ന്യൂ ദൽഹി: അയോധ്യയിലെ രാമ ക്ഷേത്രം സന്ദർശിക്കാൻ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ക്ഷണം ആവശ്യമില്ലെന്ന് മല്ലികാർജുൻ ഖാർഗെ. രാമ ക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് പറഞ്ഞതിന് പിന്നാലെ വിമർശനവുമായി ബി.ജെ.പി രംഗത്ത് എത്തിയതിന് പിന്നാലെയാണ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത്. വിശ്വാസികൾക്ക് ഏതു ദിവസത്തിൽ വേണമെങ്കിലും ക്ഷേത്രം സന്ദർശിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭ എം.പി അധിർ രഞ്ജൻ ചൗധരി എന്നിവരെയാണ് ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങിലേക്ക് കോൺഗ്രസിൽ നിന്നും ക്ഷണിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് ബഹുമാനത്തോടെ ഇത് നിരസിക്കുന്നതായി അറിയിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഒരു പൊളിറ്റിക്കൽ പ്രോജക്ട് എന്നാണ് കോൺഗ്രസ് ഇതിനെ വിളിച്ചത്.
വിശ്വാസമുള്ളവർക്ക് എന്ന് വേണമെങ്കിലും അയോധ്യയിൽ പോകാമെന്നും ഒരു മതവിശ്വാസത്തെയും തങ്ങൾ വേദനിപ്പിക്കുന്നില്ലെന്നും ഖാർഗെ പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലേക്ക് കോൺഗ്രസിനെ ക്ഷണിച്ചതും അതിനെ തുടർന്ന് ബി.ജെ.പി നിലവിൽ ഉണ്ടാക്കുന്ന പ്രചരണങ്ങളും പൊതു വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് ഖാർഗെ തുറന്നടിച്ചു. ഇന്ത്യയിലെ ദരിദ്ര സമൂഹം പീഡിപ്പിക്കപ്പെടുകയാണെന്നും അവരുടെ മേലാണ് തങ്ങൾ ശ്രദ്ധ കൊടുക്കുന്നതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ യുവാക്കൾക്ക് വേണ്ടി മോദി ഗവൺമെൻറ് എന്ത് ചെയ്തു? പണപ്പെരുപ്പം നിയന്ത്രിക്കാൻ എന്ത് നടപടികളാണ് അവരെടുത്തത്? ചൈന ഇന്ത്യയുടെ അതിർത്തി കയ്യേറുന്നതിനെതിരെ സർക്കാർ എന്താണ് ചെയ്തത്? ഈ ചോദ്യങ്ങളാണ് തങ്ങൾക്ക് ചോദിക്കാനുള്ളതെന്ന് പറഞ്ഞ മല്ലികാർജുൻ ഖാർഗെ, ഇന്ത്യയിലെ ദളിത്, ആദിവാസി, പിന്നോക്ക സമുദായക്കാർ, ദരിദ്രർ എന്നിവരെ കുറിച്ചാണ് തങ്ങൾക്ക് ആശങ്കയെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഹിന്ദു വിശ്വാസികൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ലെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അയോധ്യ സന്ദർശിക്കുമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. കൂടാതെ പ്രതിഷ്ഠ നടത്തുന്നത് ആചാര്യന്മാരല്ല പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം വിമർശിക്കുകയും ചെയ്തു.
പ്രതിഷ്ഠാദിനത്തിൽ കോൺഗ്രസ് പങ്കെടുക്കുന്നില്ല എന്ന പ്രസ്താവന പുറത്തുവന്നതോടുകൂടി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ബി.ജെ.പി ഉയർത്തിയത്. കോൺഗ്രസ് ഹിന്ദു വിരുദ്ധരാണെന്ന് അവർ ആരോപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വലിയ വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. 2005ൽ രാഹുൽ ഗാന്ധി ബാബറിന്റെ കല്ലറ സന്ദർശിച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. കോൺഗ്രസ് ഹിന്ദുക്കളെ മാത്രമേ വെറുക്കുന്നുള്ളുവെന്നും ഈ സന്ദേശത്തിൽ പറയുന്നു.
Content Highlights: Kharge slams ‘BJP conspiracy’, says don’t need its temple invite.