| Friday, 31st December 2021, 3:07 pm

ഖഷോഗ്ജിയുടെ കൊലയാളികള്‍ താമസിക്കുന്നത് റിയാദിലെ സുരക്ഷാ ഏജന്‍സിയുടെ സെവന്‍ സ്റ്റാര്‍ വില്ലകളില്‍: റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പ്രതികളായ സൗദി ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് പേര്‍ റിയാദിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ‘സെവന്‍ സ്റ്റാര്‍ സൗകര്യത്തില്‍’ താമസിക്കുകയും ജോലി ചെയ്യുന്നതുമായി റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയനാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സൗദി അറേബ്യയിലെ കുപ്രസിദ്ധ ജയിലുകളില്‍ തടവിലാക്കപ്പെടുന്നതിനുപകരം, കൊലയാളികള്‍ താമസിക്കുന്നത് രാജ്യത്തിന്റെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി നടത്തുന്ന വില്ലകളിലും കെട്ടിടങ്ങളിലുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അവിടെ അവരെ കുടുംബാംഗങ്ങള്‍ അടക്കമുള്ള നിരവധി പേര്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ ഖഷോഗ്ജിയുടെ മൃതദേഹം വെട്ടിമുറിച്ചെന്ന് പറയപ്പെടുന്ന സൗദി ആഭ്യന്തര മന്ത്രാലയത്തിലെ ഫോറന്‍സിക് ഡോക്ടര്‍ സലാ അല്‍ തുബൈഗിയാണ് ഇവരില്‍ ഒരാളെന്ന് സൗദി ഇന്റലിജന്‍സിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല നടന്ന ദിവസം കോണ്‍സുലേറ്റില്‍ ഉണ്ടായിരുന്ന മുസ്തഫ അല്‍ മഅദനി, മേജര്‍ ജനറല്‍ മന്‍സൂര്‍ അബഹുസൈന്‍ എന്നിവരേയും കോമ്പൗണ്ടില്‍ കണ്ടതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അബഹുസൈനും മഅദനിയും സ്റ്റേറ്റ് സെക്യൂരിറ്റി ഡിപാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഇന്റലിജന്‍സ് ഓഫീസര്‍മാരാണെന്നാണ് റിപ്പോര്‍ട്ട്. സൗദി സ്റ്റേറ്റ് സെക്യൂരിറ്റി തലവന്‍ അബ്ദുള്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ ഹൊവൈരിനിയും ഇവര്‍ക്കൊപ്പം കണ്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൊലപാതവുമായി ബന്ധപ്പെട്ട് 2019 ഡിസംബറില്‍ സൗദി കോടതി അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിക്കുകയും മറ്റ് മൂന്ന് പേരെ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. അതേസമയം കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ പേര് പ്രോസിക്യൂട്ടര്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ജുഡീഷ്യല്‍ എക്‌സിക്യൂഷന്‍ സംബന്ധിച്ച യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു , അതില്‍ തുബൈഗി, മദനി, അബാഹുസൈന്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം തന്നെ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന ചിലരുടെ ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളും പിന്നീട് വന്നിരുന്നു.

ഇതിനിടെ ജമാല്‍ ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്നയാളുടെ ഫോണില്‍ യു.എ.ഇ സര്‍ക്കാര്‍ ഏജന്‍സി ചാര സോഫ്റ്റ്വെയര്‍ സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഇസ്രഈലി കമ്പനി എന്‍.എസ്.ഒ നിര്‍മിച്ച പെഗാസസ് സ്പൈവെയറാണ് ഖഷോഗ്ജിയുടെ കൊലപാതകത്തിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഇവരുടെ ഫോണില്‍ സ്ഥാപിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അന്നത്തെ ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്ന ഹനാന്‍ എലട്രിന്റെ ഫോണിലായിരുന്നു 2018 ഏപ്രിലില്‍ അവര്‍ യു.എ.ഇയുടെ കസ്റ്റഡിയിലായിരിക്കെ സോഫ്റ്റ്വെയര്‍ സ്ഥാപിച്ചത്.

2018 ഏപ്രിലില്‍ ദുബായ് വിമാനത്താവളത്തിലിറങ്ങിയ എലട്രിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് മുമ്പായി അവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തന്റെ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍, ലാപ്ടോപ്, അവയുടെ പാസ്‌വേഡുകള്‍ എന്നിവ കൈമാറിയിരുന്നു.

ഇസ്ലാമിക് മതാചാരപ്രകാരം താനും ഖഷോഗ്ജിയും 2018 ജൂണില്‍ വിവാഹിതരായവരാണ് എന്നായിരുന്നു എലട്ര് പറഞ്ഞത്.

ഇതോടെ സൗദിക്ക് പുറമെ, ഖഷോഗ്ജിയുടെ വധത്തില്‍ യു.എ.ഇക്കും പെഗാസസിനുമുള്ള പങ്കിനെക്കുറിച്ചും സംശയമുയര്‍ന്നിരിക്കുകയാണ്.

സൗദി അറേബ്യന്‍ ഭരണകൂടത്തെ നിരന്തരം വിമര്‍ശിച്ചിരുന്ന ജമാല്‍ അഹ്‌മദ് ഖഷോഗ്ജിയെ 2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏര്‍പ്പെടുത്തിയ ആളുകളായിരുന്നു ഖഷോഗ്ജിയെ വധിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനേയും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനേയും നിരന്തരം വിമര്‍ശിക്കുകയും സൗദിയുടെ യമന്‍ ഇടപെടലിനെ എതിര്‍ക്കുകയും ചെയ്തിരുന്നയാളായിരുന്നു ഖഷോഗ്ജി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more