| Tuesday, 15th August 2023, 12:26 pm

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കാതെ ഖാര്‍ഗെ; വീഡിയോയിലൂടെ മോദിയെ വിമര്‍ശിച്ച് പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 77ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ നിന്ന് വിട്ട് നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പകരം മുന്‍ പ്രധാനമന്ത്രിമാരുടെ പ്രാധാന്യത്തെക്കുറിച്ചും നിലവിലെ സര്‍ക്കാരിന്റെ പ്രതിപക്ഷ വേട്ടയാടലിനെ കുറിച്ചുമുള്ള റെക്കോര്‍ഡ് ചെയ്ത വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തു.

ചെങ്കോട്ടയില്‍ ഖാര്‍ഗെയുടെ പേരിലുള്ള സീറ്റ് ഒഴിഞ്ഞ് കിടക്കുന്ന ചിത്രങ്ങളും മാധ്യമങ്ങള്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം ഖാര്‍ഗെയ്ക്ക് സുഖമില്ലാത്തത് കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, മൗലാന ആസാദ്, രാജേന്ദ്ര പ്രസാദ്, സരോജിനി നായിഡു, ബി.ആര്‍. അംബേദ്ക്കര്‍ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെയും അദ്ദേഹം വീഡിയോയിലൂടെ അനുസ്മരിച്ചു.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, രാജീവ് ഗാന്ധി, പി.വി. നരസിംഹ രാവു, മന്‍മോഹന്‍ സിങ് തുടങ്ങിയ പ്രധാനമന്ത്രിമാര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ബി.ജെ.പി നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാ പ്രധാനമന്ത്രിമാരും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങളായി മാത്രമേ ഇന്ത്യ പുരോഗതി കണ്ടിട്ടുള്ളുവെന്നാണ് ഇന്ന് ചിലര്‍ പറയാന്‍ ശ്രമിക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയിയടക്കം എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തെക്കുറിച്ച് ചിന്തിക്കുകയും പുരോഗതിക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇന്ന് ജനാധിപത്യവും ഭരണഘടനയും സ്വയംഭരണ സ്ഥാപനങ്ങളും ഗുരുതരമായ ഭീഷണിയിലാണെന്ന് ഞാന്‍ വേദനയോടെ പറയുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി എന്നിവയ്‌ക്കൊപ്പം ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുര്‍ബലപ്പെടുത്തുന്നു. പ്രതിപക്ഷ എം.പിമാരെ കബളിപ്പിക്കുകയും സസ്പെന്‍ഡ് ചെയ്യുകയും മൈക്കുകള്‍ നിശബ്ദമാക്കുകയും പ്രസംഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു,’ ഖാര്‍ഗെ പറഞ്ഞു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം), എയിംസ്, ബഹിരാകാശ, ആറ്റോമിക് ഗവേഷണം എന്നിവയുടെ സൃഷ്ടികള്‍ രാജ്യത്തിന്റെ പുരോഗതിയുടെ അടയാളങ്ങളാണെന്ന് ഖാര്‍ഗെ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ കല, സംസ്‌കാരം, സാഹിത്യം എന്നിവയെ പ്രോത്സാഹിപ്പിച്ചത് നെഹ്റുവാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മോദിയുടെ പ്രധാന മന്ത്രങ്ങളിലൊന്നായ ‘ആത്മ നിര്‍ഭര’യി ഇന്ത്യയെ മാറ്റിയത്
ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

‘മഹാന്മാരായ നേതാക്കള്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ വേണ്ടി മുന്‍കാല ചരിത്രം മായ്ച്ചിട്ടില്ല. എന്നാല്‍ മോദി എല്ലാം പുനര്‍നാമകരണം ചെയ്യാന്‍ ശ്രമിക്കുകയാണ്. അവര്‍ പഴയ പദ്ധതികളുടെയും അടിസ്ഥാന സൗകര്യ പദ്ധതികളുടെയും പേരുമാറ്റി. അവരുടെ സ്വേച്ഛാധിപത്യ വഴികളിലൂടെ ജനാധിപത്യത്തെ കീറിമുറിക്കുകയാണ്.

ഇപ്പോള്‍ അവര്‍ രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്ന പഴയ നിയമങ്ങളുടെ പേരും മാറ്റുന്നു. ആദ്യം അവര്‍ ‘അച്ചാ ദിന്‍’ പറഞ്ഞു വന്നു. പിന്നെ അമൃത് കാല്‍ കൊണ്ടു വന്നു. അവര്‍ തങ്ങളുടെ പരാജയങ്ങള്‍ മറയ്ക്കാന്‍ പേരുകള്‍ മാറ്റുന്നില്ലേ?’ ഖാര്‍ഗെ ചോദിച്ചു.

അതേസമയം മോദി തന്റെ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കൊണ്ടാണ് പ്രസംഗിച്ചത്.

‘കഴിഞ്ഞ 75 വര്‍ഷമായി ചില പ്രശ്നങ്ങള്‍ നമ്മുടെ സംവിധാനത്തിന്റെ ഭാഗമായി മാറി. ചില പാര്‍ട്ടികള്‍ രാജവംശ രാഷ്ട്രീയമാണ് പിന്തുടരുന്നത്. പാര്‍ട്ടിയെ, കുടുംബത്തിന്റെ, കുടുംബത്താലുള്ള, കുടുംബത്തിന് വേണ്ടിയുള്ളതാക്കി മാറ്റി,’ കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.

അതേസമയം പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ ആദ്യമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്ത് പതാകയുയര്‍ത്തി. തന്റെ പ്രസംഗത്തിലൂടെയും അദ്ദേഹം സര്‍ക്കാരിനെ വിമര്‍ശിച്ചു.

CONTENT HIGHLIGHTS: KHARGE DO NOT PARTICIPATE INDEPENDENCE DAY PROGRAMME AT RED FORT

We use cookies to give you the best possible experience. Learn more