| Wednesday, 26th July 2023, 3:01 pm

ഒരു വശത്ത് മോദിയുടെ പരിഹാസം, അപ്പുറത്ത് സഹകരിക്കുമെന്ന് നിങ്ങള്‍ പറയുന്നു; അമിത് ഷായോട് ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കത്തിന് മറുപടി നല്‍കി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളെ തീവ്രവാദ സംഘടനകളുമായി ഉപമിക്കുമ്പോഴാണ് ആഭ്യന്തര മന്ത്രി കത്തയക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. ഇത് ബി.ജെ.പിക്കകത്തെ വിടവാണ് കാണിക്കുന്നതെന്നും അദ്ദേഹം അമിത് ഷാക്കയച്ച മറുപടി കത്തില്‍ പറഞ്ഞു.

‘ഞങ്ങളെ തീവ്രവാദ സംഘടനകളുമായി പ്രധാനമന്ത്രി മോദി താരതമ്യം ചെയ്ത ദിവസം തന്നെയാണ് പ്രതിപക്ഷവുമായി സഹകരിക്കാമെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രി കത്തയക്കുന്നത്. വര്‍ഷങ്ങളായി പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ വിടവ് നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സര്‍ക്കാരിലും വിടവ് കാണുകയാണ്. ‘ഇന്ത്യ’യെ ദിശാബോധമില്ലാത്തവരാണെന്ന് മോദി വിളിക്കുന്നത് നിര്‍ഭാഗ്യകരമാണ്,’ ഖാര്‍ഗെ പറഞ്ഞു.

മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സഭയില്‍ വന്ന് സംസാരിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

‘മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സഭയില്‍ വന്ന് സംസാരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഈ രാജ്യത്തെ ജനങ്ങളോട് ഞങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ട്. അതിന് എന്ത് വിലയും ഞങ്ങള്‍ നല്‍കും.

നിങ്ങളുടെ കത്തിന് വിരുദ്ധമാണ് പാര്‍ലമെന്റിലെ സര്‍ക്കാരിന്റെ മനോഭാവം. ഇത് പുതിയ കാര്യമല്ല. അംഗങ്ങളെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു. പ്രതിപക്ഷം എല്ലായ്‌പ്പോഴും ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കുന്നു. എന്നാല്‍ അത് അനുവദിക്കുന്നില്ല.

പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കണമെന്ന് ഭരണപക്ഷം ആഗ്രഹിക്കുന്നുവെങ്കില്‍, പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കണം,’ ഖാര്‍ഗെ പറഞ്ഞു.

കഴിഞ്ഞ ദിവസം അമിത് ഷാ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും അധീര്‍ രഞ്ജന്‍ ചൗധരിക്കും കത്തയച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പാര്‍ട്ടിക്ക് അതീതമായുള്ള ഒരു സഹകരണം ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നും തേടുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്ന പേരുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ പരിഹസിച്ച് മോദി സംസാരിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ ഇന്നലെ തന്നെ ഖാര്‍ഗെ രംഗത്തെത്തിയിരുന്നു.

‘നമ്മള്‍ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സഭയ്ക്ക് പുറത്ത് പ്രധാനമന്ത്രി ‘ഇന്ത്യയെ’ ‘ഈസ്റ്റ് ഇന്ത്യാ കമ്പനി’ എന്ന് വിളിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ഭാരത മാതാവിനൊപ്പമാണ്.

ബി.ജെ.പിയുടെ രാഷ്ട്രീയ പിന്‍ഗാമികളായിരുന്നു ബ്രിട്ടീഷുകാരുടെ അടിമകള്‍. പ്രധാനമന്ത്രി മോദി, നിങ്ങളുടെ വാക്ചാതുര്യം കൊണ്ട് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുന്നത് അവസാനിപ്പിക്കൂ,’ എന്നാണ് ഖാര്‍ഗെ പറഞ്ഞത്.

content highlights: KHARGE LETTER TO AMIT SHAH

We use cookies to give you the best possible experience. Learn more