‍ നിന്ന് കമ്യൂണിസ്റ്റുകളായി മാറിയ മുസ്‌ലിങ്ങളും ചേര്‍ന്ന് താഷ്‌കന്റില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്തു.
ഇന്ത്യന്‍ വിപ്ലവകാരികളായ എം.എന്‍ റോയി, അബനി മുഖര്‍ജി, എം.പി.ബി.ടി ആചാര്യ, എന്നിവരും അമേരിക്കന്‍ കമ്യൂണിസ്റ്റു കാരിയായ എവിലിന്‍ ട്രെന്റ് റോയി, റഷ്യന്‍ കമ്യൂണിസ്റ്റ് കാരിയായ റോസ ഫിറ്റിന്‍ഗോവ്, ഖിലാഫത്ത് പ്രസ്ഥാനത്തില്‍ നിന്നും പിന്നീട് കമ്യൂണിസ്റ്റുകളായി മാറിയ മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ് സിദ്ദീഖി എന്നിവരും ചേര്‍ന്നാണ് 1920 ഒക്ടോബര്‍ 17 ന് താഷകന്റില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി രൂപീകരിക്കുന്നത്. പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറിയായി മുഹമ്മദ് ഷഫീഖ് സിദ്ദീഖിയെ തെരഞ്ഞെടുക്കുകയും ചെയ്തു.
അബനി മുഖര്‍ജി
ഏതാണ്ട് ഒരു മാസത്തിന് ശേഷം ഡിസംബര്‍ 15 ന് നടന്ന മറ്റൊരു മീറ്റിംഗില്‍ അബ്ദുല്‍ ആദര്‍ സെഹ്‌റായി, മസൂദ് അലി ഷാ ഖാസി, അക്ബര്‍ ഷാ എന്നിവരെയും പാര്‍ട്ടി അംഗങ്ങളായി ഉള്‍പ്പെടുത്തുകയുണ്ടായി. പിന്നീട് പാര്‍ട്ടി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴും നേതൃസ്ഥാനത്തുണ്ടായിരുന്നവരില്‍ അനേകം മുസ്ലിങ്ങള്‍ ഉണ്ടായിരുന്നു.
1921 ല്‍ അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനത്തിലേക്ക് എം.എന്‍ റോയി, അബനി മുഖര്‍ജി എന്നിവര്‍ ഒപ്പുവെച്ച, ബ്രിട്ടീഷുകാരില്‍ നിന്നും പരിപൂര്‍ണ സ്വാതന്ത്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം സമര്‍പ്പിക്കുകയുണ്ടായി. ഉര്‍ദു കവിയും ദാര്‍ശനികനുമായിരുന്ന ഹസ്റത്ത് മൊഹാനി ആയിരുന്നു കമ്യൂണിസ്റ്റുകള്‍ തയ്യാറാക്കിയ ഈ പ്രമേയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്.
ഹസ്‌റത്ത് മൊഹാനി
പരിപൂര്‍ണ സ്വാതന്ത്ര്യം അപ്രായോഗികമാണെന്ന് പറഞ്ഞ് ഗാന്ധിജി അത് നിരസിക്കുകയാണുണ്ടായത്. എന്നാല്‍ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച ഹസ്‌റത്ത് മൊഹാനി പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി മാറി. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന പ്രശസ്തമായ മുദ്രാവാക്യം അദ്ദേഹത്തിന്റേതായിരുന്നു.
താഷ്‌കന്റില്‍ നിന്ന് രൂപം കൊണ്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീട് 1925 ഡിസംബര്‍ 25 ലെ കാണ്‍പൂര്‍ സമ്മേളനത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയായി മാറുമ്പോള്‍ അന്നത്തെ നേതൃനിരയിലും നിരവധി മുസ്ലിങ്ങള്‍ ഉണ്ടായിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള പ്രമുഖ നേതാവ് മുസഫര്‍ അഹമ്മദ്, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഷൗക്കത്ത് ഉസ്മാനി, പഞ്ചാബില്‍ നിന്നുള്ള ഗുലാം ഹുസ്സൈന്‍ എന്നിവരെല്ലാം അന്ന് പാര്‍ട്ടിയുടെ ഉന്നതരായ നേതാക്കളായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Muslims Turned Communist in Indian History