ദൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു; 'മോദിയുടെ ലോകോത്തര ഇൻഫ്രാസ്ട്രെക്ചർ'; പരിഹാസവുമായി ഖാർഗെ
ന്യൂദൽഹി: ദൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ തകർച്ചക്ക് കാരണം എൻ.ഡി.എ സർക്കാരിന്റെ അഴിമതിയും അനാസ്ഥയുമാണെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുമെന്ന മോദിയുടെ വാഗ്ദാനങ്ങൾ വെറുംവാക്കാണെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ തകർന്ന ടെർമിനൽ -1 ഭാഗം മാർച്ച് പത്തിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതായിരുന്നെന്നും ഖാർഗെ പറഞ്ഞു.
ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മണിക്കൂറുകൾക്ക് ശേഷം തന്നെ മറുപടിയുമായി ഖാർഗെ എത്തിയിരുന്നു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
‘കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മോദി സർക്കാർ നിർമിച്ച അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയുടെ കാരണം അഴിമതിയും അനാസ്ഥയുമാണ്,’ അദ്ദേഹം കുറിച്ചു.
‘ദൽഹി എയർപോർട്ടിന്റെ മേൽക്കൂര തകർന്നത്, ജബൽപൂർ വിമാനത്താവളത്തിന്റെ മേൽക്കൂര തകർച്ച, അയോധ്യയിലെ പുതിയ റോഡുകളുടെ ശോചനീയാവസ്ഥ, രാം മന്ദിർ ചോർച്ച, മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് റോഡിലെ വിള്ളലുകൾ, ബീഹാറിൽ പുതുതായി നിർമിച്ച 13 പാലങ്ങൾ പൊളിഞ്ഞ് വീഴുന്നുന്നു, പ്രഗതി മൈതാന തുരങ്കം മുങ്ങുന്നു, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്ന് പറഞ്ഞ മോദിയുടെ വാഗ്ദാനങ്ങളാണിവ,’ അദ്ദേഹം പറഞ്ഞു.
അതോടൊപ്പം മാർച്ച് പത്തിന് മോദി ദൽഹി എയർപോർട്ട് ടെർമിനൽ-1 ഉദ്ഘാടനം ചെയ്തപ്പോൾ മോദി നടത്തിയ പ്രസംഗത്തെയും അദ്ദേഹം ഉദ്ധരിച്ചു.
മാർച്ച് പത്തിന് എയർപോർട്ട് ഉദ്ഘാടനം ചെയ്ത മോദി വലിയൊരു പ്രസംഗം നടത്തിയിരുന്നു മണ്ണിൽ നിന്ന് വന്ന പച്ചയായ മനുഷ്യൻ എന്നാണ് അന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ഇതെല്ലാം കള്ളത്തരമായിരുന്നെന്ന് നമുക്കിന്ന് മനസിലാക്കാൻ സാധിക്കും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തത്തിൽ ഇരയായവർക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം വീണ്ടും മോദിയുടെ കെടുകാര്യസ്ഥതയെ വിമർശിച്ചു.
മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡൽഹി എയർപോർട്ട് ടെർമിനൽ-1 ന്റെ മേൽക്കൂര തകർന്ന് ഒരു ക്യാബ് ഡ്രൈവർ ദാരുണമായി മരണപ്പെട്ടിരുന്നു. മൂന്ന് മാസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ജബൽപൂർ വിമാനത്താവളത്തിൻ്റെ മേൽക്കൂരയും ഇന്ന് തകർന്നിരുന്നു.
Content Highlight: Kharge takes dig at Modi’s ‘world-class infra’ claim after Delhi airport roof collapse