ഖഷോഗ്ജിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി തുര്‍ക്കി പ്രസിഡന്റിന്റെ ഉപദേഷ്ടാവ്
World News
ഖഷോഗ്ജിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി തുര്‍ക്കി പ്രസിഡന്റിന്റെ ഉപദേഷ്ടാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2018, 11:13 pm

ഇസ്താംബുള്‍: മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗ്ജിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഖഷോഗ്ജിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനിന്റെ ഉപദേഷ്ടാവ് യാസിര്‍ അക്തായി പറഞ്ഞു.

മൃതദേഹം തുണ്ടം തുണ്ടം വെട്ടിയതിന് ശേഷം ആസിഡിലിടുകയായിരുന്നു. ആസിഡില്‍ ദ്രവിപ്പിക്കുന്നതിനായാണ് തുണ്ടമാക്കിയത്. മൃതദേഹം ഒരിക്കലും കണ്ടെടുക്കരുതെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ നടപടി. നിരപരാധിയായ ഒരാളെ കൊലപ്പെടുത്തിയത് ഒരു കുറ്റകൃത്യം. അതിനേക്കാള്‍ വലിയൊരു കുറ്റകൃത്യവും അനാദരവുമാണ് മരിച്ചതിന് ശേഷം ഖഷോഗിയുടെ മൃതദേഹത്തോട് ചെയ്തതെന്നും യാസിര്‍ അക്തായി പറഞ്ഞു.

 

ALSO READ: ശബരിമല തീര്‍ത്ഥാടകന്റെ മരണം; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സൗദിയും തുര്‍ക്കിയും തമ്മിലുള്ള സംയുക്ത അന്വേഷണത്തിന്റ ഭാഗമായി തുര്‍ക്കി കൈമാറിയ തെളിവുകള്‍ അനുസരിച്ച് ഖഷോഗ്ജിയുടെ കൊലപാതകം ആസൂത്രിതമായിരുന്നെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ കാര്യാലയം പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നു.

ഖഷോഗ്ജിയുടെ കൊലപാതകം രാജ്യാന്തര തലത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. പത്രപ്രവര്‍ത്തകന്റെ മരണത്തോടെ സൗദിയില്‍ അഭിപ്രായ സ്വാതന്ത്രത്തിനു വിലക്കാണെന്ന തരത്തില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.