ന്യൂദല്‍ഹി: കേന്ദ്രഭരണം കോണ്‍ഗ്രസിന്റെ കൈയ്യില്‍ വരുകയാണെങ്കില്‍ കാര്‍ഷിക നിയമം റദ്ദ് ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ കര്‍ഷകരോട് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ഗാന്ധി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. മിനിമം വേതനം, ഭക്ഷ്യോല്‍പന്നങ്ങളുടെ സംഭരണം, മൊത്തവിതരണകച്ചവടക്കാര്‍ എന്നിവയാണ് രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു തൂണുകളെന്നും എന്നാല് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതെല്ലാം നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ഷകരെ നശിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാറിനെ അനുവദിക്കില്ലെന്നും പഞ്ചാബില്‍വെച്ചു നടക്കുന്ന മൂന്ന് ദിന കാര്‍ഷിക യാത്രയില്‍ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയാണെങ്കില്‍ ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ എടുത്തുകളയുമെന്ന് ഉറപ്പു തരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇത്തരം നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പോരാടുകയും ചെയ്യും, രാഹുല്‍ ഗാന്ധി പറഞ്ഞു.
ഖേതി ബച്ചാവോ യാത്രയുടെ ഭാഗമായാണ് രാഹുല്‍ പഞ്ചാബിലെത്തിയത്. കാര്‍ഷിക രംഗം സംരക്ഷിക്കുക എന്ന ആശയവുമായാണ് മൂന്ന് ദിന കാര്‍ഷിക യാത്രയ്ക്ക് ഞായറാഴ്ച തുടക്കം കുറിച്ചിരിക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനൊപ്പമാണ് രാഹുല്‍ കര്‍ഷകരെ കാണാനെത്തിയത്. പഞ്ചാബിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരിഷ് റാവത്ത്, പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സുനില്‍ ജാഖര്‍ എന്നിവരും റാലിക്കൊപ്പമുണ്ട്.
മോഗ, ലുധിയാന, പാട്യാല, സഗ്രൂര്‍ എന്നീ ജില്ലകളടങ്ങിയ മല്‍വ പ്രദേശത്ത് 50 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന കോണ്‍ഗ്രസിന്റെ ട്രാക്ടര്‍ റാലിക്ക് രാഹുല്‍ നേതൃത്വം നല്‍കുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് വക്താവ് നേരത്തേ പറഞ്ഞിരുന്നു. ബദ്നി കാലന്‍ മുതല്‍ ജത്പുര വരെയാണ് റാലി സംഘടിപ്പിക്കുന്നത്.
കാര്‍ഷിക യാത്രയുടെ ഭാഗമായി ഹരിയാനയിലെ കര്‍ഷകരെ കാണുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം രാഹുലിന്റെ യാത്ര തടയുമെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അനില്‍ വിജിയാണ് രാഹുലിനെ ഹരിയാനയിലേക്ക് കയറ്റില്ലെന്ന് പറഞ്ഞത്.
ഒക്ടോബര്‍ അഞ്ചിനാണ് രാഹുല്‍ ഹരിയാനയിലെത്തുക. ട്രാക്ടറിലായിരിക്കും രാഹുലിന്റെ കിസാന്‍ യാത്രയെന്നും ഹരിയാനയിലെ കോണ്‍ഗ്രസ് തലവന്‍ കിരണ്‍ ചൗധരി പറഞ്ഞിരുന്നു. പഞ്ചാബില്‍ കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ ഇപ്പോഴും പ്രതിഷേധത്തിലാണ്. നിയമത്തിനെതിരെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തിലാണ് പഞ്ചാബ സര്‍ക്കാര്‍. കര്‍ഷകരെ കയ്യൊഴിയില്ലെന്നും സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്തും കര്‍ഷകരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക