| Monday, 12th November 2018, 12:14 pm

ഖഷോഗ്ജിയ്ക്കുവേണ്ടി മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ മയ്യത്ത് നിസ്‌കരിക്കണം: ലോകത്തോട് ആവശ്യപ്പെട്ട് പ്രതിശ്രുത വധു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിക്കുവേണ്ടി വെള്ളിയാഴ്ച എല്ലാ പള്ളികളിലും പ്രാര്‍ത്ഥന നടത്തണമെന്ന് ലോകത്തോട് ആവശ്യപ്പെട്ട് ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാറ്റഇസ് സെന്‍ഗിസ്. ഖഷോഗ്ജിയുടെ സ്വദേശമായ മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ മയ്യത്ത് നിസ്‌കാരം നടത്താനും സെന്‍ഗിസ് ആവശ്യപ്പെട്ടു.

ട്വിറ്ററിലൂടെയാണ് സെന്‍ഗിസ് അവരുടെ ആഗ്രഹം അറിയിച്ചത്. അറബിക്, ഇംഗ്ലീഷ്, തുര്‍ക്കിഷ് ഭാഷകളില്‍ അവര്‍ ഇക്കാര്യം ട്വീറ്റു ചെയ്തു.

ജമാല്‍ ഖഷോഗ്ജിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ തുര്‍ക്കിഷ് സൗദി അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൃതദേഹം ആസിഡില്‍ ലയിപ്പിച്ച് കോണ്‍സുലേറ്റിനു സമീപമുള്ള ഓവുചാലിലൂടെ ഒഴുക്കിയെന്ന നിഗമനത്തിലാണ് തുര്‍ക്കിഷ് അന്വേഷണ സംഘം. ഇതിനു പിന്നാലെ സെന്‍ഗിസ് വികാരാധീനയായി ട്വിറ്ററില്‍ രംഗത്തുവന്നിരുന്നു.

Also Read:ഖഷോഗ്ജി കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും കൊണ്ട് കണക്കു പറയിക്കും; മുഹമ്മദ് ബിന്‍ സല്‍മാനോട് യു.എസ്

” ജമാല്‍ നിന്റെ മൃതദേഹം അലിയിച്ചു കളഞ്ഞെന്ന വാര്‍ത്തയുടെ ദു:ഖം എനിക്കു താങ്ങാനാവുന്നില്ല” എന്നായിരുന്നു അവരുടെ ട്വീറ്റ്.

“അവര്‍ നിങ്ങളെ കൊന്നു, മൃതദേഹം വെട്ടിനുറുക്കി, മൃതദേഹം മദീനയില്‍ അടക്കം ചെയ്യണമെന്ന എന്റെയും താങ്കളുടെ കുടുംബത്തിന്റെയും ആഗ്രഹം ബാക്കിയാവുന്നു.” എന്നും അവര്‍ ട്വീറ്റു ചെയ്തിരുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത് . സെന്‍ഗിസിനൊപ്പം കോണ്‍സുലേറ്റിലേക്ക് പോയതായിരുന്നു ഖഷോഗ്ജി. ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കുന്നതിനു വേണ്ടിയായിരുന്നു ഖഷോഗ്ജി കോണ്‍സുലേറ്റിനുള്ളില്‍ എത്തിയത്.

സെന്‍ഗിസ് പുറത്ത് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ കോണ്‍സുലേറ്റ് അടക്കുന്ന സമയമായിട്ടും അദ്ദേഹം തിരിച്ചുവരാതായതോടെ സെന്‍ഗിസ് ഇക്കാര്യം തുര്‍ക്കിഷ് അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഖഷോഗ്ജിയുടെ തിരോധാനം ചര്‍ച്ചയായത്.

We use cookies to give you the best possible experience. Learn more