ബംഗളുരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പണ്ടേ മുഖ്യമന്ത്രി പദം അലങ്കരിക്കേണ്ട വ്യക്തിയായിരുന്നെന്നെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഖാര്‍ഗെ മുഖ്യമന്ത്രിയാവാത്തതിന് സംസ്ഥാനത്തെ രാഷ്ട്രീയക്കാര്‍ക്കാണ് ഉത്തരവാദിത്വമെന്നും കുമാരസ്വാമി പറഞ്ഞു.
‘നമ്മള്‍, ഈ സംസ്ഥാത്തെ രാഷ്ട്രീയക്കാര്‍ക്കാണ് അദ്ദേഹം മുഖ്യമന്ത്രി ആവാഞ്ഞതിന്റെ ഉത്തരവാദിത്വം’- ഖാര്‍ഗെ വേദിയിലിരിക്കെ കുമാരസ്വാമി റഞ്ഞു. നിരവധി തവണ മുഖ്യമന്ത്രി പദത്തിലേക്ക് ഖാര്‍ഗെയുടെ പേര് ഉയര്‍ന്നു വന്നെങ്കിലും ഖാര്‍ഗെയ്ക്ക് അതിന് സാധിക്കാതെ പോവുകയായിരുന്നു.
മെയ് 23ന് ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ കൂടുതല്‍ ശക്തമാവുമെന്നും കുമാരസ്വാമി പറഞ്ഞു. ‘തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ താഴെയിറങ്ങുമെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. ഒന്നും സംഭവിക്കില്ല. മാത്രമല്ല, സിദ്ധരാമയ്യയെ പോലെയും ഖാര്‍ജെയെ പോലെയുമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ മെയ് 23ന് ശേഷം സര്‍ക്കാര്‍ കൂടുതല്‍ ശക്തമാവും’- കുമാരസ്വാമി പറഞ്ഞു.
കര്‍ണാടകയില്‍ തങ്ങള്‍ ഭരണം അട്ടിമറിക്കുമെന്ന് ബി.ജെ.പിയുടെ യെദ്യൂരപ്പ നിരവധി തവണ സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസിലെ സിദ്ധരാമയ്യ 13 ബി.ജെ.പി എം.എല്‍.എമാരുമായും ഏഴ് ജെ.ഡി.എസ് എം.എല്‍.എമാരുമായി ചര്‍ച്ച നടത്തുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ ചാമുണ്ഡേശ്വരിയില്‍ ജെ.ഡി.എസ് നേതാവായ ജി.ടി ദേവഗൗഡയോട് തോറ്റ സിദ്ധരാമയ്യയ്ക്ക് പിന്നീട് സഖ്യ സര്‍ക്കാര്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പദം കുമാരസ്വാമിയ്ക്ക് വിട്ടു നല്‍കേണ്ടി വന്നിരുന്നു.
ഭരണത്തില്‍ നിന്ന് കുമാരസ്വാമിയുടെ ജെ.ഡി.എസിനെ പുറത്താക്കി ഭരണം തിരിച്ചു പിടിക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമം എന്ന് ആരോപണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ പുതിയ പ്രസ്താവന.