| Tuesday, 26th October 2021, 7:47 pm

ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയതിന് പിന്നില്‍ മോദിയുടെ താല്‍പര്യം മാത്രം; തെളിവുകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താല്‍പര്യപ്രകാരമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. വിവരാവകാശ രേഖകളെ ഉദ്ധരിച്ച് ദി വയറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഗസ്റ്റ് ആറിനാണ് മോദി തന്റെ ട്വീറ്റില്‍ നിരവധി പേര്‍ ഖേല്‍ രത്‌നയ്ക്ക് ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്റെ പേരിടണമെന്ന് ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞത്. ജനങ്ങളുടെ ആഗ്രഹപ്രകാരം ഖേല്‍രത്‌ന ഇനി ധ്യാന്‍ചന്ദിന്റെ പേരിലായിരിക്കും അറിയപ്പെടുക എന്നായിരുന്നു മോദി പറഞ്ഞത്.

എന്നാല്‍ ഇക്കാര്യമാവശ്യപ്പെട്ട് ഒരാള്‍ പോലും അപേക്ഷിച്ചതിന്റെ രേഖകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലില്ല. കായിക-യുവജനക്ഷേമ മന്ത്രാലയത്തിന്റെ ഓഫീസിലും ഇത് സംബന്ധിച്ച രേഖകളില്ല.

മാത്രമല്ല മോദിയുടെ ട്വീറ്റിന് ശേഷം മാത്രമാണ് പേരുമാറ്റുന്നതിനെക്കുറിച്ചുപോലും അധികൃതര്‍ തീരുമാനിച്ചതെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖേല്‍രത്‌നയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് എത്ര പേരാണ് മോദിയ്ക്ക് അപേക്ഷ അയച്ചതെന്നും ഇതിന്റെ രേഖകള്‍ ലഭ്യമാണോയെന്നുമായിരുന്നു വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചത്. എന്നാല്‍ ഇക്കാര്യത്തെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി നല്‍കിയ മറുപടി.

നേരത്തെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു ഖേല്‍രത്‌ന അറിയപ്പെട്ടിരുന്നത്.

41 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്സില്‍ മെഡല്‍ നേടിയതിനു പിന്നാലെയാണ് പുരസ്‌കാരത്തിന്റെ പേര് മാറ്റിയത്.

വിരാട് കോഹ്‌ലി, സര്‍ദാര്‍ സിങ്, സാനിയ മിര്‍സ, എം.എസ്.ധോണി, വിശ്വനാഥന്‍ ആനന്ദ്, ധന്‍രാജ് പിള്ളൈ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ നിരവധി കായിക പ്രതിഭകള്‍ക്ക് ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Khel Ratna Award Was Renamed Because of Modi’s Tweets – Not ‘Public Requests’

We use cookies to give you the best possible experience. Learn more