|

ഇങ്ങനെയുണ്ടോ ഒരു അടി... ഒറ്റ ഇന്നിങ്സുകൊണ്ട് നേടിയത് ചരിത്രനേട്ടം; നോക്കി വെച്ചോ ഈ മൊതലിനെ

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. ലാഹോര്‍ ഖലന്ദറിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ക്വറ്റ പരാജയപ്പെടുത്തിയത്.

ഗ്ലാഡിയേറ്റേഴ്‌സിനായി ഖവാജ നഫേ മികച്ച പ്രകടനമാണ് നടത്തിയത്. 31 പന്തില്‍ പുറത്താവാതെ 60 റണ്‍സ് നേടികൊണ്ടായിരുന്നു താരത്തിന്റെ മികച്ച പ്രകടനം. നാലു ഫോറുകളും മൂന്ന് കൂറ്റന്‍ സിക്‌സുകളുമാണ് ഖവാജയുടെ ബാറ്റില്‍ നിന്നും പിറന്നത്. 193.55 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഖവാജയെ തേടിയെത്തിയത്. ടി-20 ലീഗുകളില്‍ 30+ റണ്‍സ് നേടിയ താരങ്ങളില്‍ ഒരു ഡോട്ട് ബോള്‍ മാത്രം കളിച്ച ആദ്യ താരമെന്ന നേട്ടമാണ് ഖവാജ സ്വന്തമാക്കിയത്.

ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലാഹോര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്.

ലാഹോര്‍ ബാറ്റിങ്ങില്‍ സാഹിബ്സാദ ഫര്‍ഹാന്‍ 43 പന്തില്‍ 62 റണ്‍സും ജഹന്ദാദ് ഷെഫീക്ക് 17 പന്തില്‍ പുറത്താവാതെ 45 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും മൂന്ന് സിക്‌സുകളും നേടിക്കൊണ്ടായിരുന്നു ഉസ്മാന്റെ തകര്‍പ്പന്‍ പ്രകടനം. മറുഭാഗത്ത് മൂന്ന് ഫോറുകളും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഷഫീക്കിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

ഗ്ലാഡിയേറ്റേഴ്‌സ് ബൗളിങ് നിരയില്‍ അഖില്‍ ഹൊസൈന്‍, മുഹമ്മദ് ഹസ്‌നൈര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്വറ്റ 19.1 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഖവാജയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പുറമെ സൗദ് ഷക്കീല്‍ 23 പന്തില്‍ 40 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഗ്ലാഡിയേറ്റേഴ്‌സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Khawaja Nafay create a new record in PSL