ന്യൂദല്‍ഹി: വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് തുറന്ന കത്തുമായി എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആരെയും ഭയപ്പെടരുതെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങരുതെന്നും കത്തില്‍ പറയുന്നു. ഏകാധിപത്യ പ്രവണതകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്യോഗസ്ഥര്‍ക്ക് എഴുതിയ കത്തിലുണ്ട്.
വോട്ടെണ്ണല്‍ പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഈ കത്ത് എന്നാണ് വിലയിരുത്തുന്നത്.
‘ഈ വോട്ടെണ്ണല്‍ ദിനത്തില്‍ ഭയമോ പ്രീതിയോ ദുരുദ്ദേശമോ ഇല്ലാതെ, ഭരണഘടനക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരോടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ആരെയും ഭയപ്പെടരുത്. ഭരണഘടന വിരുദ്ധമായ ഒന്നിന് മുമ്പിലും തലകുനിക്കരുത്. ആധുനിക ഇന്ത്യയുടെ നിര്‍മാതാക്കള്‍ രചിച്ച ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി എല്ലാവരും പ്രവര്‍ത്തിക്കണം,’ മല്ലികാര്‍ജുല്‍ ഖാര്‍ഗെ ഉദ്യോഗസ്ഥര്‍ക്കെഴുതിയ കത്തില്‍ പറയുന്നു.
നേരത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ അവ വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി രണ്ട് ഹെല്‍പ് ലൈന്‍ നമ്പറുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. സുതാര്യമായ വോട്ടണ്ണല്‍ ഉറപ്പാക്കാന്‍ വിപുലമായ സംവിധാനമാണ് കോണ്‍ഗ്രസ് ഒരുക്കിയിട്ടുള്ളത്.
ദല്‍ഹിയില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിനുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അടിയന്തിര നിയമ നടപടികള്‍ സ്വീകരിക്കാനുള്ള പ്രത്യേക സംഘത്തെയും കോണ്‍ഗ്രസ് ദല്‍ഹിയില്‍ സജ്ജീകരിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
CONTENT HIGHLIGHTS: Kharge with an open letter to the counting officials