| Monday, 24th October 2022, 9:18 am

'ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കണം, മൂന്നാം മുന്നണി രൂപീകരിക്കാൻ അനുവദിക്കരുത്'; ഖാർ​ഗെയോട് തോൽ തിരുമാവളവൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കാൻ രാഷ്ട്രീയ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെട്ട് വിടുതലൈ ചിരുതൈകൾ കച്ചി പ്രസിഡന്റ് തോൽ തിരുമാവളവൻ. നിർണായക ഘട്ടത്തിലാണ് ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്.

മൂന്നാം മുന്നണി രൂപീകരിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ഖാർ​ഗെയോട് പറഞ്ഞു.

ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഭാരത് രാഷ്ട്ര സമിതിക്കും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനും വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. റാവു ബി.ജെ.പി വിരുദ്ധനാണെന്നും ബി.ജെ.പിയെ തുരത്താൻ ഐക്യമുന്നണി രൂപീകരിക്കുന്നതിന് റാവു തീർച്ചയായും പിന്തുണ നൽകുമെന്നും തിരുമാവളവൻ കൂട്ടിച്ചേർത്തു.

‘ഭാരത് രാഷ്ട്ര സമിതിക്കും (ബി.ആർ.എസ്) തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനും വ്യത്യസ്തമായ കാഴ്ചപ്പാടാണുണ്ടായിരുന്നത്. റാവു ബി.ജെ.പി വിരുദ്ധൻ കൂടിയാണ്.

ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനും ബി.ജെ.പിയെ നേരിടാൻ ഒരു ഐക്യ സേന രൂപീകരിക്കാനും അദ്ദേഹം സമ്മതിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” തിരുമാവളവൻ പറഞ്ഞു.

മനുസ്മൃതി സമൂഹത്തിനുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരു ലക്ഷം കോപ്പികൾ വിതരണം ചെയ്യാൻ വി.സി.കെ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

“മനുസ്മൃതി സമൂഹത്തിനുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സ്ത്രീകളെ കുറിച്ച് മനുസ്മൃതിയിലുള്ള പരാമർശങ്ങൾ ചർച്ച ചെയ്യപ്പെടണം.അതിനു വേണ്ടി ഒരു ലക്ഷം കോപ്പികൾ വിതരണം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്,” തിരുമാവളവൻ പറഞ്ഞു.

നവംബർ ആറിനായിരിക്കും പരിപാടി നടക്കുക. ഇതേ ദിവസം തന്നെ ആർ.എസ്.എസും റാലി നടത്താൻ തീരുമാനിച്ചിരുന്നു. സി.പി.ഐ, സി.പി.ഐ.എം നേതാക്കളുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ റാലിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നേരത്തെ രം​ഗത്തെത്തിയിരുന്നു.

മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ചും സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇരു കേസുകളിലും കമ്മീഷനുകളുടെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി തുടരന്വേഷണ സാധ്യതകൾ പരിശോധിക്കണമെന്നും തിരുമാവളവൻ പറഞ്ഞു.

“മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന്റെയും, സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് അരുണ ജഗദീശൻ കമ്മീഷന്റെയും റിപ്പോർട്ടുകൾ സർക്കാർ പരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തുടരന്വേഷണത്തിന്റെ സാധ്യത പരിശോധിക്കണം,“ അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Kharge should work to form an anti-BJP front: Thola Thirumavalavan

We use cookies to give you the best possible experience. Learn more